
സ്പിന്നില്‍ അടിപതറി അഫ്ഗാന് നിര, 112ന് പുറത്ത്; ഇന്ത്യന്‍ ജയം ഇന്നിങ്സിനും 300 റണ്‍സിനും
രണ്ടാം ഇന്നിങ്സില്‍ നാല് വിക്കറ്റ് പിഴുത വാഷിങ്ടന്‍ സുന്ദര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവ് എന്നിവരാണ് കളം വാണത്

ന്യൂ ചണ്ഡീഗഢ്: അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റില്‍ ഇന്ത്യക്ക് ആധികാരിക ജയം. ഒന്നാം ഇന്നിങ്സില്‍ 152 റണ്‍സിന് പുറത്തായി ഫോളോ ഓണ്‍ ചെയ്ത അഫ്ഗാന് ബാറ്റിങ് നിരയുടെ രണ്ടാം ഇന്നിങ്സ് 112 റണ്‍സില്‍ അവസാനിച്ചു. ആദ്യ ഇന്നിങ്സില്‍ ആറ് വിക്കറ്റുമായി അരങ്ങേറ്റ താരം മാനവ് സുതര്‍ തിളങ്ങിയപ്പോള്‍ രണ്ടാം ഇന്നിങ്സില്‍ നാല് വിക്കറ്റ് പിഴുത വാഷിങ്ടന്‍ സുന്ദര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവ് എന്നിവരാണ് കളം വാണത്. ഇന്നിങ്സിനും 300 റണ്‍സിനുമാണ് ആതിഥേയര്‍ ജയം പിടിച്ചത്. സ്കോര്‍: ഇന്ത്യ 8ന് 564, അഫ്ഗാനിസ്ഥാന് - 152 & 112.
രണ്ടാം ഇന്നിങ്സില്‍ അഫ്ഗാന് നിരയിലെ മൂന്ന് ബാറ്റര്‍മാര്‍ മാത്രമാണ് രണ്ടക്കം തികച്ചത്. 42 റണ്‍സ് നേടിയ ഓപണര്‍ സിദ്ദിക്കുല്ല അതലാണ് ടോപ് സ്കോറര്‍. റഹ്മാനുല്ല ഗുര്‍ബാസ് 24ഉം റഹ്മത്ത് ഷാ 13ഉം വീതം റണ്‍സ് നേടി. ശേഷിച്ചവര്‍ പിടിച്ചുനില്‍ക്കാനാകാതെ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കു മുന്നില്‍ മുട്ടുമടക്കി. ആദ്യ ഇന്നിങ്സിലെ ടോപ് വിക്കറ്റ് ടേക്കറായ മാനവ് സുതര്‍, വെറ്ററന്‍ താരം മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഇന്ത്യയുടെ ഏറ്റവും വലിയ ടെസ്റ്റ് വിജയമാണിത്.
5 വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സെന്ന നിലയിലാണ് അഫ്ഗാനിസ്ഥാന് മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയത്. എന്നാല്‍ ശേഷിച്ച 5 വിക്കറ്റുകള്‍ വെറും 39 റണ്‍സിനിടെ ഇന്ത്യ വീഴ്ത്തി. 60 റണ്‍സെടുത്ത റഹ്മത് ഷാ മാത്രമാണ് പൊരുതി നിന്നത്. 22 ഓവറില്‍ 10 മെയ്ഡന്‍ ഉള്‍പ്പെടെ 33 റണ്‍സ് മാത്രം വഴങ്ങിയാണ് കരിയറിലെ ആദ്യ അന്താരാഷ്ട്ര ടെസ്റ്റ് പോരാട്ടം മാനവ് ഗംഭീരമാക്കിയത്. രണ്ടാം ദിനത്തില്‍ 3 വിക്കറ്റുകള്‍ വീഴ്ത്തിയ മാനവ് മൂന്നാം ദിനത്തിലും 3 വിക്കറ്റുകള്‍ പിഴുതാണ് നേട്ടം ആറില്‍ എത്തിച്ചത്. പ്രസിദ്ധ് കൃഷ്ണ 3 വിക്കറ്റുകള്‍ വാഷിങ്ടന്‍ സുന്ദര്‍ ഒരു വിക്കറ്റും സ്വന്തമാക്കി.
ഒന്നാം ഇന്നിങ്സ് തുടങ്ങിയ അഫ്ഗാന് കരുതലോടെയാണ് മുന്നോട്ടു പോയത്. മാനവ് സുതറാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിത്. താരം ഓപ്പണിങ് പൊളിച്ച് അബ്ദുല്‍ മാലിക്കിനെ മടക്കി. 16 റണ്‍സാണ് അബ്ദുല്‍ നേടിയത്. സഹ ഓപ്പണര്‍ സദിഖുല്ല അടലിനെ പ്രസിദ്ധ് കൃഷ്ണ പുറത്താക്കി. താരം 17 റണ്‍സുമായി മടങ്ങി.
അപകടകാരിയായ റഹ്മാനുല്ല ഗുര്‍ബാസിനെ പുറത്താക്കി മാനവ് വീണ്ടും ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു. 12 റണ്‍സ് മാത്രമാണ് റഹ്മാനുല്ലയ്ക്കു സ്വന്തമാക്കാന്‍ കഴിഞ്ഞത്. പിന്നാലെ ക്യാപ്റ്റന്‍ ഹഷ്മതുല്ല ഷാഹിദി (20)യെ പ്രസിദ്ധ് വിക്കറ്റിനു മുന്നില്‍ കുരുക്കി. രണ്ടാം ദിനത്തിന്റെ അവസാന സെഷനില്‍ മാനവ് അഫ്സര്‍ സസായിയെ പുറത്താക്കി അഫ്ഗാന്റെ രണ്ടാം ദിനത്തിലെ പോരാട്ടം അവസാനിപ്പിച്ചു. അഫ്സര്‍ 3 റണ്‍സ് മാത്രമാണ് എടുത്തത്. മാനവ് സ്വന്തം പന്തില്‍ താരത്തെ റിട്ടേണ്‍ ക്യാച്ചെടുത്തു മടക്കി.
രണ്ടാം ദിനത്തില്‍ അര്‍ധ സെഞ്ച്വറിയുമായി വാഷിങ്ടന്‍ സുന്ദറും അരങ്ങേറ്റക്കാരന്‍ മാനവ് സുതര്‍, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവരും ചേര്‍ന്നാണ് ഇന്ത്യന്‍ സ്കോര്‍ 550 കടത്തിയത്. വാഷിങ്ടന്‍ 5 ഫോറും ഒരു സിക്സും സഹിതം 52 റണ്‍സെടുത്തു പുറത്താകാതെ നിന്നു. മാനവ് സുതര്‍ 28 റണ്‍സും സിറാജ് 22 റണ്‍സും നേടി. സിറാജ് വെറും 14 പന്തില്‍ 4 ഫോറും ഒരു സിക്സും തൂക്കി. മാനവ് 2 വീതം സിക്സും ഫോറും തൂക്കി. കുല്‍ദീപ് യാദവ് 9 റണ്‍സുമായി പുറത്താകാതെ നിന്നു.
3 വിക്കറ്റ് നഷ്ടത്തില്‍ 368 റണ്‍സെന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം തുടങ്ങിയത്. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, ഓപ്പണര്‍ കെഎല്‍ രാഹുല്‍ എന്നിവരുടെ സെഞ്ച്വറിയും സായ് സുദര്ശന്, ഋഷഭ് പന്ത് എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടേയും ബലത്തിലാണ് ഇന്ത്യ മികച്ച സ്കോറിലേക്കു നീങ്ങിയത്.
ഐപിഎല്ലിലെ മിന്നും ഫോം ടെസ്റ്റിലും തുടര്‍ന്നു ശുഭ്മാന്‍ ഗില്‍. കരിയറിലെ 11ാം ടെസ്റ്റ് സെഞ്ച്വറിയാണ് താരം കുറിച്ചത്. 138 പന്തുകള്‍ നേരിട്ട് 11 ഫോറും ഒരു സിക്സും സഹിതമാണ് ശതകം. ഗില്‍ 177 പന്തില്‍ 15 ഫോറും ഒരു സിക്സും സഹിതം 126 റണ്‍സെടുത്തു മടങ്ങി. രണ്ടാം ദിനത്തില്‍ ഇന്ത്യക്കു നഷ്ടമായ ആദ്യ വിക്കറ്റും ഗില്ലിന്റേതാണ്.
പിന്നാലെ എത്തിയ ധ്രുവ് ജുറേല്‍ 19 റണ്‍സുമായി പുറത്തായി. ഒന്നാം ദിനം ഗില്ലിനൊപ്പം ക്രീസില്‍ തുടര്‍ന്ന പന്ത് രണ്ടാം ദിനത്തില്‍ അര്‍ധ സെഞ്ച്വറി സ്കോര്‍ 81ല്‍ എത്തിച്ചാണ് പുറത്തായത്. താരം 121 പന്തില്‍ 6 ഫോറും 3 സിക്സും സഹിതം 81 റണ്‍സെടുത്തു.
നേരത്തെ ഓപ്പണര്‍ കെഎല്‍ രാഹുലും സെഞ്ച്വറി നേടിയിരുന്നു. പിന്നാലെയാണ് ഗില്ലും ശതകം തൊട്ടത്. സായ് സുദര്‍ശനും ഐപിഎല്‍ ഫോം തുടര്‍ന്നു. താരം അര്‍ധ സെഞ്ച്വറി നേടി മടങ്ങി.
ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രാഹുല്‍ 165 പന്തില്‍ 11 ഫോറുകള്‍ സഹിതം 100 റണ്‍സെടുത്തു. കരിയറിലെ 12ാം ടെസ്റ്റ് സെഞ്ച്വറിയാണ് രാഹുല്‍ സ്വന്തമാക്കിയത്. സെഞ്ച്വറിക്കു പിന്നാലെ താരം പുറത്താകുകയും ചെയ്തു. സായ് സുദര്ശന് 104 പന്തില്‍ 13 ഫോറുകള്‍ സഹിതം 81 റണ്‍സ് സ്വന്തമാക്കി. ഓപ്പണര്‍ യശസ്വി ജയ്സ്വാളാണ് പുറത്തായ മറ്റൊരു താരം. ജയ്സ്വാള്‍ 24 റണ്‍സെടുത്തു.
അഫ്ഗാന് നിരയില്‍ മുഹമ്മദ് സലീം 6 വിക്കറ്റുകള്‍ നേടി. സിയാവുര്‍ റഹ്മാന്, ഹഷ്മതുല്ല ഷാഹിദി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

Summary
India vs Afghanistan One-Off Test: Manav Suthar, Washington Sundar Shine As India Register Massive Win vs Afghanistan
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





