
52 പന്തില്‍ 87 റണ്‍സ്, തകര്‍ത്താടി സഞ്ജു; ഡല്‍ഹിക്കെതിരെ ചെന്നൈയ്ക്ക് അനായാസ ജയം
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ പരാജയപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിങ്സ്

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ പരാജയപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിങ്സ്. ഡല്‍ഹി ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം 17.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ മറികടന്നു. എട്ടുവിക്കറ്റിനാണ് ചെന്നൈയുടെ ജയം.
അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയ സഞ്ജു സാംസണാണ് ടീമിന് വിജയമൊരുക്കിയത്. സഞ്ജു സാംസണ് പുറത്താവാതെ 52 പന്തില്‍ 87 റണ്‍സെടുത്ത് ടീമിന്റെ ടോപ് സ്കോററായി. തുടക്കത്തില്‍ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിനെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ സഞ്ജു സാംസണും ഉര്‍വില്‍ പട്ടേലും ചേര്‍ന്നാണ് സ്കോറുയര്‍ത്തിയത്. പവര്‍പ്ലേയില്‍ ടീം 44-1 എന്ന നിലയിലായിരുന്നു. പിന്നാലെ 17 റണ്‍സെടുത്ത് ഉര്‍വില്‍ പട്ടേലും മടങ്ങിയതോടെ ചെന്നൈ ക്യാംപ് ആശങ്കയിലായി. എട്ടോവര്‍ അവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സെന്ന നിലയിലായിരുന്നു ചെന്നൈ.
എന്നാല്‍ മൂന്നാം വിക്കറ്റില്‍ ക്രീസിലൊന്നിച്ച സഞ്ജുവും കാര്‍ത്തിക് ശര്‍മയും ചേര്‍ന്ന് ടീമിനെ കരകയറ്റി. മൂന്നാം വിക്കറ്റില്‍ 114 റണ്‍സ് കൂട്ടുകെട്ടാണ് സഞ്ജുവും കാര്‍ത്തിക്കും പടുത്തുയര്‍ത്തിയത്.
കാര്‍ത്തിക്കിനെ ഒരുവശത്തുനിര്‍ത്തി സഞ്ജു വെടിക്കെട്ടിന് തിരികൊളുത്തി. 12-ാം ഓവറില്‍ സഞ്ജു രണ്ട് സിക്സറും ഒരു ഫോറുമടക്കം 18 റണ്‍സ് ആണ് നേടിയത്. ഓവറില്‍ താരം ഫിഫ്റ്റി തികയ്ക്കുകയും ചെയ്തു. 15-ാം ഓവറിലും രണ്ട് സിക്സറും ഒരു ഫോറും സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് പിറന്നതോടെ ഓവറില്‍ ചെന്നൈ 20 റണ്‍സ് നേടി. കാര്‍ത്തിക് ശര്‍മ 31 പന്തില്‍ നിന്ന് 41 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.
ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചുള്ളൂ. മികച്ച രീതിയില്‍ പന്തെറിഞ്ഞ ചെന്നൈയുടെ ബൗളിങ് നിരയുടെ മുന്നില്‍ പിടിച്ചു നില്ക്കാന് ഡല്‍ഹിക്ക് ആയില്ല.
ടോസ് നേടിയ ഡല്‍ഹി ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുക ആയിരുന്നു. ഓപ്പണറായി കളത്തിലിറങ്ങിയ പതും നിസങ്കയും കെ എല്‍ രാഹുലും മികച്ച തുടക്കമല്ല ടീമിന് നല്‍കിയത്. 15 പന്തില്‍ 19 റണ്‍സെടുത്ത പതും നിസങ്കയും 13 പന്തില്‍ 12 റണ്‍സ് നേടിയ കെ എല്‍ രാഹുലും അതിവേഗം പുറത്തായത് ടീമിന് തിരിച്ചടിയായി. പിന്നാലെ കളത്തിലെത്തിയ നിതീഷ് റാണ,കരുണ്‍ നായര്‍ എന്നിവര്‍ക്കും തിളങ്ങാന്‍ ആയില്ല.
നിതീഷ് 13 പന്തില്‍ 15 റണ്‍സും, കരുണ്‍ 13 പന്തില്‍ 13 റണ്‍സും നേടി പുറത്തായി. നായകന് അക്ഷര്‍ പട്ടേല്‍ രണ്ട് റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ഒരു ഘട്ടത്തില്‍ 69/5 എന്ന നിലയിലായിരുന്ന ഡല്‍ഹിയെ കൈ പിടിച്ചുയര്‍ത്തിയത് ട്രിസ്റ്റന്‍ സ്റ്റബ്സും സമീര്‍ റിസ്വിയും ചേര്‍ന്നാണ്. ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 65 റണ്‍സാണ് അടിച്ചെടുത്തത്. 31 പന്തില്‍ 38 റണ്‍സ് എടുത്ത ട്രിസ്റ്റനെ ജാമി ഓവര്ടന് ആണ് പുറത്താക്കിയത്.
സമീര്‍ റിസ്വി പുറത്താകാതെ 24 പന്തില്‍ 40 റണ്‍സും നേടി. ചെന്നൈയ്ക്കായി നൂര്‍ അഹമ്മദ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. അകീല്‍ ഹുസൈന്,മുകേഷ് ചൗധരി,ഗുര്‍ജപ്നീത് സിങ്,ജാമി ഓവര്ടന് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
CSK won by 8 wickets against Delhi Capitals
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




