വീണ്ടും സ്പിന്‍ കുഴിയില്‍ വീണ് ഇംഗ്ലണ്ട്; ആറ് വിക്കറ്റുകള്‍ നഷ്ടം

വീണ്ടും സ്പിന്‍ കുഴിയില്‍ വീണ് ഇംഗ്ലണ്ട്; ആറ് വിക്കറ്റുകള്‍ നഷ്ടം

വിക്കറ്റ് നേട്ടമാഘോഷിക്കുന്ന ഇന്ത്യൻ ടീം/ ട്വിറ്റർ
Edited by :migrator
Last Updated :20 ജനുവരി 2024, 8:41 am IST

അഹമ്മദാബാദ്: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് കൂട്ടത്തകര്‍ച്ച. അശ്വിന്‍, അക്ഷര്‍ പട്ടേല്‍ സഖ്യത്തിന്റെ സ്പിന്‍ ബൗളിങിന് മുന്നില്‍ ഇംഗ്ലീഷ് ബാറ്റിങ് നിര ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നു. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സെന്ന നിലയിലാണ്. അശ്വിനും അക്ഷറും മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. 

ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 205 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 365 റണ്‍സ് കണ്ടെത്തി. 160 റണ്‍സ് ലീഡ് വഴങ്ങിയാണ് ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സ് തുടങ്ങിയത്. നാല് വിക്കറ്റ് മാത്രം കയിലിരിക്കെ ഇന്ത്യയുടെ സ്‌കോറിനൊപ്പമെത്താന്‍ ഇനിയും 77 റണ്‍സ് കൂടി വേണം ഇംഗ്ലണ്ടിന്.

30 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോ റൂട്ടാണ് രണ്ടാം ഇന്നിങ്‌സിലെ ടീമിന്റെ ടോപ് സ്‌കോറര്‍. താരത്തെ അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. ഒലി പോപ് 15 റണ്‍സെടുത്തു മടങ്ങി. ക്രൗളി (അഞ്ച്), സിബ്ലി (മൂന്ന്), ബെയര്‍‌സ്റ്റോ (പൂജ്യം), ബെന്‍ സ്റ്റോക്‌സ് (രണ്ട്) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍. നിലവില്‍ 13 റണ്‍സുമായി ഡാന്‍ ലോറന്‍സും 4 റണ്ണുമായി ബെന്‍ ഫോക്‌സുമാണ് ക്രീസില്‍. 

നേരത്തെ 96 റണ്‍സുമായി വാഷിങ്ടന്‍ സുന്ദര്‍ പുറത്താകാതെ നിന്നു. ടെസ്റ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ് വാഷിങ്ടന്‍ സ്വന്തമാക്കിയത്. താരത്തിന് അര്‍ഹിച്ച സെഞ്ച്വറിയാണ് പിന്തുണയ്ക്കാന്‍ ആളില്ലാതെ നഷ്ടമായത്. ഇന്ത്യക്ക് കളിയില്‍ മുന്‍തൂക്കം നല്‍കിയത് ഋഷഭ് പന്തിന്റെ നിര്‍ണായക സെഞ്ച്വറിയും ഒപ്പം വാഷിങ്ടനിന്റെ ചെറുത്തു നില്‍പ്പുമാണ്. വാഷിങ്ടന്‍ സുന്ദറിനൊപ്പം അക്‌സര്‍ പട്ടേലും മൂന്നാം ദിനത്തില്‍ മികച്ച ബാറ്റിങ് പുറത്തെടുത്തു. താരം 43 റണ്‍സെടുത്താണ് പുറത്തായത്. അക്‌സറിനും അര്‍ഹിച്ച അര്‍ധ സെഞ്ച്വറിയാണ് നഷ്ടമായത്. 

146 റണ്‍സെടുക്കുന്നതിനിടെ ആറ് വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയെ ഋഷഭ് പന്ത് വാഷിങ്ടന്‍ സുന്ദര്‍ സഖ്യമാണ് കരകയറ്റിയത്. പന്ത് 101 റണ്‍സുമായാണ് പുറത്തായത്. പിന്നീട് വാഷിങ്ടന്‍ സുന്ദര്‍ അക്‌സര്‍ പട്ടേലിനെ കൂട്ടുപിടിച്ച് രക്ഷാപ്രവര്‍ത്തനം തുടരുകയായിരുന്നു. ഇഷാന്ത് ശര്‍, മുഹമ്മദ് സിറാജ് എന്നിവര്‍ പൂജ്യത്തിന് പുറത്തായി. 

രോഹിത് ശര്‍മ അര്‍ധ സെഞ്ച്വറിക്ക് ഒരു റണ്‍സ് അകലെ വീണു. രോഹിതിനെ ബെന്‍ സ്‌റ്റോക്‌സ് വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. 49 റണ്‍സാണ് ഹിറ്റ്മാന്റെ സമ്പാദ്യം. ഒരു വിക്കറ്റ് നഷ്ടത്തില്‍ 24 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം തുടങ്ങിയ ഇന്ത്യക്ക് മൂന്ന് വിലപ്പെട്ട വിക്കറ്റുകളാണ് തുടക്കത്തില്‍ തന്നെ ബലി കഴിക്കേണ്ടി വന്നത്. ചേതേശ്വര്‍ പൂജാര (17), ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (പൂജ്യം), അജിന്‍ക്യ രഹാനെ (27) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് രണ്ടാം ദിനം നഷ്ടമായത്.

പൂജാരയെ ജാക്ക് ലീഷും കോഹ്‌ലിയെ ബെന്‍ സ്‌റ്റോക്‌സും രഹാനെയെ ജെയിംസ് ആന്‍ഡേഴ്‌സനുമാണ് മടക്കിയത്. രോഹിത് രഹാനെ സഖ്യം മികച്ച രീതിയില്‍ ബാറ്റ് വീശവേയാണ് ആന്‍ഡേഴ്‌സന്‍ ഈ കൂട്ടുകെട്ട് പൊളിച്ച് ഇംഗ്ലണ്ടിന് വീണ്ടും പ്രതീക്ഷ നല്‍കിയത്. ആദ്യ ദിവസം ശുഭ്മാന്‍ ഗില്ലിനെ മടക്കിയതും ആന്‍ഡേഴ്‌സനാണ്.

ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 205 റണ്‍സിന് പുറത്തായിരുന്നു. 55 റണ്‍സെടുത്ത ബെന്‍ സ്‌റ്റോക്ക്‌സും 46 റണ്‍സെടുത്ത ഡാനിയല്‍ ലോറന്‍സും മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഇന്ത്യയ്ക്കായി അക്‌സര്‍ പട്ടേല്‍ നാല് വിക്കറ്റ് വീഴ്ത്തി. അശ്വിന്‍ മൂന്ന് വിക്കറ്റും മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റുമെടുത്തു. ശേഷിച്ച ഒരു വിക്കറ്റ് വാഷിങ്ടണ്‍ സുന്ദര്‍ സ്വന്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now