മദ്യപിച്ച് ലക്ക് കെട്ട് വാഹനമോടിച്ചു; ഡേവിഡ് വാർണർ അറസ്റ്റിൽ

വാർണറെ സ്റ്റേഷൻ നടപടികൾ പൂർത്തിയാക്കി വിട്ടയച്ചെങ്കിലും മെയ് മാസത്തിൽ തുടർ നടപടികൾക്കായി കോടതിയിൽ നേരിട്ട് ഹാജരാകേണ്ടി വരും.

David Warner
David Warner Charged With Drink Driving in Sydney Source by : file
Last Updated :7 April 2026, 4:56 pm IST

സിഡ്‌നി: മുൻ ഓസ്‌ട്രേലിയൻ താരം ഡേവിഡ് വാർണറെ മദ്യപിച്ച് വാഹനമോടിച്ച കുറ്റത്തിന് അറസ്റ്റ് ചെയ്തു. സിഡ്നിയിലെ മറൂബ്ര പ്രദേശത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് താരം പിടിയിലായത്. വാർണറെ സ്റ്റേഷൻ നടപടികൾ പൂർത്തിയാക്കി വിട്ടയച്ചെങ്കിലും മെയ് മാസത്തിൽ തുടർ നടപടികൾക്കായി കോടതിയിൽ നേരിട്ട് ഹാജരാകേണ്ടി വരും.

ഞായറാഴ്ച വൈകുന്നേരം 5:30-ഓടെ മറൂബ്രയിലെ മലാബാർ റോഡിൽ പൊലീസ് വാഹന പരിശോദന നടത്തുന്നിടെയാണ് സംഭവം. പരിശോധന ഭയന്ന് താരം വാഹനം പെട്ടെന്ന് നിർത്തുകയും പാർക്ക് ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. ഇത് കണ്ട് സംശയം തോന്നിയ പൊലീസ് വാർണറുടെ അടുത്തെത്തി പരിശോധിച്ചപ്പോഴാണ് മദ്യപിച്ചെന്ന് കണ്ടെത്തിയത്. തുടർന്ന് താരത്തെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.

സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ ഓസ്‌ട്രേലിയയിൽ അനുവദനീയമായ പരിധിയേക്കാൾ ഇരട്ടിയിലധികമാണ് വാർണർ മദ്യപിച്ചിരിക്കുന്നത് എന്ന് കണ്ടെത്തി. ഇതോടെ മദ്യപിച്ച് വാഹനമോടിച്ച കുറ്റത്തിന് വാർണറെ അറസ്റ്റ് ചെയ്യുക ആയിരുന്നു.

നടപടികൾ പൂർത്തിയാക്കി താരത്തെ വിട്ടയച്ചെങ്കിലും മേയ് 7-ന് സിഡ്നിയിലെ ഡൗണിങ് സെന്റർ ലോക്കൽ കോടതിയിൽ ഹാജരാകാൻ പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ പാകിസ്ഥാൻ സൂപ്പർ ലീഗിൽ കറാച്ചി കിങ്സിനായി കളിച്ചുകൊണ്ടിരിക്കുന്ന വാർണർ ചെറിയ ഇടവേളയെടുത്ത് നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിനിടയിലാണ് സംഭവം നടന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates