
'ധോനി ഉപദേശിച്ചു, ഞങ്ങൾ ഇന്ത്യയെ വീഴ്ത്തി'! വെളിപ്പെടുത്തി ഷായ് ഹോപ്
143 പന്തിൽ 162 റൺസെടുത്ത് പുറത്താകാതെ റെക്കോർഡ് റൺ ചെയ്സിങിലൂടെ വിൻഡീസിന് ആശ്വാസ ജയം സമ്മാനിച്ച് ക്യാപ്റ്റൻ

ചണ്ഡീഗഢ്: ഇന്ത്യക്കെതിരെ 352 റൺസ് ചെയ്സ് ചെയ്ത് വിജയത്തിലേക്ക് ടീമിനെ നയിച്ച് വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ ഷായ് ഹോപ് അവസാന ഏകദിനത്തിൽ ശ്രദ്ധേയ പോരാട്ടമാണ് ക്രീസിൽ നടത്തിയത്. അപരാജിതനായി നിന്ന് 162 റൺസാണ് താരം സ്വന്തമാക്കിയത്. 143 പന്തുകൾ നേരിട്ട് 17 ഫോറും മൂന്ന് സിക്സും താരം തൂക്കി. തന്റെ ബാറ്റിങ് മികവിന്റെ രഹസ്യം താരം മത്സര ശേഷം വെളിപ്പെടുത്തുകയും ചെയ്തു. മുൻ ഇന്ത്യൻ ക്യാപ്റ്റനും ഇതിഹാസ താരവുമായ എംഎസ് ധോനിയുടെ ഉപദേശമാണ് തന്റെ ബാറ്റിങ് തന്ത്രം മാറാൻ കാരണമെന്നു ഹോപ് മത്സര ശേഷം വെളിപ്പെടുത്തി.
50 ഓവറും വിക്കറ്റ് കീപ്പറായി നിന്ന ശേഷം ഓപ്പണറായി ഇറങ്ങി ഇന്ത്യ ബൗൾ ചെയ്ത 48.2 ഓവറും താരം ബാറ്റ് വീശി ക്ഷമയോടെ പടുത്തുയർത്തിയ സെഞ്ച്വറി ഏകദിന ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സ് എന്നു വിശേഷിപ്പിക്കാം. ഏകദിനത്തിലെ തങ്ങളുടെ ഏറ്റവും മികച്ച റൺ ചെയ്സുകളിലൊന്നുമാണ് ഇന്ത്യക്കെതിരെ വിൻഡീസ് പുറത്തെടുത്തത്. പരിക്കിന്റെ പിടിയിലായിട്ടു പോലും ഹോപ് അപരാജിതനായി അവിസ്മരണീയ ബാറ്റിങാണ് കാഴ്ചവച്ചത്.
'റൺസ് പിന്തുടർന്നു ജയിക്കുന്നത് ഇന്ത്യൻ സാഹചര്യത്തിൽ കുറച്ചുകൂടി എളുപ്പമാണ്. പ്രത്യേകിച്ച് മഞ്ഞു വീഴ്ചയുള്ളപ്പോൾ. പരമ്പര ജയിക്കാനാണ് ഞങ്ങൾ അഗ്രഹിച്ചത്. എങ്കിലും അവസാന പോരിൽ ജയിച്ചതിൽ വലിയ സന്തോഷമുണ്ട്.'
'തുടയിലെ പേശികൾക്ക് ചെറിയ അസ്വസ്ഥത ഉണ്ടായിരുന്നു. എങ്കിലും അവസാനം വരെ പൊരുതുമെന്നു ടീം ഒറ്റക്കെട്ടായി തീരുമാനിക്കുകയായിരുന്നു. പ്രധാനമായും ഞങ്ങൾക്ക് ഒരു ബാറ്ററുടെ കുറവുണ്ടായിരുന്നു. രണ്ട് പേർ കുറവായിരുന്നു എന്നുതന്നെ പറയാം. അതിനാൽ ചെയ്സിങ് വലിയ വെല്ലുവിളിയായിരുന്നു. മഹാനായ എംഎസ് ധോനിയുമായി ഞാൻ ഒരിക്കൽ സംസാരിച്ചിരുന്നു. നിങ്ങൾ കരുതുന്നതിനേക്കാൾ കൂടുതൽ സമയം നിങ്ങളുടെ പക്കലുണ്ട് എന്നാണ് അദ്ദേഹം എന്നോട് അന്ന് പറഞ്ഞത്.'
'ആ ഉപദേശം മനസിൽ വച്ചാണ് ഞങ്ങൾ റൺ ചേസിനെ പതുക്കെ പതുക്കെ മുന്നോട്ടു കൊണ്ടുപോയത്. ഓവർ നിരക്കിലെ പിഴ ഒഴിവാക്കാൻ അവസാന ഓവറുകളിൽ ഫീൽഡർമാരെ സർക്കിളിനുള്ളിലേക്ക് വിളിക്കേണ്ടി വരുമെന്നു എനിക്കറിയാമായിരുന്നു. അതിനാൽ ക്ഷമയോടെ കാത്തിരുന്നു. പരമ്പരയിലെ ചില ഘട്ടങ്ങളിൽ ഞങ്ങൾ നന്നായി തന്നെ കളിച്ചു. ബാറ്റർമാർ സ്ഥിരത പുലർത്തി. ബൗളിങിൽ ഇനിയും മെച്ചപ്പെടാനുണ്ട്'- ഹോപ് വ്യക്തമാക്കി.
ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. അവസാന പോരിലെ ജയം അതിനാൽ തന്നെ വിൻഡീസിന് ആശ്വാസമായി. കെഎൽ രാഹുലിന്റെ സെഞ്ച്വറിയും (129*), രോഹിത് ശർമ (92), ഋതുരാജ് ഗെയ്ക്‌വാദ് (57) എന്നിവരുടെ അർധ സെഞ്ച്വറികളുടേയും ബലത്തിൽ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 351 റൺസാണ് അടിച്ചെടുത്തത്. വിൻഡീസ് ഹോപിന്റെ അവിസ്മരണീയ ഇന്നിങ്സിന്റേയും അമിർ ജാംഗു (67), കീമോ പോൾ (44) എന്നിവരുടെ ബാറ്റിങിന്റേയും ബലത്തിലാണ് റെക്കോർഡ് പിന്തുടരൽ നടത്തിയത്.
News Now
Summary
Former India captain MS Dhoni's words came to Shai Hope's mind when the West Indies batter found himself in the middle of a massive 352-run chase against India
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates







