'ഫോം ഇല്ലായ്മ' കൊണ്ട് സ്ഥാനം പോയെന്ന് അ​ഗാർക്കർ; 'വരാനിരിക്കുന്ന വെല്ലുവിളികൾ നേരിടാൻ'.... പ്രതികരിച്ച് സൂര്യകുമാർ യാദവ്

ടി20 ലോകകപ്പ് നേടി 3 മാസം തികയും മുൻപ് ടീമിൽ നിന്നു പുറത്ത്

Suryakumar Yadav with world cup
Suryakumar Yadavx
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :6 ജൂൺ 2026, 10:30 pm IST

മുംബൈ: ഇന്ത്യൻ ടീം ടി20 ക്യാപ്റ്റൻ സ്ഥാനവും ഒപ്പം ടീമിലെ ഇടവും നഷ്ടമായതിനു പിന്നാലെ സമൂഹ മാധ്യമ പോസ്റ്റുമായി സൂര്യകുമാർ യാ​ദവ്. ഇന്ത്യയുടെ പുതിയ ടി20 ടീമിനു ആശംസകൾ നേർന്നാണ് സൂര്യയുടെ പോസ്റ്റ്. ടി20 ലോകകപ്പ് നേടി 3 മാസം തികയും മുൻപാണ് സൂര്യയുടെ സ്ഥാന നഷ്ടം. ശ്രേയസ് അയ്യരാണ് സൂര്യയുടെ പകരക്കാരനായി ഇന്ത്യൻ ടി20 നായകനാകുന്നത്. ഒരു ഐസിസി കിരീടം നേടിയതിനു പിന്നാലെ ക്യാപ്റ്റൻ സ്ഥാനം നഷ്ടമാകുന്ന രണ്ടാമത്തെ താരമാണ് സൂര്യകുമാർ. 2025ൽ ഐസിസി ചാംപ്യൻസ് ട്രോഫി കിരീട നേട്ടത്തിനു പിന്നാലെ രോഹിത് ശർമയെ ഏകദിന നായക സ്ഥാനത്തു നിന്നു ഒഴിവാക്കിയിരുന്നു.

'അനേകം പ്രതിഭകളുള്ള ഈ സംഘത്തിനു വരാനിരിക്കുന്ന വെല്ലുവിളികൾ നേരിടാൻ എല്ലാ ആശംസകളും നേരുന്നു'- സൂര്യ കുറിച്ചു.

മറ്റൊരു പോസ്റ്റിൽ ടീമിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട വണ്ടർ കിഡ് വൈഭവ് സൂര്യവംശിയേയും അഭിനന്ദിക്കുന്നു.

'നീ ടീമിൽ സ്ഥാനം അർഹിച്ചിരുന്നു. അതു നേടിയെടുക്കുകയും ചെയ്തു. നിന്റെ യാത്രയെ നോക്കിക്കാണാൻ എനിക്ക് വലിയ ആവേശമുണ്ട്'- സൂര്യ വ്യക്തമാക്കി.

എന്തുകൊണ്ട് സൂര്യയെ പുറത്താക്കി?

നായക സ്ഥാനത്തു നിന്നു മാറ്റുന്ന കാര്യം സൂര്യകുമാറുമായി സംസാരിച്ചിരുന്നുവെന്ന് ചീഫ് സെലക്ടർ അജിത് അ​ഗാർക്കർ പറയുന്നു. ഒരു ലോകകപ്പ് ജയിച്ചതിനു പിന്നാലെ നായക സ്ഥാനത്തു നിന്നു മാറ്റുന്നത് കടുപ്പമേറിയ കാര്യമാണെന്നു അ​ഗാർക്കർ പറയുന്നു.

'സൂര്യയുടെ കാര്യത്തിൽ ഇതൊരു കടുപ്പമേറിയ കാര്യമാണ്. ഒരു ലോകകപ്പ് ജയിച്ചതേയുള്ളൂ എന്നതിനാൽ പ്രത്യേകിച്ചും. എന്നാൽ മിക്ക ലോകകപ്പുകൾക്കും ശേഷം സംഭവിക്കുന്നത് പോലെ, മുന്നോട്ടുള്ള ഏറ്റവും നല്ല വഴി എന്താണെന്ന് ഞങ്ങൾ പരിശോധിക്കുകയാണ്. സൂര്യ പുറത്താകാൻ ഒരു കാരണം ഭാഗികമായി അദ്ദേഹത്തിന്റെ സ്വന്തം ഫോം തന്നെ ആണ്. എന്നാൽ അതോടൊപ്പം അടുത്ത രണ്ട് വർഷത്തെ സൈക്കിൾ നോക്കുമ്പോൾ അല്ലെങ്കിൽ അടുത്ത ലോകകപ്പ് വരെ ഇപ്പോൾ രണ്ട് വർഷത്തിൽ കൂടുതൽ സമയമുള്ളതിനാൽ ഇതു തന്നെയാണ് മുന്നോട്ടുള്ള ഏറ്റവും നല്ല വഴിയെന്ന് ഞങ്ങൾ കരുതി.'

'ഞാൻ പറഞ്ഞതു പോലെ ശ്രേയസ് വളരെ അർഹനായ ഒരു ക്യാപ്റ്റനാണ്. ഞങ്ങൾ ഇതിനെക്കുറിച്ച് ഒരുപാട് ആലോചിച്ചു. പ്രത്യേകിച്ചും ഒരാൾ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച സാഹചര്യത്തിൽ. അത്ര എളുപ്പമുള്ള ഒരു ചർച്ചയായിരുന്നില്ല. എന്നാൽ ഏതെങ്കിലും ഒരു ഘട്ടത്തിൽ ഇക്കാര്യം പരിശോധിക്കേണ്ടതുണ്ടായിരുന്നു. ഐപിഎലിലെ അദ്ദേഹത്തിന്റെ മോശം ഫോം ആണ് ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് പറയാനാവില്ല. ഇതിനെക്കുറിച്ച് എപ്പോഴും ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു. ടീമിന്റെ താത്പര്യം മുൻനിർത്തിയാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്'– അഗാർക്കർ പറഞ്ഞു.

News Now

Summary

Why Suryakumar Yadav was sacked as India's T20I captain

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates