പറങ്കിപ്പടയെ വിറപ്പിച്ച് ആഫ്രിക്കന്‍ 'പുള്ളിപ്പുലികള്‍'! നിറം മങ്ങി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; സമനിലപ്പൂട്ട്

പോര്‍ച്ചുഗലിനെ 1-1നു സമനിലയില്‍ തളച്ച് കോംഗോ

Congolese player Yovan Vissa (20) celebrates scoring a goal.
ഗോൾ നേട്ടം ആഘോഷിക്കുന്ന കോം​ഗോ താരം യൊവാൻ വിസ (20) portugal vs dr congox
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :18 ജൂൺ 2026, 7:01 am IST

ഹൂസ്റ്റണ്‍: 'പുള്ളിപ്പുലികള്‍' എന്നൊരു പേരുണ്ട് കോംഗോ ഫുട്‌ബോള്‍ ടീമിന്. അക്ഷരാർഥത്തിൽ ആ വിളിപ്പേരിന്റെ പൊരുൾ പോർച്ചു​ഗൽ ശരിക്കും അറിഞ്ഞു. നീണ്ട ഇടവേളയ്ക്ക് ശേഷം ലോകകപ്പ് വീണ്ടും കളിക്കാനെത്തിയ അവര്‍ അമ്പരപ്പിക്കുന്ന പോരാട്ടമാണ് മൈതാനത്ത് പുറത്തെടുത്തത്. ലോക കിരീടം നേടാന്‍ സാധ്യതയുള്ള ടീമുകളുടെ കൂട്ടത്തില്‍ ആരാധകര്‍ ഇത്തവണ എഴുതി ചേര്‍ത്ത പേരാണ് പോര്‍ച്ചുഗലിന്റേത്. എന്നാല്‍ അതൊന്നും ചരിത്രത്തില്‍ രണ്ടാം തവണ ലോകകപ്പിനെത്തിയ കോംഗോ ടീമിനെ ബാധിക്കുന്നതേ ആയിരുന്നില്ല. കരുത്തരായ പോര്‍ച്ചുഗലിനെ അവര്‍ 1-1നു സമനിലയില്‍ തളച്ചു. കളിയുടെ ആറാം മിനിറ്റില്‍ ഗോള്‍ വഴങ്ങിയിട്ടും ഉജ്ജ്വല പോരാട്ടം കാഴ്ച്ച വച്ച കോംഗോലീസ് വീറോടെ സമനില പൊരുതി വാങ്ങി. ആക്രമണത്തിലും പ്രതിരോധത്തിലും അവര്‍ പോര്‍ച്ചുഗലിനെ അടിമുടി വിറപ്പിച്ചു.

നായകനും സൂപ്പര്‍ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തീര്‍ത്തും നിറം മങ്ങിയ പോരില്‍ ആദ്യ പകുതിയില്‍ താരം ഒരു തവണ മാത്രമാണ് എതിര്‍ ബോക്‌സില്‍ നിന്നു പന്ത് തൊട്ടത്. രണ്ടാം പകുതിയില്‍ രണ്ട് മികച്ച അവരങ്ങള്‍ ലഭിച്ചിട്ടും അതൊന്നും മുതലെടുക്കാന്‍ താരത്തിനു സാധിച്ചതുമില്ല.

മികച്ച ആത്മവിശ്വാസവുമായാണ് പോര്‍ച്ചുഗല്‍ കളി തുടങ്ങിയത്. കിക്കോഫിനു പിന്നാലെ തന്നെ അവര്‍ ആക്രമണവും തുടങ്ങി. ആറാം മിനിറ്റില്‍ തന്നെ അതിന്റെ ഫലവും വന്നു. ഇടതു വിങ്ങില്‍ നിന്നു പെഡ്രോ നെറ്റോ ക്രോസ് ചെയ്തു നല്‍കിയ പന്തിനെ ക്ലിനിക്കല്‍ ഹെഡ്ഡിലൂടെ ജാവോ നെവസ് വലയിലാക്കി.

ഈ ഗോള്‍ വഴങ്ങിയത് കോംഗോയ്ക്ക് ഉപകാരമായെന്നു പിന്നീട് അവരുടെ കളി കണ്ടവര്‍ പറഞ്ഞിട്ടുണ്ടാകും. ആറാം മിനിറ്റിലെ ഗോളിനു പിന്നാലെയാണ് അവര്‍ കളിയില്‍ താളം കണ്ടെത്തിയത്. പതിയെ പ്രത്യാക്രമണ തന്ത്രത്തിലേക്ക് അവരും കടന്നതോടെ കളി ചൂടുപിടിച്ചു.

പലപ്പോഴും അവര്‍ പോര്‍ച്ചുഗല്‍ ബോക്‌സിലേക്ക് അതിവേഗം കയറിയെങ്കിലും ഫിനിഷിങ് പോരായ്മകള്‍ വഴി തടഞ്ഞു. യൊവാന്‍ വിസ്സ, സെഡ്രിക്ക് ബെക്കാംബു എന്നിവര്‍ ലോങ് റേഞ്ചുകള്‍ പരീക്ഷിച്ചെങ്കിലും ഫലം കണ്ടില്ല.

കളി ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്തേക്ക് നീങ്ങിയപ്പോള്‍ ലോകകപ്പിലെ അവരുടെ ചരിത്ര ഗോളും പിറന്നു. ഒന്നാം പകുതിയുടെ അവസാന ഘട്ടത്തില്‍ കോംഗോയ്ക്ക് അനുകൂലമായി ഒരു കോര്‍ണര്‍. ആര്‍തുര്‍ മസ്വാക്കു കോര്‍ണറില്‍ നിന്നു നല്‍കിയ പന്തിനെ യൊവാന്‍ വിസ്സ പോര്‍ച്ചുഗല്‍ താരങ്ങള്‍ക്കിടയിലൂടെ ഉയര്‍ന്നു പൊങ്ങി ഉജ്ജ്വലമായ ഹെഡ്ഡറില്‍ വലയിലേക്കിട്ട് അവരെ ഞെട്ടിച്ചു. ഒപ്പം ചരിത്രത്തിലെ ആദ്യ ലോകകപ്പ് ഗോളെന്ന നേട്ടവും അവര്‍ സ്വന്തം രാജ്യത്തിന്റെ പേര്‍ക്കെഴുതി. യൊവാന്‍ വിസ്സ ഒറ്റ ഹെഡ്ഡറിലൂടെ ലോകകപ്പില്‍ കോംഗോയ്ക്കായി ഗോള്‍ നേടുന്ന ആദ്യ താരമെന്ന കോംഗോളീസ് ഫുട്‌ബോള്‍ ചരിത്രത്തില്‍ തന്റെ പേര് മായ്ക്കാന്‍ കഴിയാത്ത വിധം എഴുതി ചേര്‍ക്കുകയും ചെയ്തു.

രണ്ടാം പകുതിയില്‍ ബെര്‍ണാര്‍ഡോ സില്‍വയ്ക്കു പകരം ഫ്രാന്‍സിസ്‌കോ കോണ്‍സെയ്‌സാവോയെ കളത്തിലിറക്കിയാണ് പോര്‍ച്ചുഗല്‍ തുടങ്ങിയത്. ആദ്യ പകുതിയില്‍ സില്‍വ മഞ്ഞ കാര്‍ഡ് വാങ്ങിയിരുന്നു. കോണ്‍സെയ്‌സാവോയുടെ വരവ് വലത് വിങ്ങില്‍ കാര്യമായ മാറ്റം കൊണ്ടു വന്നു. രണ്ടാം പകുതിയില്‍ പോര്‍ച്ചുഗല്‍ കൂടുതല്‍ ആക്രമണം പുറത്തെടുത്തു. കോണ്‍സെയ്താവോയുടെ മുന്നേറ്റങ്ങള്‍ കോംഗോയ്ക്ക് തലവേദനയുണ്ടാക്കിക്കൊണ്ടിരുന്നു. എന്നാല്‍ അപ്പോഴും അവര്‍ പ്രതിരോധക്കോട്ടയില്‍ വിള്ളന്‍ വീഴ്ത്താന്‍ അനുവദിച്ചതുമില്ല.

സമനില പിടിച്ചതിന്റെ വര്‍ധിത വീര്യം കോംഗോയും പുറത്തെടുത്തതോടെ ആദ്യ പകുതിയേക്കാള്‍ ആക്രമണ പ്രത്യാക്രമണങ്ങള്‍ രണ്ടാം പകുതിയില്‍ കണ്ടു. എഡോ കായെംബയും സാമുവല്‍ മൗറ്റോസ്മ്മിയും നോവ സദിക്കിയും മുന്നേറ്റ നിരയിലേക്ക് തുടരെ തുടരെ പന്തുകള്‍ എത്തിച്ചു.

അതിനിടെ 54ാം മിനിറ്റില്‍ ജാവോ കാന്‍സലോയുടെ ഒരു അക്രോബാറ്റിക് കിക്ക് കോംഗോ വലയില്‍ കയറിയെങ്കിലും അത് ഓഫ് സൈഡായി മാറി. പിന്നാലെ കോംഗോ ഗോളിനടുത്തെത്തി. പോര്‍ച്ചുഗല്‍ ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനിടെ പന്ത് കിട്ടിയ സെഡ്രിക്ക് ബെക്കാംബു അത് വലയിലേക്ക് അടിക്കാന്‍ ശ്രമിച്ചെങ്കിലും ബാറില്‍ തട്ടി മടങ്ങി.

മത്സരം വമ്പന്‍ ആക്രമണങ്ങളാല്‍ സജീവമായതോടെ പല പോര്‍ച്ചുഗല്‍ താരങ്ങളും അസ്വസ്ഥതരായിരുന്നു. പലപ്പോഴും കളി കൈയാങ്കളിയിലേക്ക് നീങ്ങുമെന്ന പ്രതീതിയുമുണ്ടായി. 68, 73 മിനിറ്റുകളില്‍ കിട്ടിയ സുവര്‍ണാവസരങ്ങള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പുറത്തേക്ക് വലിച്ചടിച്ച് കളയുകയും ചെയ്തതോടെ അവര്‍ അടിമുടി നിരാശയിലായി.

അവസാന ഘട്ടം വരെ കോംഗോ ഉജ്ജ്വലമായി തന്നെ പോര്‍ച്ചുഗല്‍ ആക്രമണങ്ങളെ പ്രതിരോധിച്ചു. തഞ്ചം കിട്ടിയപ്പോഴൊക്കെ അവര്‍ എതിര്‍ പോസ്റ്റിലേക്ക് ആക്രമണം അഴിച്ചുവിടുകയും ചെയ്തു. പതിവ് ആഫ്രിക്കന്‍ ടീമുകളുടെ കളിയില്‍ നിന്നു വ്യത്യസ്തമായി കളം മുഴുവന്‍ സാധ്യമായ എല്ലാ രീതിയിലും എതിരാളികളെ കുരുക്കിയിടാന്‍ അവര്‍ക്കായി.

ഒടുവില്‍ 52 വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ലോകകപ്പിലേക്കുള്ള തിരിച്ചു വരവില്‍ പോര്‍ച്ചുഗലെന്ന കരുത്തരെ വിജയത്തോളം പോന്ന സമനിലയില്‍ കുരുക്കി അവര്‍ കളം വിട്ടു. 1974ലാണ് കോംഗോ ആദ്യമായും അവസാനമായും ലോകകപ്പ് കളിച്ചത്. അതിനു ശേഷം ഇപ്പോഴാണ് അവരുടെ രണ്ടാം വരവ്.

News Now

Summary

portugal vs dr congo: DR Congo have taken a point of the mighty Portugal here in Houston

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates