
കൊക്കെയ്ൻ, തോക്ക്, സെക്സ് റാക്കറ്റ്...! ആരാണ് ലോകകപ്പ് ഫൈനൽ റഫറി വിൻസിച്?
അർജന്റീന- സ്പെയിൻ ലോകകപ്പ് ഫൈനൽ പോരാട്ടം നിയന്ത്രിക്കുന്നത് സ്ലോവേനിയ റഫറിയായ സ്ലാവ്കോ വിൻസിച്

ന്യൂയോർക്ക്: ഞായറാഴ്ച നടക്കുന്ന ഫിഫ ലോകകപ്പ് ഫൈനൽ പോരാട്ടത്തിൽ നിലവിലെ ചാംപ്യന്മാരായ അർജന്റീനയും സ്പെയിനും നേർക്കുനേർ വരുമ്പോൾ മത്സരം നിയന്ത്രിക്കാനുള്ള ചരിത്രപരമായ നിയോഗം സ്ലോവേനിയ റഫറിയായ സ്ലാവ്കോ വിൻസിചിന്. മുൻപ് പെൺവാണിഭ സംഘത്തെ പിടികൂടാനായി പൊലീസ് നടത്തിയ റെയ്ഡിൽ അവിചാരിതമായി അകപ്പെട്ടതടക്കമുള്ള ഭൂതകാലത്തിന്റെ കയ്പ്പേറിയ അനുഭവങ്ങൾ പറയാനുണ്ട് വിൻസിചിന്. പിന്നീട് വലിയ വിവാദങ്ങളെ അതിജീവിച്ച് കരിയറിലേക്ക് ശക്തമായി തിരിച്ചുവന്ന റഫറിയാണ് വിൻസിച്. ഫുട്ബോൾ ലോകത്തെ ഏറ്റവും അഭിമാനകരമായ ചുമതല ഫിഫ ബുധനാഴ്ചയാണ് അദ്ദേഹത്തെ ഏൽപ്പിച്ചത്.
മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന ഈ വൻപോരാട്ടത്തിൽ വിൻസിചിനൊപ്പം സ്ലോവേനിയക്കാരായ ടോമാസ് ക്ലാൻക്നിക്കും ആൻഡ്രാസ് കോവാസിചും അസിസ്റ്റന്റ് റഫറിമാരായി പ്രവർത്തിക്കും. ജോർദാന്റെ അദ്ഹാം മഖാദ്മേ ഫോർത്ത് ഒഫീഷ്യലായും, മുഹമ്മദ് അൽഖലാഫ് റിസർവ് അസിസ്റ്റന്റ് റഫറിയായും ചുമതലയേൽക്കും.
കായിക ലോകവുമായി യാതൊരു ബന്ധവുമില്ലാത്ത കാരണങ്ങളാൽ ആറ് വർഷം മുൻപ് ആഗോള മാധ്യമങ്ങളിൽ തലക്കെട്ടായി മാറിയ ആളാണ് വിൻസിച്.
കരിയർ തകർക്കുമായിരുന്ന വലിയ വിവാദം
2020 മെയ് മാസത്തിൽ ബോസ്നിയ ആൻഡ് ഹെർസഗോവിനയിലെ ബിജെൽജിനയ്ക്ക് സമീപമുള്ള ഒരു ഫാമിൽ പൊലീസ് നടത്തിയ വൻ ഓപ്പറേഷനിൽ കസ്റ്റഡിയിലെടുക്കപ്പെട്ട ഡസൻ കണക്കിന് ആളുകളിൽ വിൻസിചും ഉൾപ്പെട്ടിരുന്നു. ഒരു അന്താരാഷ്ട്ര പെൺവാണിഭ സംഘത്തിന്റെ ഒത്തുചേരൽ കേന്ദ്രമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിച്ച സ്ഥലത്തായിരുന്നു പൊലീസ് റെയ്ഡ് നടത്തിയത്.
അന്നു പുറത്തു വന്ന റിപ്പോർട്ടുകൾ പ്രകാരം ഈ ശൃംഖലയുടെ പ്രധാന സംഘാടകയെന്ന് പൊലീസ് തിരിച്ചറിഞ്ഞ തിജാന മക്സിമോവിച് ഉൾപ്പെടെ 26 പുരുഷന്മാരെയും 9 സ്ത്രീകളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. റെയ്ഡിൽ നാല് പാക്കറ്റ് കൊക്കെയ്ൻ, 10 പിസ്റ്റളുകൾ, മൂന്ന് പ്രൊട്ടക്റ്റീവ് വെസ്റ്റുകൾ, കൂടാതെ 10,000 യൂറോയിലധികം വരുന്ന വിവിധ കറൻസികൾ എന്നിവയും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. പിന്നീട് കുറ്റങ്ങൾ മക്സിമോവിച് കോടതിയിൽ സമ്മതിക്കുകയും ഒരു വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെടുകയും ചെയ്തു.
അബദ്ധത്തിൽ പൊലീസ് പിടികൂടിയ വിൻസിചിനെതിരെ ഒരു കുറ്റകൃത്യങ്ങളും ചുമത്തിയിരുന്നില്ല. ഒരു ബിസിനസ് ഉച്ചഭക്ഷണത്തിനുള്ള ക്ഷണം സ്വീകരിച്ച് അവിടെയെത്തിയ വിൻസിചിന് ഈ മാഫിയാ സംഘവുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായതിനെത്തുടർന്ന് സാക്ഷിയായി ചോദ്യം ചെയ്ത ശേഷം പൊലീസ് അദ്ദേഹത്തെ ഉടൻ തന്നെ വിട്ടയച്ചു.
'ഒരു ഉച്ചഭക്ഷണത്തിനുള്ള ക്ഷണം ഞാൻ സ്വീകരിച്ചു. അത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായി മാറി. അറസ്റ്റിലായ സംഘവുമായോ എന്റെ ബിസിനസ് പങ്കാളികൾക്കോ യാതൊരുവിധ ബന്ധവുമില്ല. ഞങ്ങളെ സാക്ഷികളായി മാത്രമാണ് ചോദ്യം ചെയ്തത്. ഞങ്ങൾക്ക് അവരെ അറിയില്ലെന്ന് വ്യക്തമായപ്പോൾ പോകാൻ അനുവാദം ലഭിച്ചു'- സംഭവത്തിന് ശേഷം സ്ലോവേനിയൻ മാധ്യമമായ 'വെസറിനോട്' വിൻസിച് പറഞ്ഞു.
സ്ലോവേനിയൻ ഫുട്ബോൾ റഫറിമാരുടെ അസോസിയേഷൻ പ്രസിഡന്റ് വ്ലാഡോ സജ്നും വിൻസിചിനെ അന്ന് പരസ്യമായി പിന്തുണച്ചു. വിൻസിചിനെതിരെ യാതൊരു നിയമനടപടികളും ഉണ്ടായിട്ടില്ലെന്നും ആ നിർഭാഗ്യകരമായ സാഹചര്യങ്ങളിൽ അദ്ദേഹം അവിചാരിതമായി ചെന്നുപെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വലിയ വിവാദങ്ങൾക്കു ശേഷം വിൻസിച് തന്റെ റഫറിയിങ് കരിയറിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കി. ഒടുവിൽ 2024ൽ ബോറൂസിയ ഡോർട്ട്മുണ്ടും റയൽ മാഡ്രിഡും തമ്മിൽ നടന്ന യുവേഫ ചാംപ്യൻസ് ലീഗ് ഫൈനൽ നിയന്ത്രിക്കാനുള്ള വലിയ അവസരവും അദ്ദേഹത്തെ തേടിയെത്തി.
അർജന്റീനയ്ക്ക് പരിചിതൻ
ലോകകപ്പിന്റെ വേദിയിൽ അർജന്റീനയുടെ മത്സരം വിൻസിച് നിയന്ത്രിക്കുന്നത് ഇതാദ്യമല്ല. 2022ലെ ലോകകപ്പിലാണ് മെസിയും സംഘവും കളിച്ച ഒരു മത്സരത്തിൽ അദ്ദേഹം റഫറിയായത്. അന്ന് ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിൽ സൗദി അറേബ്യയോട് അർജന്റീന ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു. എന്നാൽ ഈ കനത്ത തിരിച്ചടിയിൽ നിന്നു കരകയറിയാണ് അർജന്റീന അന്ന് ലോക കിരീടം ചൂടിയത്.
നടപ്പ് ലോകകപ്പിൽ വിൻസിച് ഇതിനകം മൂന്ന് മത്സരങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്. മെക്സിക്കോയുടെ ലാസ്റ്റ്32 വിജയം, ബ്രസീൽ- മൊറോക്കോ സമനില മത്സരം, ജോർദാനെതിരെയുള്ള അൾജീരിയയുടെ വിജയം എന്നീ മത്സരങ്ങളാണ് അദ്ദേഹം നിയന്ത്രിച്ചത്.
സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ തകർപ്പൻ തിരിച്ചുവരവ് നടത്തി അർജന്റീന ഫൈനലുറപ്പിച്ചപ്പോൾ, ഫ്രാൻസിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് സ്പെയിൻ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ഈ രണ്ട് വമ്പന്മാർ തമ്മിലുള്ള മഹാപോരാട്ടത്തിലാണ് തിരിച്ചു പിടിച്ച റഫറിയിങ് കരിയറിൽ ആദ്യമായി വിൻസിച് ലോകകപ്പ് ഫൈനൽ നിയന്ത്രിക്കാനിറങ്ങുന്നത്.
WHAT TO READ NEXT

ആരാധകരേ, അറിയേണ്ടതെല്ലാം '5' മിനിറ്റിൽ; 'ലോകകപ്പ് ഫൈനൽ ഗൈഡ്!'
News Now
പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം

ദീര്‍ഘദൂര യാത്രയ്ക്ക് പോകുകയാണോ?, ട്രാവല്‍ ഇന്‍ഷുറന്‍സ് മറക്കരുത്; പ്രീമിയം തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ആറു കാര്യങ്ങള്‍

'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

Summary
FIFA has appointed Slovenian referee Slavko Vincic to officiate Sunday's FIFA World Cup 2026 final between defending champions Argentina and Spain
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





