കോവിഡ് പോസിറ്റീവായ സമയം താന്‍ ഐസൊലേഷന്‍ ലംഘിച്ചതായി ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച്

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 8:56 am IST

News Now

മെല്‍ബണ്‍: കോവിഡ് പോസിറ്റീവായ സമയം താന്‍ ഐസൊലേഷന്‍ ലംഘിച്ചതായി ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച്. കോവിഡ് പോസിറ്റീവായ സമയം ഒരു മാധ്യമപ്രവര്‍ത്തകനുമായി കൂടിക്കാഴ്ച നടത്തി എന്നാണ് ജോക്കോവിച്ചിന്റെ വാക്കുകള്‍. 

ഡിസംബര്‍ 14ന് ബെല്‍ഗ്രേഡില്‍ നടന്ന ബാസ്‌കറ്റ് ബോള്‍ മത്സരം കാണാന്‍ ഞാന്‍ പോയി. ഇതിന് ശേഷം കോവിഡ് ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായില്ലെങ്കിലും കോവിഡ് ടെസ്റ്റ് നടത്തി. ആന്റിജന്‍ ടെസ്റ്റില്‍ നെഗറ്റീവ് ഫലമാണ് ലഭിച്ചത്. എന്നാല്‍ മുന്‍കരുതലിന്റെ ഭാഗമായി പിസിആര്‍ ടെസ്റ്റും അതേ ദിവസം നടത്തി, ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പ്രസ്താവനയില്‍ ജോക്കോവിച്ച് പറയുന്നു. 

തൊട്ടടുത്ത ദിവസം ബെല്‍ഗ്രേഡില്‍ നടന്ന ടെന്നീസ് പരിപാടിയില്‍ സമ്മാന ദാനത്തിനായി എത്തി. ഈ പരിപാടി കഴിഞ്ഞതിന് ശേഷമാണ് എന്റെ പിസിആര്‍ ഫലം പോസിറ്റീവാണെന്ന് അറിഞ്ഞത്. ഡിസംബര്‍ 18ന് ബെല്‍ഗ്രേഡില്‍ എന്റെ ടെന്നീസ് സെന്ററില്‍ വെച്ച് എനിക്ക് ഇന്റര്‍വ്യൂ നല്‍കേണ്ടി വന്നു. ഏറെ നാളായി പറഞ്ഞു വെച്ചിരുന്നതായിരുന്നു അത്. ഈ ഇന്റര്‍വ്യൂ ഒഴിച്ച് മറ്റെല്ലാം ഞാന്‍ റദ്ദാക്കി. 

ആ മാധ്യമപ്രവര്‍ത്തകനെ നിരാശനാക്കാതിരിക്കാനാണ് ഞാന്‍ ഇന്റര്‍വ്യൂ മാറ്റിവെക്കാതിരുന്നത്. എന്നാല്‍ സാമൂഹിക അകലം പാലിച്ചും മാസ്‌ക് ധരിച്ചുമാണ് ആ അഭിമുഖം നല്‍കിയത്. ആ അഭിമുഖത്തിന് ശേഷം വീട്ടിലെത്തിയത് മുതല്‍ ഞാന്‍ ഐസൊലേഷനില്‍ പ്രവേശിച്ചു. എന്നാല്‍ അവിടെ എനിക്ക് പിഴവ് പറ്റി. ഞാന്‍ അഭിമുഖം മാറ്റി വെക്കേണ്ടതായിരുന്നു, ജോക്കോവിച്ചിന്റെ പ്രസ്താവനയില്‍ പറയുന്നു. 

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജോക്കോവിച്ചിന് കളിക്കാനാവുമോ എന്നതില്‍ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. ഓസ്‌ട്രേലിയന്‍ സര്‍ക്കാരുമായി നിയമ പോരാട്ടത്തിലാണ് ജോക്കോവിച്ച്. കോവിഡ് വാക്‌സിന്‍ സ്വീകരിക്കാതെ ഓസ്‌ട്രേലിയയില്‍ എത്തിയതോടെയാണ് ജോക്കോവിച്ചിനെ ഓസ്‌ട്രേലിയ വിമാനത്താവളത്തില്‍ തടഞ്ഞത്. എന്നാല്‍ ജോക്കോവിച്ചിന് ഓസ്‌ട്രേലിയയില്‍ പ്രവേശിപ്പിക്കാന്‍ കോടതി അനുമതി നല്‍കി.