1980ന് ശേഷം ആദ്യമായാണ് ഏകദിനത്തില്‍ അഞ്ച് താരങ്ങള്‍ ഒരുമിച്ച് ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്നത്

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 8:47 am IST

News Now

കൊളംബോ: ശ്രീലങ്കക്കെതിരെ മൂന്നാം ഏകദിനത്തിന് ഇറങ്ങിയപ്പോള്‍ പ്ലേയിങ് ഇലവനില്‍ ആറ് മാറ്റങ്ങളാണ് ഇന്ത്യ വരുത്തിയത്. അതില്‍ അഞ്ച് താരങ്ങള്‍ക്ക് ഏകദിനത്തില്‍ അരങ്ങേറ്റവും. 1980ന് ശേഷം ആദ്യമായാണ് ഏകദിനത്തില്‍ അഞ്ച് താരങ്ങള്‍ ഒരുമിച്ച് ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്നത്. 

കീര്‍ത്തി ആസാധ്, റോജര്‍ ബിന്നി, ദിലിപ് ദോഷി, സന്ദീപ് പട്ടില്‍, ടി ശ്രീനിവാസന്‍ എന്നിവരാണ് 1980ല്‍ ഇന്ത്യക്കായി ഏകദിനത്തില്‍ ഒരുമിച്ച് അരങ്ങേറ്റം കുറിച്ചത്. മെല്‍ബണില്‍ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു ഇത്. 

കൊളംബോയില്‍ സഞ്ജു സാംസണ്‍, ഓള്‍റൗണ്ടര്‍ കൃഷ്ണപ്പ ഗൗതം, പേസര്‍ ചേതന്‍ സക്കറിയ, മധ്യനിര ബാറ്റ്‌സ്മാന്‍ നിതീഷ് റാണ, സ്പിന്നര്‍ രാഹുല്‍ ചഹര്‍ എന്നിവരാണ് അരങ്ങേറ്റം കുറിച്ചത്. ആദ്യ രണ്ട് ഏകദിനങ്ങളില്‍ അവസരം ലഭിക്കാതിരുന്ന നവ്ദീപ് സെയ്‌നിയും പ്ലേയിങ് ഇലവനിലേക്ക് എത്തി. 

ഐപിഎല്ലിലെ തങ്ങളുടെ മുന്‍നിര താരങ്ങള്‍ക്ക് പ്ലേയിങ് ഇലവനില്‍ അവസരം ലഭിച്ചതോടെ ഫ്രാഞ്ചൈസികളും സമൂഹമാധ്യമങ്ങളിലെത്തി. സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാവുമെന്നാണ് ഇന്ത്യന്‍ കുപ്പായത്തിലെ നിതീഷ് റായുടെ ചിത്രം പങ്കുവെച്ച് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് കുറിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates