'എന്തുകരുതി... ഞങ്ങൾ കോട്ടും സൂട്ടുമിട്ട് കളിക്കുമെന്നോ, ഫ്രാൻസിന് വിരസ ഫുട്ബോളും അറിയാം'!

പരാ​ഗ്വെയ്ക്കെതിരെ കളിച്ചത് പോരാടാനുറച്ച മനസോടെയെന്ന് കിലിയൻ എംബാപ്പെ

France's Kylian Mbappe (10) celebrates after scoring from a penalty kick the opening goal during the World Cup round of 16 soccer match between Paraguay and France
Kylian Mbappeap
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :5 ജൂലൈ 2026, 11:45 am IST

ഫിലഡാൽഫിയ: കടുത്ത ചൂടിൽ നടന്ന ലോകകപ്പിലെ പ്രീ ക്വാർട്ടർ മത്സരത്തിൽ പ്രതിരോധത്തിലൂന്നി കളിച്ചും ഫൗളുകളിലൂടെ കളി തടസപ്പെടുത്തിയും തങ്ങളെ ശാരീരിക പോരാട്ടത്തിലേക്ക് വലിച്ചിഴയ്ക്കാൻ ലാറ്റിനമേരിക്കൻ ടീമായ പരാ​ഗ്വെ ശ്രമിക്കുമെന്നും കാര്യങ്ങൾ എളുപ്പമാകില്ലെന്നും ഫ്രാൻസിന് വ്യക്തമായി അറിയാമായിരുന്നു. ഇക്കാര്യം അടിവരയിടുന്ന പ്രതികരണമായിരുന്നു ഫ്രാൻസ് നായകൻ കിലിയൻ എംബാപ്പെയുടേത്. തങ്ങൾ കഠിനാധ്വാനം ചെയ്യാൻ ഉറച്ചു തന്നെയാണ് പോരാട്ടത്തിനിറങ്ങിയതെന്നു എംബാപ്പെ വ്യക്തമാക്കി. മത്സര ശേഷമുള്ള പ്രതികരണത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. ഇത്തരമൊരു മത്സരം തന്നെയാണ് ഫ്രാൻസ് പ്രതീക്ഷിച്ചിരുന്നതെന്നും നായകൻ.

'എങ്ങനെയുള്ള മത്സരമാണ് നേരിടേണ്ടി വരിക എന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. കഠിനാധ്വാനം ചെയ്യേണ്ടി വന്നാൽ ഞങ്ങൾ അതിന് തയ്യാറായി തന്നെയാണ് വന്നത്. ഫ്രാൻസിനു വിരസമായ ഫുട്ബോളും കളിക്കാനാകും. ഞങ്ങൾ കോട്ടും സൂട്ടും ധരിച്ച് കളിക്കാൻ വരുമെന്നാണ് അവർ കരുതിയത്. എന്നാൽ ഞങ്ങൾ പോരാടാൻ തന്നെയാണ് വന്നത്. ആ ശൈലിയിലുള്ള കളിയിലും ഞങ്ങൾ അവരേക്കാൾ മികച്ചവരായിരുന്നു. അതാണ് അവരുടെ ഫുട്ബോൾ. കളിയിൽ ശരിയോ തെറ്റോ ആയ വഴികളില്ല. അവർ ആ രീതിയിൽ ഞങ്ങളെ നേരിടാൻ നോക്കി. പക്ഷേ ഒടുവിൽ ഞങ്ങൾ തന്നെ വിജയിച്ചു'- എംബാപ്പെ വ്യക്തമാക്കി.

'കളി എളുപ്പമായിരുന്നില്ല. അവർ തന്ത്രങ്ങളെല്ലാം പുറത്തെടുത്തു. ആളുകളെ സ്റ്റേഡിയത്തിലേക്ക് ആകർഷിക്കുന്ന തരത്തിലുള്ള ഫുട്ബോൾ അല്ല ഇത്. പക്ഷേ അവർ നന്നായി പ്രതിരോധിച്ചു. ലാറ്റിനമേരിക്കൻ ടീമുകൾക്കെതിരെ കളിക്കുന്നത് എപ്പോഴും കഠിനമേറിയതാണ്'- മത്സരത്തിന് ശേഷം ഫ്രാൻസ് പരിശീലകൻ ദിദിയർ ദെഷാംപ്സും പ്രതികരിച്ചു.

70ാം മിനിറ്റിൽ കിലിയൻ എംബാപ്പെ തന്നെയാണ് മത്സരത്തിന്റെ വിധി നിർണയിച്ചത്. മത്സരത്തിൽ അനുകൂലമായി കിട്ടിയ പെനാൽറ്റി വലയിലെത്തിച്ചാണ് എംബാപ്പെ ഫ്രാൻസിനു ലീഡ് സമ്മാനിച്ചത്. ബോക്സിലേക്ക് കുതിച്ചു കയറിയ ഡിസയർ ഡുവെയെ ഡീഗോ ഗോമസ് ഫൗൾ ചെയ്തതിനെ തുടർന്നാണ് ഫ്രാൻസിന് പെനാൽറ്റി ലഭിച്ചത്. റഫറി ആദ്യം ഇത് ഫൗൾ വിളിച്ചില്ലെങ്കിലും വാർ പരിശോധനയ്ക്ക് ശേഷം പെനാൽറ്റി അനുവദിക്കുകയായിരുന്നു. എംബാപ്പെ യാതൊരു പതർച്ചയുമില്ലാതെ പന്ത് വലയിലെത്തിക്കുകയും ചെയ്തു.

ഈ ടൂർണമെന്റിൽ എംബാപ്പെയുടെ ഏഴാമത്തെ ഗോൾ ആയിരുന്നു ഇത്. ഇതോടെ ലോകകപ്പ് കരിയറിൽ ആകെ 19 ഗോളുകൾ തികച്ച എംബാപ്പെ, ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടത്തിൽ ലയണൽ മെസിക്കൊപ്പമെത്തി. കൂടാതെ മെസിയുടെ എക്കാലത്തെയും ഉയർന്ന ലോകകപ്പ് ഗോൾ വേട്ടയെന്ന റെക്കോർഡിന് തൊട്ടരികിൽ (ഒരു ഗോൾ അകലെ) എത്താനും അദ്ദേഹത്തിന് സാധിച്ചു.

ക്വാർട്ടർ ഫൈനലിൽ ഫ്രാൻസ് ഇനി മൊറോക്കോയെ നേരിടും. അതേസമയം, തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പ് മുന്നേറ്റങ്ങളിലൊന്ന് കാഴ്ചവെച്ച ശേഷമാണ് പരാഗ്വെ ടൂർണമെന്റിൽ നിന്നു പുറത്താകുന്നത്.

News Now

Summary

Kylian Mbappe: France Knew They Had to Work Hard for Victory Over Paraguay

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates