ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പര തൂത്തുവാരി ഇന്ത്യ

പരമ്പര തൂത്തുവാരിയ ഇന്ത്യന്‍ ടീമിന്റെ ആഹ്ലാദപ്രകടനം/image credit: bcci
Last Updated :20 January 2024, 8:51 am IST

News Now

കൊല്‍ക്കത്ത: ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പര തൂത്തുവാരി ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 185 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ക്രീസില്‍ ഇറങ്ങിയ ന്യൂസിലന്‍ഡിന്റെ ബാറ്റിങ് 73 റണ്‍സ് അകലെ വച്ച് അവസാനിച്ചു. 17.2 ഓവറില്‍ 111 റണ്‍സിന് എല്ലാവരും പുറത്തായി. 51 റണ്‍സ് നേടിയ ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്ടിലാണ് ടോപ് സ്‌കോറര്‍. മൂന്നോവറില്‍ ഒന്‍പത് റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ അക്‌സര്‍ പട്ടേലാണ് ന്യൂസിലന്‍ഡ് ബാറ്റിങ് നിരയുടെ നടുവൊടിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടിയ നായകന്‍ രോഹിത് ശര്‍മയുടെ മികച്ച പ്രകടനമാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 

മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാന്‍ ഇന്ത്യന്‍ മധ്യനിരയ്ക്ക് സാധിച്ചില്ല. മധ്യനിര ബാറ്റ്‌സ്മാന്‍മാരെല്ലാം പരാജയപ്പെട്ടു. വാലറ്റത്തിന്റെ ചെറുത്തുനില്‍പ്പാണ് ടീം സ്‌കോര്‍ 180 കടത്തിയത്. ദീപക് ചാഹറും ഹര്‍ഷല്‍ പട്ടേലും അവസാന ഓവറുകളില്‍ അടിച്ചുതകര്‍ത്തു. 

ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ഇഷാന്‍ കിഷനും ചേര്‍ന്ന് നല്‍കിയത്.  വെറും 5.1 ഓവറില്‍ ടീം സ്‌കോര്‍ 50 കടന്നു. ബാറ്റിങ് പവര്‍പ്ലേയില്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 69 റണ്‍സാണ് അടിച്ചെടുത്തത്.  എന്നാല്‍ ഏഴാം ഓവറിലെ രണ്ടാം പന്തില്‍ ഇഷാന്‍ കിഷന്റെ വിക്കറ്റ് വീഴ്ത്തി മിച്ചല്‍ സാന്റ്‌നര്‍ കിവീസിന് പ്രതീക്ഷ പകര്‍ന്നു. 21 പന്തുകളില്‍ നിന്ന് ആറ് ഫോറുകളുടെ സഹായത്തോടെ 29 റണ്‍സെടുത്താണ് കിഷന്‍ ക്രീസ് വിട്ടത്. 

പിന്നാലെ ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവിന് പിടിച്ചുനില്‍ക്കാനായില്ല. നാല് പന്ത് നേരിട്ട താരം റണ്‍സൊന്നുമെടുക്കാതെ സാന്റ്‌നര്‍ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. മാര്‍ട്ടിന്‍ ഗപ്റ്റിലാണ് സൂര്യകുമാറിനെ ക്യാച്ചെടുത്ത് പുറത്താക്കിയത്. സാന്റ്‌നറുടെ ഓവറില്‍ രണ്ട് നിര്‍ണായക വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

സൂര്യകുമാറിന് പകരം ഋഷഭ് പന്ത് ക്രീസിലെത്തി. എന്നാല്‍ സാന്റ്‌നറുടെ പന്തില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ച ഋഷഭ് പന്ത് ജെയിംസ് നീഷാമിന് ക്യാച്ച് നല്‍കി മടങ്ങി. വെറും നാല് റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ഇതോടെ ഇന്ത്യ 83 ന് മൂന്ന് എന്ന സ്‌കോറിലേക്ക് വീണു. പന്തിന് പകരം ശ്രേയസ്സ് അയ്യര്‍ ക്രീസിലെത്തി. 

ശ്രേയസ്സിനെ സാക്ഷിയാക്കി രോഹിത് അര്‍ധസെഞ്ചുറി നേടി. 27 പന്തുകളില്‍ നിന്നാണ് രോഹിത് അര്‍ധശതകത്തിലെത്തിയത്. 11 ഓവറില്‍ ഇന്ത്യ 100 റണ്‍സ് മറികടന്നു. 

എന്നാല്‍ തൊട്ടടുത്ത ഓവറില്‍ രോഹിത് പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. 31 പന്തുകളില്‍ നിന്ന് മൂന്ന് സിക്‌സിന്റെയും അഞ്ച് ഫോറിന്റെയും അകമ്പടിയോടെ 56 റണ്‍സെടുത്താണ് രോഹിത് ക്രീസ് വിട്ടത്. തുടര്‍ന്ന് വിക്കറ്റുകള്‍ തുടരെ നഷ്ടമായി.ഏഴാം വിക്കറ്റില്‍ ക്രീസിലൊന്നിച്ച ഹര്‍ഷല്‍ പട്ടേലും അക്ഷര്‍ പട്ടേലും ചേര്‍ന്ന് ടീം സ്‌കോര്‍ 150 കടത്തി. 17.3 ഓവറിലാണ് ഇന്ത്യ 150 കടന്നത്. ഹര്‍ഷല്‍ പട്ടേല്‍ രണ്ട് സിക്‌സടിച്ച് ടീം സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ ലോക്കി ഫെര്‍ഗൂസന്‍ എറിഞ്ഞ 19-ാം ഓവറില്‍ ഹര്‍ഷല്‍ നിര്‍ഭാഗ്യവശാല്‍ ഹിറ്റ് വിക്കറ്റായി പുറത്തായി. 11 പന്തുകളില്‍ നിന്ന് 18 റണ്‍സാണ് ഹര്‍ഷല്‍ അടിച്ചെടുത്തത്. 

ഹര്‍ഷലിന് പകരമെത്തിയ ദീപക് ചാഹറും അടിച്ചുതകര്‍ക്കാന്‍ തുടങ്ങി. ആദം മില്‍നെ എറിഞ്ഞ അവസാന ഓവറിലെ ആദ്യ രണ്ട് പന്തിലും ഫോറടിച്ച ചാഹര്‍ നാലാം പന്തില്‍ സിക്‌സ് നേടി. ചാഹര്‍ വെറും എട്ട് പന്തില്‍ നിന്ന് 21 റണ്‍സെടുത്തും അക്ഷര്‍ രണ്ട് റണ്‍സെടുത്തും പുറത്താവാതെ നിന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates