
വൈഭവ് സൂര്യവംശിക്ക് അരങ്ങേറ്റമില്ല? രണ്ടാം ടി20 ഇന്ന്; സാധ്യതാ ഇലവന് ഇങ്ങനെ
ഇന്ത്യ പ്ലേയിങ് ഇലവനില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധ്യത

ബെല്‍ഫാസ്റ്റ്: ഇന്ത്യ-അയര്‍ലന്‍ഡ് ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിന് മുന്നോടിയായി യുവതാരം വൈഭവ് സൂര്യവംശി ഇന്ത്യന്‍ പ്ലേയിംഗ് ഇലവനില്‍ ഇടം നേടുമോയെന്ന ചോദ്യമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ വലിയ ചര്‍ച്ച. ആദ്യ മത്സരത്തില്‍ ആരാധകര്‍ പ്രതീക്ഷിച്ചിരുന്ന അരങ്ങേറ്റം സംഭവിക്കാതിരുന്നതോടെ രണ്ടാം മത്സരത്തില്‍ ടീം മാനേജ്മെന്റ് മാറ്റങ്ങള്‍ വരുത്തുമോയെന്ന ആകാംക്ഷയും ഉയര്‍ന്നിരിക്കുകയാണ്. ബെല്‍ഫാസ്റ്റില്‍ വൈകിട്ട് 6 മുതലാണ് മത്സരം.
മുന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കിടയിലും ഈ വിഷയത്തില്‍ ഭിന്നാഭിപ്രായങ്ങളുണ്ട്. ചെറുപ്രായത്തില്‍ തുടര്‍ച്ചയായ സമ്മര്‍ദ്ദം നല്‍കുന്നത് ഒഴിവാക്കണമെന്നും കൂടുതല്‍ തയ്യാറെടുപ്പുകള്‍ക്കായി സമയം നല്‍കണമെന്നുമാണ് ഒരുവിഭാഗത്തിന്റെ അഭിപ്രായം. എന്നാല്‍ പ്രതിഭാശാലികളെ രാജ്യാന്തര തലത്തിലേക്ക് കൊണ്ടുവരാന്‍ അവസരങ്ങള്‍ നിര്‍ണായകമാണെന്ന് മറ്റുചിലര്‍ ചൂണ്ടിക്കാട്ടുന്നു. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്ടാം ടി20യില്‍ ഇന്ത്യ പ്ലേയിങ് ഇലവനില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയുണ്ട്.
ആദ്യ മത്സരത്തിലെ നിരാശാജനക പ്രകടനത്തിന് പിന്നാലെ പുതുമുഖങ്ങള്‍ക്ക് അവസരം നല്കാന് ടീം മാനേജ്മെന്റ് ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചില സാധ്യതാ ഇലവനുകളില്‍ വൈഭവ് സൂര്യവംശിയെ ഓപ്പണറായി ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം സാധ്യതാ ഇലവനില്‍ അഭിഷേക് ശര്‍മയ്ക്കൊപ്പം വൈഭവ് ഇന്നിങ്സ് ഓപ്പണ്‍ ചെയ്തേക്കാമെന്നാണ് വിലയിരുത്തല്‍. മലയാളി താരം സഞ്ജു സാംസണെ മധ്യനിരയിലേക്ക് മാറ്റിയേക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നു. എന്നാല്‍ അന്തിമ തീരുമാനം മത്സരത്തിന് തൊട്ടുമുമ്പ് മാത്രമേ വ്യക്തമാകൂ.
15-ാം വയസ്സില്‍ തന്നെ ആഭ്യന്തര ക്രിക്കറ്റിലും ജൂനിയര്‍ തലത്തിലും വൈഭവ് ശ്രദ്ധ നേടിയിരുന്നു. ഇടംകൈ ടോപ് ഓര്‍ഡര്‍ ബാറ്ററായ താരം, ആക്രമണ ശൈലിയിലുള്ള ബാറ്റിങ്ങിലൂടെ വലിയ ആരാധക പ്രീതി നേടിയിട്ടുണ്ട്. താരത്തിന്റെ സീനിയര്‍ ടീമിലെ അരങ്ങേറ്റത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. എന്നാല്‍ നിലവില്‍ വൈഭവിനെ സ്ലോട്ടില്ലെന്നാണ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ആദ്യ മത്സരത്തിന്റെ ടോസിനിടെ പറഞ്ഞത്. ഇന്ന് അരങ്ങേറ്റമുണ്ടായാല് അത് ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ പുതിയ റെക്കോര്‍ഡായി മാറും.
അതേസമയം, ഇന്നത്തെ മത്സരം ഇന്ത്യയ്ക്ക് സാധാരണ മത്സരമല്ല. ആദ്യ മത്സരത്തിലെ അപ്രതീക്ഷിത തോല്‍വിക്ക് ശേഷം പരമ്പര സമനിലയിലാക്കാനുള്ള സമ്മര്‍ദ്ദം ടീമിനുണ്ട്. പരിചയസമ്പന്നരെ നിലനിര്‍ത്തണമോ, യുവതാരങ്ങള്‍ക്ക് അവസരം നല്‍കണമോ എന്നത് ടീം മാനേജ്മെന്റിന് മുന്നിലുള്ള വലിയ ചോദ്യമായി മാറിയിരിക്കുകയാണ്. മുന്‍നിര ബാറ്റര്‍മാരായ സഞ്ജു സാംസണ്, ഇഷാന് കിഷന്, ശ്രേയസ് അയ്യര്‍ എന്നിവര്‍ക്ക് കഴിഞ്ഞ മത്സരത്തില്‍ തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല.
ബൗളിങ്ങില്‍ പ്രസിദ്ധ് കൃഷ്ണയും അമ്പേ പരാജയമായി. ഇതോടെ പ്രിന്‍സ് യാദവിന് അരങ്ങേറ്റത്തിന് അവസരം നല്‍കണമെന്ന ആവശ്യവും ശക്തമാണ്. വാഷിങ്ടന്‍ സുന്ദറിനു പകരം രവി ബിഷ്ണോയ് കളിച്ചേക്കും. വൈഭവിനെ ഇന്നും പുറത്തിരിത്താനാണ് തീരുമാനമെങ്കില്‍ താഴെ പറയും പ്രകാരമാണ് ഇന്ത്യയുടെ സാധ്യതാ ഇലവന്.
അഭിഷേക് ശര്‍മ, സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്‍), ഇഷാന് കിഷന്, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, പ്രിന്‍സ് യാദവ്, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിങ്
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
India vs Ireland 2nd T20: Will Vaibhav Sooryavanshi finally get the nod? Check out predicted 11s
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






