വി.ആര്‍. സന്തോഷിന്റെ കവിത ‘സ്വന്തം പുകച്ചുരുള്‍കാമിനി’

Premium
Art
ചിത്രീകരണംSource by : സചീന്ദ്രന്‍ കാറഡുക്ക
Last Updated :15 May 2026, 10:38 am IST

News Now

ഒരായുഷ്‌കാലം ശേഷം

ശവപ്പെട്ടി തുറന്നു കാണുമ്പോള്‍

മേക്കപ്പിനു ചെലവാക്കിയ

തുക മുതല്‍

അവസാനം ഓമനിച്ച

ചുണ്ടുകള്‍വരെ ഓര്‍മവന്നു

അത്ഭുതങ്ങളൊന്നും സംഭവിക്കാത്ത

അസ്ഥികളും തലയോടുമായ്

വിസ്തരിച്ചു കിടക്കുന്നു

മറ്റൊന്നും അവിടെ ഇല്ല

ഇരുട്ട് വേണ്ടത്ര ഉണ്ടെങ്കിലും

സവാരിക്കുള്ള രാത്രി ആയിട്ടില്ല

ഓരിയുടെ സൗണ്ട് ട്രാക്ക്

ഓണായിട്ടില്ല

ഭയത്തിന്റെ പക്ഷി

വളരുന്നതേയുള്ളൂ

ആര്‍ച്ചുകളും കൊട്ടാരവും പണിയാന്‍

ആര്‍ട്ടിസ്റ്റ് സുജാതനെ ഏല്പിച്ചിട്ടുണ്ടെങ്കിലും

അളവെടുത്തു കഴിഞ്ഞിട്ടില്ല

പുകമഞ്ഞിനും

പാഴ്‌വഴിക്കും ഉള്ള കോണ്‍ട്രാക്റ്റ്

പാസായി വരുന്നതേയുള്ളൂ

പരമ്പരാഗതമായി ധരിക്കാറുള്ള കോട്ട്

വാടകയ്ക്ക് പറഞ്ഞിട്ടുണ്ട്

ഇവയെല്ലാം ഒത്തുവരുമ്പോള്‍

ബെല്ലടിക്കാന്‍

വര്‍ക്കി മകന്‍

പൗലോ ഇന്തിയാസ്

ഇക്കാറസിനെ ഏല്പിച്ചിട്ടുണ്ട്

ആവുമ്പോള്‍ ആവട്ടെ

കോറസിന് ആവശ്യമായ ആളുകള്‍ വേണം

ഇടവേളകളില്‍ ഫ്യൂസ് ഊരാന്‍

ലൈന്‍മാനോടു പറയണം

ഇതാണ് ശവപ്പെട്ടിയില്‍നിന്നും അറിയിച്ചത്

ഓരോ ചലനവും

ഓരോ ആവര്‍ത്തനങ്ങളായതുകൊണ്ട്

ഓര്‍ത്തെടുക്കാന്‍ കഴിയുന്നവര്‍ക്ക്

എളുപ്പമാണെങ്കിലും

നെടുംപുരയ്ക്കല്‍ കാമിനിക്ക്

അവശേഷിപ്പുകളായിട്ടാണ് തോന്നിയത്

എന്തിനാണ് അയാള്‍ വീട്ടിലേക്കു കയറിവന്നത്?

എന്റെ മുറിയിലേക്കു കടന്നുവന്നത്?

ഒരിക്കല്‍ അയാള്‍ തിരസ്കൃതനായിരുന്നു

ഞാന്‍ തിരസ്കൃതയും

എങ്കിലും എന്നോടൊപ്പം കഴിയാന്‍

ആളുകളുണ്ട്

ഇനിയും ഒരു വിസ്മയത്താല്‍

ഞെട്ടിക്കാന്‍

നിങ്ങള്‍ ഒരു *കിന്‍സിയല്ലാത്തിടത്തോളം കാലം

---

ലോകസിനിമയിലെ ക്ലാസിക് കഥാപാത്രമായ നോസ്‌ഫെരാതുവിനെ (രക്തരക്ഷസ്) കേരളീയ പശ്ചാത്തലത്തില്‍ ആവിഷ്കരിക്കാനുള്ള ശ്രമമാണ് ഈ കവിത. നമ്മള്‍ മരണാനന്തര ചടങ്ങുകള്‍പോലും സിനിമാസെറ്റുപോലെ കാണാന്‍ തുടങ്ങിയിരിക്കുന്നു എന്നുകൂടി സൂചിപ്പിക്കുന്നു. 1979-ലെ വെണര്‍ ഹെര്‍സോഗ് സിനിമയായ ‘നോസ്‌ഫെരാതു ദ വാം പയറില്‍’ രക്ഷരക്ഷസ്സായി അഭിനയിച്ച ക്ലോസ് കിന്‍സിയെപ്പോലെ വിസ്മയിപ്പിക്കാന്‍ കഴിയാത്തവര്‍ക്ക് തന്റെ ലോകത്തേയ്ക്ക് എന്തിനാണ് പ്രവേശനം നല്‍കേണ്ടത് എന്ന ചോദ്യവും ഉന്നയിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates