ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ റെക്കോര്‍ഡുകള്‍ കടപുഴക്കിയുള്ള മാസ്മരിക ബാറ്റിങാണ് സ്റ്റോക്‌സ് പുറത്തെടുത്തത്

ബെന്‍ സ്റ്റോക്‌സ്/ എഎഫ്പി
Last Updated :20 January 2024, 9:25 am IST

News Now

ഓവല്‍: ഏകദിനത്തില്‍ നിന്നു വിരമിച്ച ബെന്‍ സ്‌റ്റോക്‌സിനെ ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ നിര്‍ബന്ധിച്ച് വീണ്ടും ടീമിലേക്ക് കൊണ്ടു വന്നത് ഈയടുത്താണ്. ലോകകപ്പില്‍ ഇംഗ്ലണ്ടിനായി ഇറങ്ങണമെന്നായിരുന്നു ബട്‌ലര്‍ ആവശ്യപ്പെട്ടത്. വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് തിരിച്ചെത്തിയ ബെന്‍ സ്റ്റോക്‌സ് ഓവലില്‍ തീപ്പൊരിയായി മാറിയപ്പോള്‍ സന്തോഷിച്ചത് ബട്‌ലറും ഇംഗ്ലണ്ട് ക്യാമ്പും. 

ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ റെക്കോര്‍ഡുകള്‍ കടപുഴക്കിയുള്ള മാസ്മരിക ബാറ്റിങാണ് സ്റ്റോക്‌സ് പുറത്തെടുത്തത്. 124 പന്തില്‍ 182 റണ്‍സാണ് താരം വാരിയത്. ഇംഗ്ലണ്ടിനായി ഏകദിനത്തില്‍ ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറെന്ന റെക്കോര്‍ഡാണ് താരം സ്വന്തം പേരിലേക്ക് മാറ്റിയത്. 2018ല്‍ ഓസ്‌ട്രേലിയക്കെതിരെ ജാസന്‍ റോയ് നേടിയ 180 റണ്‍സാണ് സ്‌റ്റോക്‌സ് പഴമയിലേക്ക് തള്ളിയത്. 

96 റണ്‍സെടുത്ത് കട്ടയ്ക്ക് പിന്തുണ നല്‍കിയ ഡേവിഡ് മാലനുമൊത്ത് മറ്റൊരു റെക്കോര്‍ഡും താരം തീര്‍ത്തു. ഏതൊരു വിക്കറ്റിലേയും ഇംഗ്ലണ്ടിന്റെ എക്കാലത്തേയും മികച്ച കൂട്ടുകെട്ടായി ഇതു മാറി. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നു 199 റണ്‍സ് കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്. ന്യൂസിലന്‍ഡിനെതിരെ തന്നെ 2015ല്‍ ജോ റൂട്ടും ഇയാന്‍ മോര്‍ഗനും ചേര്‍ന്നു എടുത്ത 198 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇവിടെ പിന്നിലായത്. 

15 ഫോറുകളും ഒന്‍പത് കൂറ്റന്‍ സിക്‌സുകളുമാണ് ഓവലില്‍ സ്‌റ്റോക്‌സ് പറത്തിയത്. 2017നു ശേഷം താരം നേടുന്ന ആദ്യ ഏകദിന സെഞ്ച്വറി കൂടിയാണിത്. കരിയറിലെ നാലാം ഏകദിന സെഞ്ച്വറി. താരത്തിന്റെ ഉയര്‍ന്ന സ്‌കോറും ഇതുതന്നെ. 

13 റണ്‍സ് ചേര്‍ക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായ അവസ്ഥയിലാണ് സ്റ്റോക്‌സ് ക്രീസിലെത്തുന്നത്. വെറും 76 പന്തില്‍ സ്റ്റോക്‌സ് സെഞ്ച്വറി നേടി. സെഞ്ച്വറിയിലേക്ക് മൂന്ന് സിക്‌സുകളാണ് താരം അടിച്ചത്. സെഞ്ച്വറി തികച്ച ശേഷമാണ് ശേഷിക്കുന്ന ആറ് സിക്‌സുകള്‍ തൂക്കിയത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates