വീണ്ടും 'ഹൃദയം മുറിഞ്ഞ് ഓറഞ്ച്'! പെനാല്‍റ്റി ഷൂട്ടൗട്ടില്‍ നെതര്‍ലന്‍ഡ്‌സിനെ വീഴ്ത്തി മൊറോക്കോ

ഷൂട്ടൗട്ടില്‍ 2-3ന് ജയിച്ചു കയറി മൊറോക്കോ

The Moroccan team starts to celebrate after winning on penalty kicks the World Cup round of 32 soccer match between the Netherlands and Morocco
Morocco beat Netherlandsap
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :30 ജൂൺ 2026, 10:02 am IST

ഗ്വാഡലൂപ്: കിരീട പ്രതീക്ഷയുമായി എത്തിയ നെതര്‍ലന്‍ഡ്‌സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തി മൊറോക്കോ ഫിഫ ലോകകപ്പ് പോരാട്ടത്തിന്റെ പ്രീ ക്വാര്‍ട്ടറില്‍. ജര്‍മനിയെ പരാഗ്വെയെ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് മത്സരം നീട്ടി വീഴ്ത്തിയതിനു സമാനമായാണ് തൊട്ടുപിന്നാലെ നടന്ന പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്‌സിനെ മൊറോക്കോ പരാജയപ്പെടുത്തിയത്.

നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും 1-1നു സമനില പാലിച്ചപ്പോള്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 2-3 എന്ന സ്‌കോറിനാണ് മൊറോക്കോ വിജയം പിടിച്ചെടുത്തത്. ജയത്തോടെ മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍. നെതര്‍ലന്‍ഡ്‌സ് പുറത്ത്.

നിശ്ചിത സമയത്തിന്റെ 72ാം മിനിറ്റില്‍ കോഡി ഗാക്‌പോ നെതര്‍ലന്‍ഡ്‌സിനെ മുന്നിലെത്തിച്ചു. എന്നാല്‍ 90 മിനിറ്റ് കഴിഞ്ഞുള്ള ഇഞ്ച്വറി സമയത്ത് ഇസ ഡിയോപ് മൊറൊക്കോയെ ഹെഡ്ഡര്‍ ഗോളിലൂടെ നാടകീയമായി തിരിച്ചെത്തിച്ച് മത്സരം അധിക സമയത്തേക്ക് നീട്ടി. അധിക സമയത്തും പിന്നീട് ഗോള്‍ വന്നില്ല.

പിന്നാലെയാണ് അതി നാടകീയ പെനാല്‍റ്റി ഷൂട്ടൗട്ട് അരങ്ങേറിയത്. ഷൂട്ടൗട്ടില്‍ ആദ്യം കിക്കെടുത്തത് ഓറഞ്ച് പടയുടെ കൂപ്‌മെയ്‌നേഴ്‌സായിരുന്നു. താരം പന്ത് കൃത്യം വലയിലിട്ടു. മൊറോക്കോയ്ക്കായി കിക്കെടുത്ത അയ്‌നൗയി പന്ത് പുറത്തേക്ക് അടിച്ചു കളഞ്ഞു.

നെതര്‍ലന്‍ഡ്‌സിനായി കിക്കെടുത്ത ജസ്റ്റിന്‍ ക്ലൈവര്‍ട്ടിന്റെ ഷോട്ട് ബാറില്‍ തട്ടി പുറത്തേക്ക്. ഇതോടെ മൊറോക്കോയ്ക്ക് ആശ്വാസം. മൊറോക്കോ താരം സോഫിയാന്‍ റഹിമി എടുത്ത ഷോട്ട് നെതര്‍ലന്‍ഡ്‌സ് ഗോള്‍ കീപ്പര്‍ വാന്‍ ബ്രഗ്ഗന്‍ തടുത്തെങ്കിലും താരത്തിനു അതു കൈയില്‍ ഒതുക്കാനായില്ല. പന്ത് വലയില്‍.

നെതര്‍ലന്‍ഡ്‌സിനായി മൂന്നാം കിക്കെടുത്ത വോള്‍ട്ട് വോസ്റ്റിന്റെ ഷോട്ട് കൃത്യം വലയില്‍. മൊറൊക്കോയ്ക്കായി ചെംസ്ദിന്‍ ടാല്‍ബിയുടെ ഷോട്ടും വലയില്‍. ഇതോടെ സ്‌കോര്‍ 2-2.

നെതര്‍ലന്‍ഡ്‌സിനായി കിക്കെടുത്ത ക്വിന്റന്‍ ടിംബറിനു പിഴച്ചു. താരത്തിന്റെ കിക്ക് പോസ്റ്റിനു പുറത്തേക്ക് പോയി. പിന്നാലെ മൊറോക്കോയ്ക്കായി കിക്കെടുത്താന്‍ എത്തിയത് ക്യാപ്റ്റന്‍ അഷ്‌റഫ് ഹക്കീമി. താരത്തിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടി തെറിച്ചതോടെ മൊറോക്കോ ഞെട്ടി.

പിന്നാലെ നെതര്‍ലന്‍ഡ്‌സിനു മുന്നിലെത്താന്‍ അവസരം. എന്നാല്‍ ക്രിസെന്‍സിയോ സമ്മര്‍വില്ലെയുടെ ഷോട്ട് മൊറോക്കോ ഗോള്‍ കീപ്പര്‍ യാസിന്‍ ബോനോ തടുത്തു. ഇതോടെ അവസാന കിക്കെടുത്താല്‍ മൊറോക്കോ ജയിക്കും എന്ന സ്ഥിതി. മൊറോക്കോയ്ക്കായി കിക്കെടുത്ത ഇസ്മയില്‍ സയ്ബാരി ഒരു പിഴവും ഇല്ലാതെ പന്ത് വലയിലാക്കി.

മൊറോക്കോ അവസാന 16ല്‍ സീറ്റുറപ്പിച്ചു. കിരീട പ്രതീക്ഷയുമായി എത്തിയ ഓറഞ്ച് സംഘം ഒരിക്കല്‍ കൂടി കണ്ണീരുമായി തല കുമ്പിട്ട് മടങ്ങി.

News Now

Summary

Disastrous Netherlands crash out of FIFA World Cup 2026. Morocco beat Netherlands in penalties

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates