ഈ സാഹചര്യത്തില്‍ ആരേയും കുറ്റപ്പെടുത്തുന്നില്ല,അവര്‍ക്ക് അവരുടേതായ കാര്യങ്ങളുണ്ടാകും

Last Updated :22 January 2024, 7:49 pm IST

News Now

കൊച്ചി: ക്രിക്കറ്റ് കളിക്കുന്നതില്‍ നിന്ന് ബിസിസിഐ ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയ നടപടി ഹൈക്കോടതി റദ്ദ് ചെയ്തതില്‍ സന്തോഷമുണ്ടെന്ന് ശ്രീശാന്ത്. ഇന്ത്യന്‍ ടീമിനെ പറ്റി ഇപ്പോള്‍ ആലോചിക്കുന്നില്ലായെന്നും ലക്ഷ്യം കേരള രഞ്ജി ടീമാണെന്നും കോടതിയില്‍ നിന്ന് പുറത്തിറങ്ങിയ ശ്രീശാന്ത് മാധ്യമങ്ങളോട് പറഞ്ഞു. ഫിറ്റ്‌നസ് വീണ്ടെടുക്കാനാണ് ശ്രമിക്കുന്നത്. കേരള ടീമില്‍ കളിക്കാന്‍ കഴിയണം. അദ്ദേഹം പറഞ്ഞു.

ഈ സാഹചര്യത്തില്‍ ആരേയും കുറ്റപ്പെടുത്തുന്നില്ല,അവര്‍ക്ക് അവരുടേതായ കാര്യങ്ങളുണ്ടാകും. കൂടെ നിന്ന എല്ലാവര്‍ക്കും നന്ദിയെന്നും ശ്രീശാന്ത് പറഞ്ഞു. 

വിലക്ക് നിലനില്‍ക്കുന്നതിനാല്‍ ആഭ്യന്തര മത്സരങ്ങളില്‍ പോലും കളിക്കാന്‍ ആകുന്നില്ലെന്ന് ചൂണ്ടുക്കാട്ടിയാണ് ശ്രീശാന്ത് കോടതിയെ സമീപിച്ചത്. ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ 2013 മേയില്‍ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് ബിസിസിഐ ശ്രീശാന്തിനെ വിലക്കിയത്. പിന്നീട് പട്യാല കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിരുന്നു.

ബിസിസിഐ അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ടുകള്‍ക്ക് ആധാരമാക്കിയതു ഡല്‍ഹി പൊലീസ് നല്‍കിയ വിവരങ്ങളാണെന്നും പൊലീസിന്റെ വാദങ്ങള്‍ തള്ളി പട്യാല സെഷന്‍സ് കോടതി തന്നെ കേസില്‍ കുറ്റവിമുക്തനാക്കിയതാണെന്നും ഹര്‍ജിയില്‍ ശ്രീശാന്ത് വ്യക്തമാക്കിയിരുന്നു. ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ ബിസിസിഐ വീഴ്ച വരുത്തിയെന്ന് കോടതി നിരീക്ഷിച്ചു. കേസ് തള്ളിപ്പോയതിനാല്‍ വിലക്ക് നിലനില്‍ക്കില്ലായെന്നും കോടതി നിരീക്ഷിച്ചു. വിലക്കിനാധാരമായ കാരണം തന്നെ ഇല്ലാതായെന്നും പിന്നെന്തിന് വിലക്കെന്നും കോടതി ചോദിച്ചു. വിധിയില്‍ സന്തോഷമുണ്ടെന്ന് ശ്രീശാന്തിന്റെ അമ്മ പ്രതികരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലക്ഷ്യം കേരള ടീം;ആരേയും കുറ്റപ്പെടുത്താനില്ല: ശ്രീശാന്ത്