ഗില്ലിന് സെഞ്ച്വറി, ശ്രേയസും കോഹ്‌ലിയും തിളങ്ങി; ഇംഗ്ലണ്ടിന് കൂറ്റന്‍ വിജയലക്ഷ്യം

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടേത് മോശം തുടക്കമായിരുന്നു

Gill hits century, Shreyas and Kohli shine; England set a huge target for victory
ശുഭ്മാന്‍ ഗില്‍,ശ്രേയസ് അയ്യര്‍ഫെസ്ബുക്ക്
Edited by :amalkjoy
Last Updated :12 ഫെബ്രുവരി 2025, 5:44 pm IST

അഹമ്മദാബാദ്: ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് 357 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത ഓവറില്‍ 10 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 356 റണ്‍സ് സ്‌കോര്‍ ചെയ്തത്. സെഞ്ച്വറി പ്രകടനത്തോടെ(102 പന്തില്‍ 112 റണ്‍സ്) മികച്ച ഇന്നിങ്‌സ് നേടിയ ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്‌കോര്‍. ശ്രേയസ് അയ്യര്‍ (78), വിരാട് കോഹ് ലി (52) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടേത് മോശം തുടക്കമായിരുന്നു. രണ്ടാം ഓവരില്‍ തന്നെ രോഹിത് ശര്‍മയുടെ (1) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. മാര്‍ക്ക് വുഡിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഫില്‍ സാള്‍ട്ടിന് ക്യാച്ച്. പിന്നാലെ കോഹ് ലി ഗില്ലിനൊപ്പം സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും 116 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 19-ാം ഓവറിലാണ് കോഹ് ലി മടങ്ങുന്നത്. ഒരു സിക്സും ഏഴ് ഫോറും ഉള്‍പ്പടുന്നതായിരുന്നു കോഹ് ലിയുടെ ഇന്നിങ്സ്. അധികം വൈകാതെ ഗില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി. ഏകദിന കരിയറിലെ ഏഴാം സെഞ്ചുറിയാണ് ഗില്‍ കണ്ടെത്തിയത്. 102 പന്തുകല്‍ നേരിട്ട താരം മൂന്ന് സിക്സും നാല് ഫോറും നേടി.

കെഎല്‍ രാഹുല്‍ (29 പന്തില്‍ 40), ഹര്‍ദിക് പാണ്ഡ്യ (9 പന്തില്‍ 17), വാഷിങ്ടന്‍ സുന്ദര്‍ (14 പന്തില്‍ 14) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഇംഗ്ലണ്ടിന് വേണ്ടി ആദില്‍ റഷീദ് നാല് വിക്കറ്റ് വീഴ്ത്തി. മൂന്ന് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പരിക്കേറ്റ വരുണ്‍ ചക്രവര്‍ത്തി പുറത്തായി. മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. കുല്‍ദീപ് യാദവ്, വാഷിങ്ടന്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ് എന്നിവര്‍ ടീമിലേക്ക് തിരിച്ചെത്തി. റിഷഭ് പന്തിന് ഇന്നും അവസരം ലഭിച്ചില്ല. ഇംഗ്ലണ്ട് ഒരു മാറ്റം വരുത്തി. ജാമി ഓവര്‍ടണിന് പകരം ടോം ബാന്റണ്‍ ടീമിലെത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now