റോയൽ ചലഞ്ചേഴ്സ് ബം​ഗളൂരുവിൽ ഒരുമിച്ചു കളിച്ച ഇരു താരങ്ങളും വലിയ സുഹൃത്തുക്കളാണ്

AB De Villiers and Virat Kohli with ipl Trophy
(Virat Kohli)Source by : x
Last Updated :15 June 2025, 9:41 pm IST

News Now

ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ബാറ്റർ വിരാട് കോഹ്‍ലി (Virat Kohli) മാസങ്ങളോളം തന്നോടു മിണ്ടിയിരുന്നില്ലെന്നു വെളിപ്പെടുത്തി ഇതിഹാസ ദക്ഷിണാഫ്രിക്കൻ ബാറ്റർ എബി ഡിവില്ല്യേഴ്സ്. റോയൽ ചലഞ്ചേഴ്സ് ബം​ഗളൂരുവിൽ ഒരുമിച്ചു കളിച്ച ഇരു താരങ്ങളും വലിയ സുഹൃത്തുക്കൾ കൂടിയാണ്. കോഹ്‍ലിയും അനുഷ്കയും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്നു ഡിവില്ല്യേഴ്സ് വെളിപ്പെടുത്തിയതാണ് പിണക്കത്തിനു കാരണമായതെന്നും കോഹ്‍ലി വീണ്ടും സംസാരിച്ചു തുടങ്ങിയതോടെ വലിയ ആശ്വാസമായെന്നും ഡിവില്ല്യേഴ്സ് വ്യക്തമാക്കി.

'കഴിഞ്ഞ ആറ് മാസമായി ഞാനും കോഹ്‍ലിയും ബന്ധപ്പെടുന്നുണ്ട്. ദൈവത്തിനു നന്ദി പറയുന്നു. കാരണം അവരുടെ രണ്ടാമത്തെ കുഞ്ഞി ജനിക്കാനിരുന്നപ്പോൾ എനിക്കു ഒരു വീഴ്ച സംഭവിച്ചിരുന്നു. അദ്ദേഹം വീണ്ടും സംസാരിച്ചതോടെയാണ് എനിക്കു വലിയ ആശ്വാസമായത്'- ഡിവില്ല്യേഴ്സ് വ്യക്തമാക്കി.

കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് കോഹ്‍ലി- അനുഷ്ക ​ദമ്പതികൾക്ക് രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. ഇതുമായി ബന്ധപ്പെട്ട് കോഹ്‍ലി പല തവണ ഇന്ത്യൻ ടീമിൽ നിന്നു മാറി നിന്നിരുന്നു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു അന്നു സൂപ്പർ താരം അവധിയെടുത്തത്. ഇത് വലിയ തോതിൽ ചർച്ചയുമായിരുന്നു. അതിനു പിന്നിലെ കാരണങ്ങൾ അന്നു വ്യക്തമായിരുന്നില്ല. ഒരു ഘട്ടത്തിൽ കോഹ്‍ലിയുടെ അമ്മയ്ക്കു അസുഖമായതിനാണ് താരം അവധി എടുക്കുന്നത് എന്ന തെറ്റായ പ്രചാരണം വരെ നടന്നു.

കോഹ്‍ലി- അനുഷ്ക ​ദമ്പതികൾ രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുകയാണെന്ന വെളിപ്പെടുത്തലുമായി അതിനിടെ ഡിവില്ല്യേഴ്സ് രം​ഗത്തു വന്നു. ഇതോടെയാണ് താരം അവധി എടുക്കുന്നതിന്റെ കാരണങ്ങൾ വ്യക്തമായത്. കോഹ്‍ലി കുടുംബത്തോടൊപ്പം സമയം ചെലവിടുകയാണെന്നും കുടുംബത്തിനു മുൻ​ഗണന നൽകുന്ന കോഹ്‍ലിയെ അഭിനന്ദിക്കുന്നതായും ഡിവില്ല്യേഴ്സ് വ്യക്തമാക്കിയിരുന്നു. എന്നാൽ ദക്ഷിണാഫ്രിക്കൻ താരത്തിന്റെ വെളിപ്പെടുത്തലും വിവാദമായതോടെ താരം ഖേ​ദം പ്രകടിപ്പിച്ചു രം​ഗത്തെത്തി.

2017ലാണ് കോഹ്‍ലി- അനുഷ്ക ​വിവാഹം. 2021ലാണ് ആദ്യ കുഞ്ഞ് വാമിക ജനിക്കുന്നത്. കഴിഞ്ഞ വർഷമാണ് ആൺകുഞ്ഞ് അകായ് ജനിച്ചത്.