ഇന്‍ജുറി ടൈം ഗോളില്‍ സമനില പിടിച്ച് ഖത്തര്‍; സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ ചരിത്രനേട്ടം

ആദ്യ പകുതിയിലും രണ്ടാം പകുതിയുടെ ഭൂരിഭാഗവും ആധിപത്യം പുലര്‍ത്തി സ്വിറ്റ്‌സര്‍ലന്‍ഡ്

Qatar vs Switzerland
ഖത്തര്‍ -സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരത്തില്‍ നിന്ന്‌Reuters
Edited by :Bijeesh
Last Updated :14 ജൂൺ 2026, 6:36 am IST

സാൻഫ്രാൻസിസ്‌കോ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് ബി മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ അവസാന നിമിഷത്തില്‍ സമനില പിടിച്ചെടുത്ത് ഖത്തര്‍. ലെവൈസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റില്‍ ബോലം ഖൗഖി നേടിയ ഹെഡര്‍ ഗോളാണ് ഖത്തറിന് വിലപ്പെട്ട ഒരു പോയിന്റ് സമ്മാനിച്ചത്. മത്സരം 1-1 എന്ന നിലയിലാണ് അവസാനിച്ചത്.

മത്സരത്തിന്റെ ഭൂരിഭാഗവും സ്വിറ്റ്‌സര്‍ലന്‍ഡിന്റെ നിയന്ത്രണത്തിലായിരുന്നു. തുടക്കത്തില്‍ തന്നെ നിരവധി അവസരങ്ങള്‍ സൃഷ്ടിച്ച അവര്‍ക്ക് 17-ാം മിനിറ്റില്‍ ലീഡ് നേടാനായി. റിമോ ഫ്രോയ്‌ലറിനെ ഖത്തര്‍ ഗോള്‍കീപ്പര്‍ മഹ്മൂദ് അബുനാദ ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റി, ബ്രെയല്‍ എംബോളോ ഗോളാക്കി മാറ്റുകയായിരുന്നു. ഇതോടെ സ്വിസ് ടീം 1-0ന് മുന്നിലെത്തി.

ആദ്യ പകുതിയിലും രണ്ടാം പകുതിയുടെ ഭൂരിഭാഗവും സ്വിറ്റ്‌സര്‍ലന്‍ഡ് ആധിപത്യം പുലര്‍ത്തി. ഡാന്‍ എന്‍ഡോയെയും റൂബന്‍ വര്‍ഗാസും ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് ലഭിച്ച അവസരങ്ങള്‍ ഗോളാക്കി മാറ്റാന്‍ കഴിഞ്ഞില്ല. നിരവധി ഷോട്ടുകള്‍ ലക്ഷ്യം കാണാതെ പോയപ്പോള്‍, ഗോള്‍ കീപ്പര്‍ അബുനാദയുടെ ര്ക്ഷാപ്രവര്‍ത്തനവും ഖത്തറിന് തുണയായി.

മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ജയിച്ചെന്ന് തോന്നിയ ഘട്ടത്തിലാണ് ഖത്തര്‍ തിരിച്ചടിച്ചത്. ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷങ്ങളില്‍ ഹോമം അഹമ്മദ് നല്‍കിയ ക്രോസില്‍ നായകന്‍ ബൗലം ഖൗഖി ഉയര്‍ന്ന് ചാടി ഹെഡറിലൂടെ പന്ത് വലയിലെത്തിച്ചു. ഈ ഗോളോടെ ഖത്തര്‍ സമനില പിടിച്ചെടുക്കുകയും ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ പോയിന്റ് സ്വന്തമാക്കുകയും ചെയ്തു.

മത്സരത്തില്‍ ഫിനിഷിങ്ങിലെ പിഴവുകളാണ് സ്വിറ്റ്‌സര്‍ലന്‍ഡിന് തിരിച്ചടിയായത്. ഇതോടെ ഗ്രൂപ്പ് ബിയിലെ സ്ഥിതി കൂടുതല്‍ ആവേശകരമായി. നേരത്തെ കാനഡയും ബോസ്‌നിയ-ഹെര്‍സഗോവിനയും തമ്മിലുള്ള മത്സരവും സമനിലയില്‍ അവസാനിച്ചതിനാല്‍ ഗ്രൂപ്പിലെ നാല് ടീമുകളും ഓരോ പോയിന്റ് വീതം നേടിയ നിലയിലാണ്.

അതേസമയം മലയാളികള്‍ കാത്തിരുന്ന തലശ്ശേരിക്കാരന്‍ തഹ്‌സിന്‍ മുഹമ്മദ് ജംഷീദിന് ലോകകപ്പ് വേദിയില്‍ കളത്തിലിറങ്ങാനായില്ല. മത്സരത്തില്‍ പകരക്കാരുടെ പട്ടികയില്‍ തഹ്സിന്റെ പേരുണ്ടായിരുന്നെങ്കിലും ഖത്തറിനായി കോച്ച് ജുലെന്‍ ലോപ്റ്റേഗി, അഹമ്മദ് അലാദിന്‍, ഹസന്‍ അല്‍ ഹൈദോസ്, കരീം ബോദിയാഫ്, അഹമ്മദ് ഫാത്തി, മുഹമ്മദ് മനായ് എന്നിവരെയാണ് പകരക്കാരായി കളത്തിലിറക്കിയത്.

News Now

Summary

Qatar vs Switzerland, FIFA World Cup 2026: Qatar earn first ever World Cup point with late goal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates