'എന്റെ ഹൃദയം വെനസ്വെല‌യ്ക്കൊപ്പം'; കോടികളുടെ കൈത്താങ്ങുമായി നെയ്മർ

ഫിഫ ലോകകപ്പിൽ ബ്രസീൽ ടീമിനൊപ്പം ഇന്ന് ജപ്പാനെതിരായ റൗണ്ട് ഓഫ് 32 പോരാ‍ട്ടത്തിനു ഇറങ്ങാൻ നെയ്മർ

Brazil's Neymar (10) reacts as he takes the field during the World Cup Group C soccer match between Scotland and Brazil
Neymar ap
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :29 ജൂൺ 2026, 1:13 pm IST

ഹൂസ്റ്റൺ: ഇരട്ട ഭൂകമ്പം സർവനാശം വിതച്ച വെനസ്വെലയ്ക്ക് കൈത്താങ്ങുമായി ബ്രസീൽ സൂപ്പർ താരം നെയ്മർ. ഭൂകമ്പത്തിൽ തകർന്ന രാജ്യത്തിന്റെ രക്ഷാപ്രവർ‌ത്തനങ്ങൾക്കായി താരം കോടികൾ സംഭാവന നൽകി. അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കും മറ്റ് സഹായങ്ങൾക്കുമായി താരം 250,000 യുഎസ് ഡോളർ (ഏകദേശം രണ്ടര കോടിയ്ക്കടുത്ത് ഇന്ത്യൻ രൂപ) സംഭാവന ചെയ്തതായാണ് റിപ്പോർട്ടുകൾ. 'എൽ സുമാരിയോ' ദുരന്തം ബാധിച്ച ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ഭക്ഷണം, കുടിവെള്ളം, താത്കാലിക അഭയ കേന്ദ്രങ്ങൾ, മറ്റ് അടിയന്തര സഹായങ്ങൾ എന്നിവയുൾപ്പെടെയുള്ളവ എത്തിക്കാനായാണ് താരം സഹായം നൽകിയത്.

എന്റെ ഹൃദയം വെനസ്വെലയിലെ ജനങ്ങൾക്കൊപ്പമാണ്. എന്റെ സഹായം ദുരിതബാധിതരായ കുടുംബങ്ങൾക്ക് കരുത്തും ആശ്വാസവും പകരട്ടെ- നെയ്മർ വ്യക്തമാക്കി. ഫിഫ ലോകകപ്പിൽ ബ്രസീൽ ടീമിനൊപ്പം ഇന്ന് ജപ്പാനെതിരായ റൗണ്ട് ഓഫ് 32 പോരാ‍ട്ടത്തിനു ഇറങ്ങാനിരിക്കെയാണ് നെയ്മർ സഹായ ഹസ്തം നീട്ടിയത്.

റിക്ടർ സ്കെയിലിൽ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഇരട്ട ഭൂകമ്പങ്ങളാണ് വെനസ്വെലയിൽ വ്യാപക നാശം വിതച്ചത്. ഇതിന് പിന്നാലെയുണ്ടായ തുടർച്ചയായ ചലനങ്ങൾ രക്ഷാപ്രവർത്തനങ്ങളെ കൂടുതൽ സങ്കീർണമാക്കി. റിപ്പോർട്ടുകൾ പ്രകാരം കുറഞ്ഞത് 1,430 പേർക്കെങ്കിലും ജീവൻ നഷ്ടപ്പെടുകയും 3,238ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 3,100 ലധികം കുടുംബങ്ങൾ ഭവനരഹിതരായതായാണ് വിവരം. അന്താരാഷ്ട്ര മാനുഷിക സംഘടനകളും വിവിധ രാജ്യങ്ങളിലെ സർക്കാരുകളും സഹായ ഹസ്തവുമായി മുന്നോട്ടു വന്നിട്ടുണ്ട്.

വെനസ്വെലയ്ക്ക് പിന്തുണ പ്രഖ്യാപിച്ച രാജ്യങ്ങളിൽ ഇന്ത്യയുമുണ്ട്. ഇന്ത്യ 'ഓപ്പറേഷൻ അമിസ്താദ്' ആരംഭിക്കുകയും 66 ടൺ ദുരിതാശ്വാസ സാമഗ്രികളും ഒപ്പം ദുരന്തബാധിത പ്രദേശങ്ങളെ സഹായിക്കാൻ ഒരു പ്രത്യേക മെഡിക്കൽ സംഘത്തെയും അയക്കുകയും ചെയ്തിട്ടുണ്ട്.

നെയ്മർ പൂർണ ഫിറ്റിലേക്ക്

പരിക്കിനെത്തുടർന്ന് 34കാരനായ നെയ്മറിനു ബ്രസീലിന്റെ ആദ്യ രണ്ട് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ നഷ്ടമായിരുന്നു. എന്നാൽ സ്കോട്ലൻഡിനെതിരെ നടന്ന അവസാന മത്സരത്തിൽ 3-0 ത്തിന് ബ്രസീൽ അനായാസ വിജയം നേടിയപ്പോൾ, കളിയുടെ അവസാന നിമിഷങ്ങളിൽ പകരക്കാരനായി നെയ്മർ മൈതാനത്തേക്ക് തിരിച്ചെത്തി. നോക്കൗട്ട് ഘട്ടങ്ങൾക്ക് മുന്നോടിയായി അദ്ദേഹം പകരക്കാരനായി ഇറങ്ങിയത് ബ്രസീലിനു കൂടുതൽ ആത്മവിശ്വാസം സമ്മാനിക്കുന്നതാണ്.

കഴിഞ്ഞ ഒരാഴ്ചയായി നെയ്മറിന്റെ ശാരീരിക ക്ഷമതയിൽ വലിയ പുരോഗതിയുണ്ടെന്ന് ബ്രസീൽ മുഖ്യ പരിശീലകൻ കാർലോ ആഞ്ചലോട്ടി സ്ഥിരീകരിച്ചു. ജപ്പാനെതിരായ ഇന്നത്തെ മത്സരത്തിൽ വെറ്ററൻ താരത്തിന് കൂടുതൽ സമയം കളിക്കാൻ കഴിഞ്ഞേക്കുമെന്നും അദ്ദേഹം സൂചന നൽകി.

News Now

Summary

Brazilian football superstar Neymar Jr. has once again shown that his influence extends far beyond the football pitch

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates