ഇംഗ്ലണ്ടിന്റെ കടന്നു പോയ എല്ലാ ബാറ്റ്‌സ്മാന്മാരുടേയും റെക്കോര്‍ഡുകള്‍ ജോ റൂട്ട് മറികടക്കുമെന്ന് മുന്‍ നായകന്‍ നാസര്‍ ഹുസെയ്ന്‍

ജോ റൂട്ട്/ഫോട്ടോ: പിടിഐ
Last Updated :20 January 2024, 8:40 am IST

News Now

ലണ്ടന്‍: ഇംഗ്ലണ്ടിന്റെ കടന്നു പോയ എല്ലാ ബാറ്റ്‌സ്മാന്മാരുടേയും റെക്കോര്‍ഡുകള്‍ ജോ റൂട്ട് മറികടക്കുമെന്ന് മുന്‍ നായകന്‍ നാസര്‍ ഹുസെയ്ന്‍. സ്പിന്നിനെതിരെ ഏറ്റവും നന്നായി കളിക്കുന്ന എക്കാലത്തേയും മികച്ച ഇംഗ്ലണ്ട് താരം റൂട്ട് ആണെന്നും ഇംഗ്ലണ്ട് മുന്‍ നായകന്‍ പറയുന്നു. 

ഇംഗ്ലണ്ടിന്റെ മഹാന്മാരായ കളിക്കാരില്‍ ഒരാളാണ് റൂട്ട്. എല്ലാ റെക്കോര്‍ഡുകളും മറികടക്കാന്‍ റൂട്ടിന് കഴിഞ്ഞേക്കും. സര്‍ അലസ്റ്റിയര്‍ കുക്കിന്റെ 161 ടെസ്റ്റ് എന്ന നേട്ടവും, റണ്‍വേട്ടയിലെ റെക്കോര്‍ഡും റൂട്ട് മറികടക്കും. മുപ്പത് വയസ് മാത്രമേ റൂട്ടിനായിട്ടുള്ളു. 

ഇംഗ്ലണ്ടിന്റെ എക്കാലത്തേയും മികച്ച ബാറ്റ്‌സ്മാന്മാരുടെ പട്ടിക എടുത്താല്‍ കുക്ക്, ഗ്രഹാം ഗൂച്ച്, പീറ്റേഴ്‌സന്‍ എന്നിവര്‍ക്കൊപ്പം റൂട്ടിന്റെ പേരും കാണാമെന്നും നാസര്‍ ഹുസെയ്ന്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യക്കെതിരായ ഇംഗ്ലണ്ടിന്റെ ചെന്നൈ ടെസ്റ്റ് ജയത്തെ കുറിച്ചും അദ്ദേഹം പറയുന്നു. 

എല്ലാവരും ഇംഗ്ലണ്ടിനെ എഴുതി തള്ളിയിരുന്നു. 4-0ന് ഇന്ത്യ പരമ്പര പിടിക്കുമെന്നാണ് എല്ലാവരും പറഞ്ഞത്. ഇംഗ്ലണ്ടിന് ആരും വലിയ സാധ്യത നല്‍കിയില്ല. ഇന്ത്യ ഓസ്‌ട്രേലിയയില്‍ ജയിച്ചു. കോഹ് ലി മടങ്ങിയിട്ടും പ്രതിസന്ധി ഘട്ടത്തില്‍ നിന്ന് ഓസ്‌ട്രേലിയ ജയിച്ചു. 

ഇവിടെയാണ് ഇംഗ്ലണ്ടിന്റെ ജയം പ്രസക്തമാവുന്നത്. ആദ്യ പന്ത് മുതല്‍ അവസാന ഡെലിവറി വരെ അവര്‍ വളരെ നന്നായി കളിച്ചു. വിദേശത്ത് മികവ് കാണിക്കുകയാണ് അവരിപ്പോള്‍. തുടരെ ആറ് ജയങ്ങള്‍ ഇംഗ്ലണ്ടിന് പുറത്ത് നേടി കഴിഞ്ഞു. 

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ആന്‍ഡേഴ്‌സന് പകരം സ്റ്റുവര്‍ട്ട് ബ്രോഡ് പ്ലേയിങ് ഇലവനിലേക്ക് വന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം ടെസ്റ്റിന്റേയും വേദി ചെന്നൈയാണ്. മൂന്നാം ടെസ്റ്റ് രാത്രി പകല്‍ മത്സരമാണ്. ഈ സാഹചര്യത്തില്‍ ആന്‍ഡേഴ്‌സന് വിശ്രമം നല്‍കിയേക്കുമെന്ന് നാസര്‍ ഹുസെയ്ന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates