37 കാരനായ സ്റ്റുവര്‍ട്ട് ബിന്നി ഇന്ത്യക്കു വേണ്ടി ആറ് ടെസ്റ്റുകളിലും 14 ഏകദിനങ്ങളിലും മൂന്ന് ട്വന്റി-20 മല്‍സരങ്ങളിലും കളിച്ചിട്ടുണ്ട്

സ്റ്റുവര്‍ട്ട് ബിന്നി /ഫയല്‍ ചിത്രം
Last Updated :20 January 2024, 8:48 am IST

News Now

മുംബൈ : മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നി ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. അന്താരാഷ്ട്ര, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് രംഗത്തുനിന്നെല്ലാം വിരമിക്കുകയാണെന്ന് താരം അറിയിച്ചു. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി കളിക്കാനായതില്‍ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് സ്റ്റുവര്‍ട്ട് ബിന്നി വിരമിക്കല്‍ പ്രഖ്യാപനത്തില്‍ പറഞ്ഞു.

37 കാരനായ സ്റ്റുവര്‍ട്ട് ബിന്നി ഇന്ത്യക്കു വേണ്ടി ആറ് ടെസ്റ്റുകളിലും 14 ഏകദിനങ്ങളിലും മൂന്ന് ട്വന്റി-20 മല്‍സരങ്ങളിലും കളിച്ചിട്ടുണ്ട്. 17 വര്‍ഷത്തോളം നീണ്ട ആഭ്യന്തര ക്രിക്കറ്റ് കരിയറില്‍ ഭൂരിഭാഗവും കര്‍ണാടകയ്ക്കു വേണ്ടിയിരുന്നു കളിച്ചത്.  

കര്‍ണാടകയ്ക്കു വേണ്ടി 95 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നിന്നായി 4796 റണ്‍സും 148 വിക്കറ്റും നേടിയിട്ടുണ്ട്. 2013-14 ലെയും 2014-15 ലെയും രഞ്ജിട്രോഫി വിജയിച്ച കര്‍ണാടക ടീമിലംഗമായിരുന്നു സ്റ്റുവര്‍ട്ട് ബിന്നി. 1983 ല്‍ ലോകകപ്പ് നേടിയ കപില്‍ദേവിന്റെ ടീമിലെ അംഗമായിരുന്ന റോജര്‍ ബിന്നിയുടെ മകനാണ് സ്റ്റുവര്‍ട്ട് ബിന്നി. 

കഴിഞ്ഞ ദിവസം ലീഡ്‌സ് ടെസ്റ്റില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റതിന് പിന്നാലെ, സ്റ്റുവര്‍ട്ട് ബിന്നിയുടെ ഭാര്യ മായന്ദി ലാംഗര്‍ ഇന്‍സ്റ്റഗ്രാമില്‍ ട്വീറ്റ് ചെയ്ത ചിത്രം ഏറെ ചര്‍ച്ചയായിരുന്നു. തലയില്‍ കൈവച്ചുനില്‍ക്കുന്ന ജയിംസ് ആന്‍ഡേഴ്‌സനു മുന്നിലൂടെ റണ്ണിനായി ഓടുന്ന സ്റ്റുവാര്‍ട്ട് ബിന്നിയുടെ ചിത്രമാണ് മായന്ദി പോസ്റ്റ് ചെയ്തത്.

ടെസ്റ്റ് അരങ്ങേറ്റത്തില്‍ ഇംഗ്ലണ്ടിനെതിരെ 78 റണ്‍സെടുത്ത സ്റ്റുവര്‍ട്ട് ബിന്നിയുടെ ചിത്രമായിരുന്നു പോസ്റ്റ് ചെയ്തത്. ഇന്ത്യയുടെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കാനായി സ്റ്റുവര്‍ട്ട് ബിന്നിയെ തിരികെ വിളിക്കണമെന്ന ആവശ്യമായി ഇത് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം. പരിശീലക രംഗത്തേക്ക് സ്റ്റുവര്‍ട്ട് ബിന്നി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates