ലോക ചാമ്പ്യന്‍ കാള്‍സനെ അട്ടിമറിച്ച് ഇന്ത്യയുടെ 16കാരന്‍ ഗ്രാന്‍മാസ്റ്റര്‍ പ്രജ്ഞാനന്ദ! 

ഫോട്ടോ: ട്വിറ്റർ
Last Updated :22 January 2024, 7:49 pm IST

News Now

ചെസിലെ അതികായനും ലോക ചാമ്പ്യനുമായ നോര്‍വെയുടെ മാഗ്നസ് കാള്‍സനെ അട്ടിമറിച്ച് ഇന്ത്യയുടെ 16കാരന്‍ ഗ്രാന്‍മാസ്റ്റര്‍. ഇന്ത്യയുടെ പ്രജ്ഞാനന്ദയാണ് കാള്‍സനെ തറപറ്റിച്ചത്. 

എയര്‍തിങ്‌സ് മാസ്‌റ്റേഴ്‌സ് ഓണ്‍ലൈന്‍ റാപിഡ് ചെസ് പോരാട്ടത്തിലാണ് ഇന്ത്യന്‍ കൗമാര താരം അട്ടിമറി വിജയം സ്വന്തമാക്കിയത്. ടൂര്‍ണമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍മാസ്റ്റര്‍ കൂടിയാണ് പ്രജ്ഞാനന്ദ. എട്ടാം റൗണ്ട് പോരാട്ടത്തിലാണ് ലോക ചാമ്പ്യന് അട്ടിമറി തോല്‍വി നേരിടേണ്ടി വന്നത്. 

തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ വിജയിച്ചെത്തിയ കാള്‍സന്‍ പക്ഷേ പ്രജ്ഞാനന്ദയ്ക്ക് മുന്നില്‍ വിയര്‍ത്തു. 16കാരനായ ഇന്ത്യന്‍ താരത്തിന്റെ ടൂര്‍ണമെന്റിലെ ആദ്യ വിജയം കൂടിയാണ് ഇത്. 

തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ തോറ്റ ശേഷമാണ് പ്രജ്ഞാനന്ദ കാള്‍സന് മുന്നിലെത്തിയത്. എന്നാല്‍ നാലാം പോരാട്ടത്തില്‍ ഇന്ത്യന്‍ താരം ലോക ചാമ്പ്യനെ തന്നെ അട്ടിമറിക്കുകയായിരുന്നു.