തിരിച്ചടിച്ച് ഇന്ത്യയുടെ ഉജ്ജ്വല മറുപടി; ഇംഗ്ലണ്ടിന് ലക്ഷ്യം 368 റണ്‍സ്

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 8:48 am IST

News Now

ലണ്ടന്‍: നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മുന്നില്‍ 368 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഉജ്ജ്വലമായി തിരിച്ചടിച്ച് ഇന്ത്യ. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ പോരാട്ടം 466 റണ്‍സില്‍ അവസാനിച്ചു. വാലറ്റത്ത് ഉമേഷ് യാദവ്, ബുമ്‌റ എന്നിവരും മികച്ച സംഭാവന നല്‍കിയതോടെയാണ് ഇന്ത്യ ലീഡ് 350 കടത്തിയത്. 

ഉമേഷ് 23 പന്തില്‍ രണ്ട് സിക്‌സും ഒരു ഫോറും സഹിതം 25 റണ്‍സെടുത്തു. ബുമ്‌റ 24 റണ്‍സും കണ്ടെത്തി. ഇതോടെയാണ് ഇന്ത്യന്‍ സ്‌കോര്‍ 466ലേക്ക് കുതിച്ചത്. മുഹമ്മദ് സിറാജ് മൂന്ന് റണ്‍സുമായി പുറത്താകാതെ നിന്നു. 

ഏഴ്, എട്ട് സ്ഥാനങ്ങളില്‍ ഇറങ്ങിയ ശാര്‍ദുല്‍ ഠാക്കൂര്‍, ഋഷഭ് പന്ത് എന്നിവര്‍ അര്‍ധ ശതകം നേടിയതും ഇന്ത്യയ്ക്ക് കരുത്തായി. ഇരുവരും ചേര്‍ന്ന് 100 റണ്‍സിന്റെ കൂട്ടുകെട്ടാണ് സ്ഥാപിച്ചത്. 72 പന്തുകള്‍ നേരിട്ട് ഏഴ് ഫോറുകളും ഒരു സിക്‌സും സഹിതം 60 റണ്‍സുമായി ശാര്‍ദുല്‍ പുറത്തായി. പിന്നാലെ റഷഭ് പന്തും അര്‍ധ ശതകം പിന്നിട്ടു. 

ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയെ 191 റണ്‍സില്‍ പുറത്താക്കിയ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 290 റണ്‍സ് നേടി നേരിയ ലീഡ് സ്വന്തമാക്കിയിരുന്നു. 

നേരത്തെ രോഹിത് ശര്‍മ നേടിയ (127) സെഞ്ച്വറിയും ചേതേശ്വര്‍ പൂജാര നടത്തിയ ചെറുത്തു (61) നില്‍പ്പുമാണ് ഇന്ത്യക്ക് കരുത്തായത്. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും (44) മികച്ച ബാറ്റിങ് പുറത്തെടുത്തു. 

അജിന്‍ക്യ രഹാനെ അതേസമയം നിരാശപ്പെടുത്തി. താരം സംപൂജ്യനായി മടങ്ങി. ജഡേജ 17 റണ്‍സുമായി മടങ്ങി. പിന്നീട് ഏഴാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഋഷഭ് പന്ത്- ശാര്‍ദുല്‍ സഖ്യം ഇന്ത്യക്ക് കരുത്തായി മാറുന്ന കാഴ്ചയായിരുന്നു. 

ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ഒലി റോബിന്‍സന്‍, മൊയീന്‍ അലി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ക്രെയ്ഗ് ഓവര്‍ടന്‍, ജോ റൂട്ട്, ജെയിംസ് ആന്‍ഡേഴ്‌സന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates