
22 റിവ്യൂകള്‍, ഒന്നുപോലും വിജയിച്ചില്ല; ജഡേജയെ വിടാതെ 'ഡിആര്‍എസ് ഭൂതം'
2023 ജൂലൈയില്‍ കെമര്‍ റോച്ചിനെ പുറത്താക്കിയപ്പോഴാണ് ജഡേജ ഒടുവില്‍ ഒരു ഡിആര്‍എസ് റിവ്യൂ വിജയകരമായി സ്വന്തമാക്കിയത്

ടെസ്റ്റ് ക്രിക്കറ്റില്‍ ബൗളര്‍മാരുടെ ഡിസിഷന്‍ റിവ്യൂ സിസ്റ്റത്തില്‍ ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ നിര്‍ഭാഗ്യം തുടരുന്നു. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ എടുത്ത റിവ്യൂവും പരാജയപ്പെട്ടതോടെ തുടര്‍ച്ചയായ 22-ാമത്തെ ഡിആര്‍എസ് പരാജയത്തിന്റെ ഭാഗമായിരിക്കുകയാണ് ജഡേജ. ചൊവ്വാഴ്ച ലങ്കന്‍ ബാറ്റര്‍ കെഷാര നുവാന്തയ്ക്കെതിരെ എല്‍ബിഡബ്ല്യുവിനായി അപ്പീല്‍ ചെയ്ത ജഡേജ, ക്യാപ്റ്റനെ നിര്‍ബന്ധിച്ച് റിവ്യൂ എടുപ്പിക്കുകയായിരുന്നു. എന്നാല്‍ റീപ്ലേകളില്‍ പന്ത് ഇന്‍സൈഡ് എഡ്ജ് തട്ടിയിട്ടുണ്ടെന്ന് വ്യക്തമായി. ഇതോടെ ഇന്ത്യയുടെ റിവ്യൂ നഷ്ടപ്പെടുകയായിരുന്നു.
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ്, 2023 ജൂലൈയില്‍ ഡൊമിനിക്കയില്‍ വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് മത്സരത്തില്‍ കെമര്‍ റോച്ചിനെ പുറത്താക്കിയപ്പോഴാണ് ജഡേജ ഒടുവില്‍ ഒരു ഡിആര്‍എസ് റിവ്യൂ വിജയകരമായി സ്വന്തമാക്കിയത്. അന്ന് അമ്പയര്‍ 'നോട്ട് ഔട്ട്' വിധിച്ചെങ്കിലും ജഡേജ ക്യാപ്റ്റനെ പറഞ്ഞ് സമ്മതിപ്പിച്ച് റിവ്യൂ എടുക്കുകയും തീരുമാനം മാറ്റിമറിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതിനുശേഷം ജഡേജയ്ക്ക് ഡിആര്‍എസ് വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല. തുടര്‍ച്ചയായി എടുത്ത 22 റിവ്യൂകളിലും താരം പരാജയപ്പെട്ടു. ഇതില്‍ നാലെണ്ണം 'അമ്പയേഴ്സ് കോള്‍' ആയി അവസാനിച്ചപ്പോള്‍, ബാക്കിയുള്ള 18 തവണയും ഇന്ത്യക്ക് റിവ്യൂ നഷ്ടപ്പെടുകയായിരുന്നു.
ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 350 വിക്കറ്റുകള്‍ തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ ഇടംകൈയ്യന്‍ ബൗളര്‍ എന്ന നേട്ടം ജഡേജ സ്വന്തമാക്കിയിരുന്നു. 311 വിക്കറ്റുകള്‍ നേടിയ മുന്‍ പേസര്‍ സഹീര്‍ ഖാനാണ് ഈ പട്ടികയില്‍ ജഡേജയ്ക്ക് പിന്നിലുള്ളത്. കൂടാതെ, ടെസ്റ്റില്‍ 350 വിക്കറ്റുകള്‍ തികയ്ക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് 37കാരനായ ജഡേജ. അനില്‍ കുംബ്ലെ (619), രവിചന്ദ്രന്‍ അശ്വിന് (537), കപില്‍ ദേവ് (434), ഹര്ഭജന് സിങ് (417) എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റു താരങ്ങള്‍.
ക്രിക്കറ്റ് ചരിത്രത്തില്‍ ഇടംകൈയ്യന്‍ സ്പിന്നര്‍മാരില്‍ രംഗന ഹെരാത് (433), ഡാനിയല്‍ വെട്ടോറി (362) എന്നിവര്‍ക്ക് ശേഷം ഈ നാഴികക്കല്ല് പിന്നിടുന്ന മൂന്നാമത്തെ താരവുമാണ് ജഡേജ. ഇതിനിടയില്‍ മറ്റൊരു ചരിത്രനേട്ടവും താരം സ്വന്തമാക്കിയിരുന്നു. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ 4000ല്‍ അധികം റണ്‍സും 350ലേറെ വിക്കറ്റുകളും സ്വന്തമാക്കുന്ന നാലാമത്തെ മാത്രം താരമായി ജഡേജ മാറി. കപില്‍ ദേവ് (5248 റണ്‍സ്, 434 വിക്കറ്റ്), ഇയാന്‍ ബോതം (5200 റണ്‍സ്, 383 വിക്കറ്റ്), ഡാനിയല്‍ വെട്ടോറി (4531 റണ്‍സ്, 362 വിക്കറ്റ്) എന്നിവരാണ് ജഡേജയ്ക്ക് മുന്നിലുള്ളത്.
അതേസമയം, രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറിനരികെയാണ് ശ്രീലങ്ക. ഒന്നാം ഇന്നിങ്സില്‍ 290ന് പുറത്തായ ലങ്ക, നിലവില്‍ ഫോളോ ഓണ്‍ ചെയ്യുകയാണ്. മൂന്നാംദിനം അവസാന സെഷന് പുരോഗമിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സാണ് അവര്‍ നേടിയിട്ടുള്ളത്. 91 റണ്‍സുമായി പസിന്ദു സൂര്യബന്ദാരയും സോനല്‍ ദിനുഷയുമാണ് ക്രീസില്‍. 9ന് 503 എന്ന നിലയില്‍ ഇന്ത്യ ഒന്നാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തിരുന്നു.
WHAT TO READ NEXT

'ആ 2 താരങ്ങളോടുള്ള ഗംഭീറിന്റെ പെരുമാറ്റം ശരിയായില്ല'
WHAT TO READ NEXT

'ഇടിവെട്ട് ബാറ്റിങ്'! 53 പന്തിൽ 93 റൺസ്, 'നായകൻ' വത്സൽ ഗോവിന്ദ്
News Now
പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം

ദീര്‍ഘദൂര യാത്രയ്ക്ക് പോകുകയാണോ?, ട്രാവല്‍ ഇന്‍ഷുറന്‍സ് മറക്കരുത്; പ്രീമിയം തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ആറു കാര്യങ്ങള്‍

'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

Summary
22 Reviews, 0 Success: Ravindra Jadeja's DRS Nightmare Refuses To End
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



