ഫ്രാൻസിന് ആരെയാണ് പേടി? 'സംശയമെന്താ ഞങ്ങളെ; യൂറോ കപ്പ് മറക്കണ്ട!'

ഫ്രാൻസ് കരുതി ഇരുന്നോട്ടെ എന്ന് സ്പാനിഷ് കൗമാര വിസ്മയം ലമീൻ യമാൽ

Spain's Lamine Yamal (19) controls the ball during the World Cup quarterfinal soccer match between Spain and Belgium
Lamine Yamalap
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :11 ജൂലൈ 2026, 2:19 pm IST

മൊറോക്കോയെ വീഴ്ത്തി മുൻ ലോക ചാംപ്യൻമാരായ ഫ്രാൻസും പിന്നാലെ ബെൽജിയത്തെ തകർത്ത് 2010ലെ ചാംപ്യൻമാരായ സ്പെയിനും ഫിഫ ലോകകപ്പിൽ സെമി ഉറപ്പിച്ചു. ജൂലൈ 15നു നടക്കുന്ന സെമിയിൽ ഫ്രാൻസും സ്പെയിനും നേർക്കുനേർ വരുന്നു. ആരാധകരെ കാത്തിരിക്കുന്നത് ക്ലാസിക്ക് ബ്ലോക്ക്ബസ്റ്റർ പോരാട്ടം.

നിലവിലെ യൂറോപ്യൻ ചാംപ്യന്മാരായ സ്‌പെയിൻ 2018ലെ ലോക ചാംപ്യന്മാരായ ഫ്രാൻസിന് വ്യക്തമായ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ഫ്രാൻസിന് ഈ ടൂർണമെന്റിൽ ആരെയെങ്കിലും ഭയപ്പെടേണ്ടതുണ്ടെങ്കിൽ അത് സ്‌പെയിനിനെ മാത്രമായിരിക്കുമെന്ന് സൂപ്പർ താരം ലാമീൻ യമാൽ പറയുന്നു. 2010ന് ശേഷം ആദ്യമായി സ്‌പെയിനെ ലോകകപ്പ് സെമി ഫൈനലിൽ എത്തിച്ചതിനു ശേഷമാണ് കൗമാര വിസ്മയം മാധ്യമപ്രവർത്തകരോട് ആത്മവിശ്വാസത്തോടെ പ്രതികരിച്ചത്.

ആവേശകരമായ ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് സ്‌പെയിൻ സെമി ഫൈനലിൽ പ്രവേശിച്ചിരുന്നു. ബെൽജിയത്തിനെതിരായ മത്സരത്തിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടതും യമാൽ ആയിരുന്നു. ഈ ലോകകപ്പിൽ തങ്ങളുടെ മുന്നിൽ വന്ന എതിരാളികളെയെല്ലാം തരിപ്പണമാക്കിയുള്ള ഫ്രാൻസിന്റെ വമ്പൻ പ്രകടനങ്ങൾക്കിടയിലും കൗമാര താരം യമാൽ അതൊന്നും കാര്യമാക്കുന്നില്ല.

മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കവെ, കഴിഞ്ഞ യുവേഫ യൂറോപ്യൻ ചാംപ്യൻഷിപ്പിൽ ഫ്രാൻസിനെ പുറത്താക്കി കിരീടം ചൂടിയത് സ്‌പെയിൻ ആണെന്നും ഇത്തവണയും അത് ആവർത്തിക്കാനാണ് തങ്ങൾ പദ്ധതിയിടുന്നതെന്നും യമാൽ പറഞ്ഞു.

'എന്റെ അഭിപ്രായത്തിൽ ഫ്രാൻസ് ആരെയെങ്കിലും ഭയപ്പെടണമെന്നുണ്ടെങ്കിൽ അത് ഞങ്ങളെയായിരിക്കണം. കാരണം മുൻപ് അവരെ ടൂർണമെന്റിൽ നിന്ന് പുറത്താക്കിയത് ഞങ്ങളാണ്. ഞങ്ങൾ ആരെയും ഭയപ്പെടുന്നില്ല. സ്പെയിനും ഫ്രാൻസും മികച്ച ടീമുകളാണ്. ലോകോത്തര നിലവാരമുള്ള ദേശീയ ടീമുകൾ. എന്നെ സംബന്ധിച്ചിടത്തോളം ഫ്രാൻസ് ഏറ്റവും മികച്ച ടീമുകളിലൊന്നാണ്. ഇനി എന്താണ് സംഭവിക്കുകയെന്ന് നമുക്ക് കാത്തിരുന്ന് കാണാം.'

ബെൽജിയത്തിനെതിരായ മത്സരത്തെക്കുറിച്ച് സംസാരിച്ച യമാൽ, എതിരാളികളുടെ ഗോൾ കീപ്പർ വരുത്തിയ പിഴവിലൂടെയാണ് 2-1 ന്റെ വിജയം നേടിയതെങ്കിലും മത്സരത്തിലുടനീളം മികച്ച പ്രകടനം പുറത്തെടുത്തത് സ്‌പെയിൻ തന്നെയാണ് എന്ന് പറഞ്ഞു.

'ബെൽജിയത്തേക്കാൾ വളരെ മികച്ച രീതിയിലാണ് ഞങ്ങൾ കളിച്ചതെന്ന് ഞാൻ കരുതുന്നു. ഞങ്ങൾ വളരെ മനോഹരമായ ഫുട്ബോൾ കളിക്കുന്നതായി തോന്നാം. എന്നാൽ യഥാർഥത്തിൽ ഞങ്ങളോട് തുല്യമായി കളിക്കാൻ ഒരു ടീമും തയാറാകുന്നില്ല. എല്ലാവരും പ്രതിരോധത്തിലേക്ക് വലിഞ്ഞു കളിക്കുകയാണ് ചെയ്യുന്നത്. അത് കാര്യങ്ങൾ കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നു. ആരും ഞങ്ങളോട് നേർക്കുനേർ പോരാടാൻ വന്നിട്ടില്ല. എങ്കിലും ഒടുവിൽ ഞങ്ങൾ വിജയം ഉറപ്പാക്കി.'

ലയണൽ മെസി, കിലിയൻ എംബാപ്പെ, ഏർലിങ് ഹാളണ്ട്, ഹാരി കെയ്ൻ തുടങ്ങിയ മുൻനിര താരങ്ങൾ ഗോളുകൾ അടിച്ചു കൂട്ടുന്ന ഈ ടൂർണമെന്റിൽ യമാലിന് ഇതുവരെ ഗോൾ വേട്ടക്കാരുടെ പട്ടികയിൽ വലിയ സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഗോളുകൾ നേടാൻ കഴിയാത്തത് തന്നെ ഒട്ടും അലട്ടുന്നില്ലെന്ന് താരം വ്യക്തമാക്കുന്നു.

'തീർച്ചയായും എനിക്ക് ഗോൾ നേടണമെന്ന് ആഗ്രഹമുണ്ട്. എന്നാൽ അതിനെക്കുറിച്ച് മാത്രം ചിന്തിച്ചുകൊണ്ടല്ല ഞാൻ കളിക്കളത്തിലേക്ക് ഇറങ്ങുന്നത്. ടീമിനെ എങ്ങനെ സഹായിക്കാം എന്ന് ചിന്തിച്ചാണ് ഞാൻ കളിക്കുന്നത്. ഞങ്ങൾ ലോകകപ്പ് നേടുകയാണെങ്കിൽ ഞാൻ ഗോൾ അടിച്ചോ ഇല്ലയോ എന്ന് ആരും ഓർക്കാൻ പോകുന്നില്ല. ജയിക്കുക എന്നതാണ് ഏറ്റവും പ്രധാനം.'

'എനിക്ക് ഗോൾ നേടാൻ കഴിഞ്ഞില്ലെങ്കിലും ടീമിനായി സംഭാവന നൽകാൻ കഴിയുമെന്ന് എനിക്കറിയാം. എന്റെ ചലനങ്ങൾ പല എതിരാളികളെയും എന്റെ അടുത്തേക്ക് ആകർഷിക്കുമെന്നും അതിലൂടെ സഹതാരങ്ങൾക്ക് അവസരങ്ങൾ ലഭിക്കുമെന്നും എനിക്കറിയാം. അതിനാൽ ടീമിനെ സഹായിക്കാൻ കഴിയുന്നതെല്ലാം ഞാൻ ചെയ്യും'- യമാൽ വ്യക്തമാക്കി.

News Now

Summary

Lamine Yamal is keen to prove what he and Spain can do against France after setting up a World Cup semifinal date with them

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates