ലോകകപ്പില്‍ ഇന്ത്യ-പാക് പോരാട്ടം ഒന്നല്ല, മൂന്ന് തവണ വരെ കാണാം; സാധ്യതകള്‍ ഇങ്ങനെ

ഒക്ടോബര്‍ രണ്ടിന് തുടങ്ങുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ നവംബര്‍ 21നാണ്. 12 വേദികളിലായി ആകെ 57 മത്സരങ്ങളുണ്ടാകും.

kohli vs pakistan
Virat Kohli batting against PakistanGetty
Edited by :ബിജീഷ് ബാലകൃഷ്ണൻ
Last Updated :2 ഒക്ടോബർ 2026, 7:10 am IST

ഇന്ത്യ-പാകിസ്ഥാന്‍ മത്സരം കാണാന്‍ ആവേശത്തോടെ കാത്തിരിക്കുന്ന ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. 2027 ഐസിസി ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും പരസ്പരം മൂന്ന് തവണ വരെ ഏറ്റുമുട്ടിയേക്കാം. ഐസിസി പുറത്തുവിട്ട പുതിയ മത്സരക്രമവും ടൂര്‍ണമെന്റ് ഫോര്‍മാറ്റുമാണ് ഇത്തരമൊരു പോരാട്ടത്തിന് വഴിയൊരുക്കുന്നത്.

ആദ്യ അങ്കം ഗ്രൂപ്പ് ഘട്ടത്തില്‍

ആകെ 12 ടീമുകളെ 6 ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളാക്കിയാണ് ആദ്യ ഘട്ടത്തില്‍ തിരിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയ, സിംബാബ്‍വെ, അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകള്‍ക്കൊപ്പം യോഗ്യതാ റൗണ്ട് കടന്നുവരുന്ന ഒരു ടീം കൂടി ഉള്‍പ്പെടുന്ന ഗ്രൂപ്പ് എയിലാണ് ഇന്ത്യയും പാകിസ്ഥാനും ഉള്ളത്. ഒക്ടോബര്‍ 7-ന് ഓസ്‌ട്രേലിയയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഒക്ടോബര്‍ 10-ന് ജോഹന്നസ്ബര്‍ഗില്‍ വെച്ചാണ് ഇന്ത്യയും പാകിസ്ഥാനും ഗ്രൂപ്പ് ഘട്ടത്തില്‍ നേര്‍ക്കുനേര്‍ വരുന്നത്.

സൂപ്പര്‍ 7 റൗണ്ട്

ഓരോ ഗ്രൂപ്പില്‍ നിന്നും ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്ന ടീമുകളും, അതോടൊപ്പം രണ്ട് ഗ്രൂപ്പുകളിലെയും മികച്ച നാലാം സ്ഥാനക്കാരും ഉള്‍പ്പെടെ ഏഴ് ടീമുകള്‍ അടുത്ത ഘട്ടമായ 'സൂപ്പര്‍ 7' റൗണ്ടിലേക്ക് യോഗ്യത നേടും. സൂപ്പര്‍ 7 റൗണ്ടില്‍ ഗ്രൂപ്പ് ഘട്ടത്തിലെ പോയിന്റുകള്‍ കൂട്ടിച്ചേര്‍ക്കില്ല. റൗണ്ട് റോബിന്‍ മാതൃകയില്‍ എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടും. ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 14 വരെ നടക്കുന്ന ഈ റൗണ്ടില്‍ ഇന്ത്യയും പാകിസ്ഥാനും മുന്നേറുകയാണെങ്കില്‍ രണ്ടാം തവണയും മുഖാമുഖം വരും.

സെമി/ ഫൈനല്‍

സൂപ്പര്‍ 7 റൗണ്ടില്‍ നിന്ന് മുന്‍നിരയിലെത്തുന്ന നാല് ടീമുകളാണ് സെമിഫൈനലിലേക്ക് യോഗ്യത നേടുക. ഇന്ത്യയും പാകിസ്താനും സൂപ്പര്‍ 7 റൗണ്ട് കടന്ന് ആദ്യ നാലില്‍ ഇടംപിടിച്ചാല്‍, സെമിഫൈനലിലോ അല്ലെങ്കില്‍ കിരീടപ്പോരാട്ടമായ ഫൈനലിലോ മൂന്നാം തവണയും ഇരുടീമുകളും ഏറ്റുമുട്ടാന്‍ സാധ്യത തെളിയും.

കഴിഞ്ഞ രാത്രിയാണ് ഐസിസി ക്രിക്കറ്റ് ലോകകപ്പിന്റെ ഫിക്ചര്‍ പുറത്തുവിട്ടത്. ദക്ഷിണാഫ്രിക്ക, സിംബാബ്‍വെ, നമീബിയ എന്നീ രാജ്യങ്ങളാണ് ആതിഥേയര്‍. ഒക്ടോബര്‍ രണ്ടിന് തുടങ്ങുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ നവംബര്‍ 21നാണ്. 14 ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുക. 12 വേദികളിലായി ആകെ 57 മത്സരങ്ങളുണ്ടാകും. ഓസ്ട്രേലിയയാണ് നിലവിലെ ചാംപ്യന്മാര്‍.

ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ് ടീമുകള്‍ ഗ്രൂപ്പ് ബിയിലാണ്. യോഗ്യതാ റൗണ്ടില്‍ 12, 13, 14 സ്ഥാനങ്ങളിലെത്തിയ ടീമുകളുടെ സൂപ്പര്‍ സീരീസ് മത്സരത്തോടെയാകും ടൂര്‍ണമെന്റ് ആരംഭിക്കുക. ഇതിലെ വിജയി അടുത്ത ഘട്ടത്തിലേക്ക് മുന്നേറും. ഒക്ടോബര്‍ 7ന് ഇന്ത്യ- ഓസ്ട്രേലിയ മത്സരത്തോടെയാണ് രണ്ടാംഘട്ടം ആരംഭിക്കുക.

News Now

Summary

India And Pakistan Could Play Against Each Other Three Times In Cricket World Cup 2027 - Here's How

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates