
‘റഫറീ, മര്യാദയ്ക്ക് സംസാരിക്കണം‘; വിരൽ ചൂണ്ടി ചൂടായി മെസി (വിഡിയോ)
അർജന്റീന- സ്വിറ്റ്സർലൻഡ് ലോകകപ്പ് ക്വാർട്ടറിൽ റഫറിയും മെസിയും തമ്മിൽ വമ്പൻ വാക്പോര്

കൻസാസ് സിറ്റി: ഫിഫ ലോകകപ്പിലെ അർജന്റീന - സ്വിറ്റ്‌സർലൻഡ് ക്വാർട്ടർ ഫൈനൽ പോരാട്ടം നാടകീയതകളാലും സംഭവബഹലുമായാണ് അവസാനിച്ചത്. മൈതാനത്ത് കണ്ടത് കഠിന പോരാട്ടം. നിശ്ചിത സമയത്ത് ഇരുടീമുകളും 1-1 എന്ന നിലയിൽ സമനില പാലിച്ചതിനെത്തുടർന്ന് കളി അധികസമയത്തേക്ക് നീണ്ടു. രണ്ടാം പകുതിയിൽ സ്വിസ് താരം എംബോളോ ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനാൽ 10 പേരുമായാണ് കളിച്ചത്. എന്നാൽ അർജന്റീനയുടെ മുന്നേറ്റങ്ങളെ പ്രതിരോധിക്കാൻ സ്വിസ് സംഘത്തിനു സാധിച്ചു. ഒടുവിൽ എക്സ്ട്രാ ടൈമിൽ തുടർച്ചയായി നേടിയ രണ്ട് ഗോളുകളുടെ ബലത്തിൽ 3-1നാണ് അർജന്റീന സെമി ഫൈനലിലേക്ക് യോഗ്യത നേടിയത്.
ഈ ലോകകപ്പിൽ ആദ്യമായി ലയണൽ മെസി ഗോൾ അടിക്കാത്ത പോരാട്ടമായിരുന്നു ക്വാർട്ടർ. സ്വിസ് പ്രതിരോധ നിര മെസിയെ പൂട്ടി. അദ്ദേഹത്തിന്റെ ഗോൾ ശ്രമങ്ങളെ കൃത്യമായി തടഞ്ഞ് ഇതിഹാസത്തെ കടുത്ത നിരാശയിലേക്ക് തള്ളിയിട്ടു. മത്സരത്തിന്റെ ഒന്നാം പകുതിയിൽ ഈ സമ്മർദം അദ്ദേഹത്തിൽ പ്രകടമായിരുന്നതിന്റെ ഉദാഹരണമായിരുന്നു പോർച്ചുഗീസ് റഫറിയായ ജോവോ പെഡ്രോ പിൻഹീറോയുമായുള്ള മെസിയുടെ തർക്കം. മൈതാനത്ത് വച്ച് ഇരുവരും രൂക്ഷമായി തർക്കിക്കുന്നതിന്റെ ദൃശ്യങ്ങൾ പിന്നീടെ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
സ്വിറ്റ്‌സർലൻഡിന് അനുകൂലമായി ലഭിച്ച ഒരു ഫ്രീ കിക്ക് പ്രതിരോധിക്കാൻ അർജന്റീനയുടെ പ്രതിരോധ മതിൽ ഒരുക്കുകയായിരുന്നു ക്യാപ്റ്റൻ കൂടിയായ മെസി. ഈ സമയത്ത് നിയമപരമായ അകലത്തിലേക്ക് മാറിനിൽക്കാൻ റഫറി ജോവോ പിൻഹീറോ മെസിയോട് ആവശ്യപ്പെട്ടു. എന്നാൽ റഫറി സംസാരിച്ച രീതിയും പെരുമാറ്റവും മെസിയെ പ്രകോപിപ്പിച്ചു. തന്നോട് ആജ്ഞാപിക്കുന്ന സ്വരത്തിൽ സംസാരിച്ച റഫറിയോട് ‘മര്യാദയ്ക്ക് സംസാരിക്കണം’ എന്നാണ് മെസി കലിപ്പിച്ച് പറഞ്ഞത്.
എന്നാൽ ഫ്രീ കിക്ക് എടുത്ത ശേഷവും തർക്കം അവസാനിച്ചില്ല. മെസി വീണ്ടും റഫറിയുടെ അടുത്തേക്ക് നീങ്ങുകയും തന്റെ അതൃപ്തി അദ്ദേഹത്തോടു തുറന്നു പറയുകയും ചെയ്തു. ടെലിവിഷൻ കാമറകളിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്ന് മെസിയുടെ വാക്കുകൾ വ്യക്തമായിരുന്നു.
‘എന്നോട് സംസാരിക്കുമ്പോൾ മര്യാദ പാലിക്കുക. അനാദരവ് കാട്ടരുത്. ഞാൻ നിങ്ങളോട് മാന്യമായാണ് സംസാരിച്ചത്. എന്നോട് തിരിച്ചും മാന്യമായി സംസാരിക്കണം’– റഫറിയുടെ മുഖത്തു നോക്കി മെസി പറഞ്ഞു.
അർജന്റീന- ഈജിപ്ത് പോരാട്ടത്തിലെ റഫറിയിങ് പരാതി പോലെ തന്നെ ക്വാർട്ടറിലെ സ്വിറ്റ്സർലൻഡിനെതിരായ അവരുടെ മത്സരത്തിലെ റഫറിയുടെ തീരുമാനങ്ങളും ചർച്ചയായിട്ടുണ്ട്. പ്രത്യേകിച്ച് മത്സരത്തിന്റെ രണ്ടാം പകുതിയിലെ ചില തീരുമാനങ്ങൾ. ബ്രീൽ എംബോളോയെ ചുവപ്പ് കാർഡ് നൽകിയത് മത്സരത്തിൽ വലിയ തർക്കത്തിനിടയാക്കി. എംബോളോ ഫൗൾ ഉണ്ടെന്ന് വ്യാജമായി കാണിച്ചെന്ന് ആരോപിച്ച് വാർ പരിശോധനയ്ക്ക് ശേഷം റഫറി അദ്ദേഹത്തിന് രണ്ടാം മഞ്ഞ കാർഡും അതുവഴി ചുവപ്പ് കാർഡും നൽകി പുറത്താക്കിയതാണ് വിവാദത്തിലായിരിക്കുന്നത്.
യൂറോപ്പിലെ ഏറ്റവും മികച്ച യുവ റഫറിമാരിൽ ഒരാളായാണ് കണക്കാക്കപ്പെടുന്ന ആളാണ് അർജന്റീന - സ്വിസ് മത്സരത്തിലെ വിവാദങ്ങളിലൂടെ ശ്രദ്ധേയനായ ജോവോ പെഡ്രോ പിൻഹീറോ. പോർച്ചുഗലിലെ വില നോവ ഡി ഫാമിലിക്കാവോയിൽ ജനിച്ച 38 കാരൻ 2015ൽ പോർച്ചുഗലിലെ ഒന്നാം നിര ലീഗിലാണ് റഫറിയായി അരങ്ങേറ്റം കുറിച്ചത്. മികച്ച പ്രകടനത്തെത്തുടർന്ന് തൊട്ടടുത്ത വർഷം (2016) തന്നെ ഫിഫയുടെ രാജ്യാന്തര റഫറി ബാഡ്ജ് സ്വന്തമാക്കി.
പിൻഹീറോ യുവേഫ ചാംപ്യൻസ് ലീഗ്, യൂറോപ്പ ലീഗ്, കൂടാതെ 2025ലെ യുവേഫ സൂപ്പർ കപ്പ് തുടങ്ങി പ്രമുഖ ടൂർണമെന്റുകൾ നിയന്ത്രിച്ചിട്ടുണ്ട്. ഈ പരിചയസമ്പത്താണ് അദ്ദേഹത്തിന് 2026ലെ ഫിഫ ലോകകപ്പ് നിയന്ത്രിക്കാനുള്ള ഔദ്യോഗിക പാനലിലേക്ക് വഴിതുറന്നത്. യുവ റഫറിയെന്ന നിലയിൽ പുതിയ ഉയരങ്ങൾ താണ്ടുന്ന പിൻഹീറോ ലോകകപ്പ് പൊലൊരു വലിയ വേദിയിൽ വച്ച് ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുമായി തർക്കിച്ചത് അദ്ദേഹത്തിന്റെ റഫറിങ് കരിയറിലെ എക്കാലത്തെയും വലിയൊരു വിവാദമായി അവശേഷിക്കും എന്ന കാര്യത്തിൽ തർക്കമില്ല.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Lionel Messi found himself at the centre of another viral World Cup moment after an animated exchange with Portuguese referee João Pinheiro during Argentina's quarterfinal victory over Switzerland
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


