അരങ്ങേറ്റത്തില്‍ 76 റണ്‍സ്; രണ്ടാം പോരില്‍ സെഞ്ച്വറി; ടി20യില്‍ പുതിയ ലോക റെക്കോര്‍ഡ് സ്ഥാപിച്ച് 18കാരന്‍

61 പന്തില്‍ ഒന്‍പത് സിക്‌സും അഞ്ച് ഫോറും സഹിതം 109 റണ്‍സാണ് താരം അടിച്ചെടുത്തത്

ഫോട്ടോ: ഫെയ്സ്ബുക്ക്
Last Updated :20 January 2024, 9:04 am IST
Edited by :migrator

വന്‍ഡാ: അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന ലോക റെക്കോര്‍ഡ് ഇനി ഫ്രാന്‍സിന്റെ കൗമാരക്കാരന്‍ താരം ഗുസ്താവ് മക്കോണിന്. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ പോരാട്ടത്തിലാണ് താരത്തിന്റെ മിന്നും പ്രകടനം. ടി20 ലോകകപ്പിനായുള്ള യൂറോപ്പ് യോഗ്യതാ പോരാട്ടത്തിലാണ് താരത്തിന്റെ വെടിക്കെട്ട്. 

18 വയസും 280 ദിവസവും പ്രായമുള്ളപ്പോഴാണ് താരത്തിന്റെ ശതകം. 61 പന്തില്‍ ഒന്‍പത് സിക്‌സും അഞ്ച് ഫോറും സഹിതം 109 റണ്‍സാണ് താരം അടിച്ചെടുത്തത്. കരിയറിലെ തന്റെ രണ്ടാമത്തെ മാത്രം അന്താരാഷ്ട്ര പോരാട്ടത്തിലാണ് ഗുസ്താവിന്റെ നേട്ടം. 

തീര്‍ന്നില്ല, അരങ്ങേറ്റ പോരാട്ടത്തില്‍ തന്നെ താരം അര്‍ധ സെഞ്ച്വറി നേടിയാണ് വരവറിയിച്ചത്. ചെക്ക് റിപ്പബ്ലിക്കിനെതിരായ അരങ്ങേറ്റ മത്സരത്തില്‍ താരം 54 പന്തില്‍ അടിച്ചെടുത്തത് 76 റണ്‍സ്. പിന്നാലെ രണ്ടാം പോരില്‍ സെഞ്ച്വറിയും!

ഗുസ്താവ് മിന്നും പ്രകടനം പുറത്തെടുത്തെങ്കിലും മത്സരത്തില്‍ ഫ്രാന്‍സ് തോറ്റു. ടീമിലെ മറ്റൊരു താരവും ഗുസ്താവിനെ പിന്തുണച്ചില്ല. ടിമിലെ രണ്ടാമത്തെ മികച്ച സ്‌കോര്‍ 24 പന്തില്‍ 18 റണ്‍സെടുത്ത സയാന്‍ അഹമ്മദിന്റേതാണ്. ഫ്രാന്‍സ് 20 ഓവറില്‍ നേടിയത് 157 റണ്‍സ്. അതില്‍ 109 റണ്‍സും ഗുസ്താവിന്റെ വക. ബാക്കിയുള്ളവര്‍ ചേര്‍ന്ന് എടുത്തത് 48 റണ്‍സ്!

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now