
ശരീരത്തിൽ അൻപതിലേറെ മുറിവുകൾ; പിന്തുടർന്ന് ആക്രമിച്ചെന്ന് പ്രതികളുടെ മൊഴി
News Now
രോഹിതിന്റെ സെഞ്ച്വറി പാഴായി; വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് മുംബൈയോട് തോൽവി

'ആരുടെയും അംഗീകാരത്തിനു വേണ്ടിയല്ല ഞാൻ പാടുന്നത്'; 'കിങ് മൂവ്സ്' പുതിയ ഗാനവുമായി സ്റ്റിക്ക്

'ഇന്ദിര'യെ വെട്ടി; ക്ഷേമ പെന്ഷന് പദ്ധതികള് 'പ്രധാനമന്ത്രി'യുടെ പേരില്

'ഈ ചിരി വിലമതിക്കാനാകാത്തത്'; 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക, കയ്യടിച്ച് ആരാധകർ

പാലക്കാട്: സംസ്ഥാനത്ത് വീണ്ടുമൊരു ആൾക്കൂട്ടക്കൊലപാതകം. പാലക്കാട് വണ്ടിത്താവളം മൂലത്തറ റഗുലേറ്ററിന് സമീപം മനോദൗർബല്യവും സംസാരശേഷിയില്ലെന്നും സംശയിക്കുന്ന യുവാവിനെ സംഘം ചേർന്ന് മർദിച്ച് കൊലപ്പെടുത്തിയ കേസിൽ ഏഴ് പേർ പിടിയിലായി. സംഭവത്തിൽ കൊഴിഞ്ഞാമ്പാറ സ്രാമ്പി ഉന്നതിയിലെ കാർത്തിക് (26), നവീൻ (24), സഞ്ജയ് (27), പ്രശാന്ത് (35), കതിരേശൻ (23), മണികണ്ഠൻ (25), സൂര്യപ്രകാശ് (22) എന്നിവരെയാണ് ചിറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
പേരുവിവരങ്ങൾ ലഭ്യമല്ലാത്ത യുവാവിന് ഏകദേശം 40 വയസ്സ് പ്രായം തോന്നിക്കും. കഴിഞ്ഞ ഒരാഴ്ചയോളമായി ഇയാൾ പ്രദേശത്ത് അലഞ്ഞുതിരിഞ്ഞു നടക്കുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് എട്ടരയോടെയാണ് യുവാവിനെ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തുന്നത്. പോസ്റ്റ്മോർട്ടം പരിശോധനയിൽ ഇയാളുടെ ശരീരത്തിൽ അൻപതിലേറെ മുറിപ്പാടുകളും തലയ്ക്കുള്ളിൽ ആന്തരിക രക്തസ്രാവവും കണ്ടെത്തി. തലയ്ക്കേറ്റ ക്ഷതവും തുടർന്നുള്ള ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്ന് വ്യക്തമായതോടെയാണ് യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. തുടർന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ചിറ്റൂർ പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞ് വലയിലാക്കിയത്.
ശനിയാഴ്ച രാത്രി പത്ത് മണിയോടെ യുവാവിനെ അരക്കിലോമീറ്ററോളം ദൂരം പിന്തുടർന്ന് പിടികൂടി ക്രൂരമായി മർദിച്ചതായി പിടിയിലായ പ്രതികൾ പൊലീസിനോട് സമ്മതിച്ചു. സംഭവസമയത്ത് പ്രതികൾ മദ്യലഹരിയിലായിരുന്നു. യുവാവ് പ്രദേശത്തെ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന സംശയത്തെ തുടർന്നാണ് ആക്രമിച്ചതെന്നാണ് ഇവരുടെ മൊഴി. നിലത്തിട്ട് ചവിട്ടുകയും ക്രൂരമായി മർദിക്കുകയും ചെയ്ത ശേഷം യുവാവ് പ്രതികരിക്കാതിരുന്നതോടെ അവിടെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് ഇവർ വ്യക്തമാക്കി. ചിറ്റൂർ ഡിവൈഎസ്പി എം. ശശിധരന്റെ നേതൃത്വത്തിലാണ് കേസിൽ വിശദമായ തുടരന്വേഷണം പുരോഗമിക്കുന്നത്.
നേരത്തെ, 2018 ഫെബ്രുവരിയിൽ അട്ടപ്പാടി ചിണ്ടക്കി ഉന്നതിയിലെ മധു (30) ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവം കേരളത്തിൽ വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. കേസിൽ 13 പ്രതികൾക്ക് ഏഴ് വർഷം തടവും പിഴയും പട്ടികജാതി–പട്ടികവർഗ പ്രത്യേക കോടതി വിധിച്ചിരുന്നു. പിന്നീട് ഹൈക്കോടതി 12 പ്രതികൾക്ക് മൂന്ന് വീതം ജീവപര്യന്തം തടവും പിഴയും വിധിച്ചു. സംശയത്തിന്റെ ആനുകൂല്യത്തിൽ ഒന്നാം പ്രതിയെ കോടതി വിട്ടയച്ചിരുന്നു. ഇതിനുപുറമെ, വാളയാറിൽ അതിഥി തൊഴിലാളിയായ രാം നാരായൺ ഭാഗേൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് 2025 ഡിസംബർ 17-നായിരുന്നു. മോഷണക്കുറ്റം ആരോപിച്ചായിരുന്നു രാം നാരായണെ സംഘം ചേർന്ന് മർദിച്ച് കൊലപ്പെടുത്തിയത്. ഈ സംഭവങ്ങളുടെ ഞെട്ടൽ മാറുംമുമ്പേയാണ് ജില്ലയിൽ വീണ്ടുമൊരു ആൾക്കൂട്ടക്കൊലപാതകം കൂടി അരങ്ങേറിയിരിക്കുന്നത്.
Summary
In another shocking incident of mob lynching in Palakkad, a mentally challenged and speech-impaired unidentified man in his forties was allegedly beaten to death near Moolathara Regulator in Vandithavalam, leading to the arrest of seven youths from Kozhinjampara by the Chittoor police
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


