തുടക്കം പതറി, ഒടുക്കം പിടിച്ചു; സ്പിന്നിൽ തിരിച്ചടിച്ച് ഇന്ത്യ

സന്നാഹ മത്സരത്തിന്റെ ആദ്യ ദിനത്തിൽ ശ്രീലങ്ക ഇലവന്റെ 8 വിക്കറ്റുകൾ വീഴ്ത്തി

India vs Sri Lanka XI warm up match
India vs Sri Lanka XI warm up matchx
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :7 ഓഗസ്റ്റ് 2026, 6:23 pm IST

കൊളംബോ: ശ്രീലങ്കക്കെതിരായ നിർണായക ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായുള്ള ത്രിദിന സന്നാഹ മത്സരത്തിന്റെ ആദ്യ ദിനത്തിൽ ഇന്ത്യക്ക് ആശ്വാസം. ശ്രീലങ്ക ക്രിക്കറ്റ് ഇലവനെതിരായ പോരാട്ടത്തിൽ അവസാന രണ്ട് സെഷനുകളിൽ മികച്ച ബൗളിങ് പുറത്തെടുത്തു ഇന്ത്യ കളി വരുതിയിൽ നിർത്തി മൈതാനം വിട്ടു. ടോസ് നഷ്ടപ്പെട്ട് ഇന്ത്യ ആദ്യം പന്തെറിയുകയായിരുന്നു. പരിശീലനത്തിനിടെ വലതു കൈക്ക് പരിക്കേറ്റതിനാൽ ക്യാപ്റ്റൻ ശുഭ്മാൻ ​ഗിൽ ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. വൈസ് ക്യാപ്റ്റൻ കെഎൽ രാഹുലാണ് ഇന്ത്യയെ നയിച്ചത്. ആദ്യം ബാറ്റിങിന് ഇറങ്ങിയ ശ്രീലങ്ക ഇലവൻ ഒന്നാം ദിനം കളി നിർത്തുമ്പോൾ 8 വിക്കറ്റ് നഷ്ടത്തിൽ 363 റൺസെന്ന നിലയിൽ.

ബാറ്റിങ് തുടങ്ങിയ ശ്രീലങ്ക ഇലവൻ ബാറ്റർമാർ ആദ്യ സെഷനുകളിൽ ഇന്ത്യൻ ബൗളിങിനു കടുത്ത വെല്ലുവിളിയാണ് ഉയർത്തിയത്. ഒന്നാം വിക്കറ്റിൽ 101 റൺസിന്റെ മികച്ച കൂട്ടുകെട്ടുയർത്താൻ അവർക്കായി. എന്നാൽ പിന്നീട് സ്പിന്നർമാർ അച്ചടക്കത്തോടെ പന്തെറിഞ്ഞത് ഇന്ത്യക്ക് തുണയായി. രവീന്ദ്ര ജഡേജ, മാനവ് സുതർ, കുൽദീപ് യാദവ് എന്നിവർ 2 വീതം വിക്കറ്റുകൾ വീഴ്ത്തി ലങ്കയുടെ മുന്നേറ്റം തടഞ്ഞു. പതിയെ ഇന്ത്യ കളിയിൽ പിടിമുറുക്കുകയും ചെയ്തു.

ഓപ്പണര്‍മാരായ നിഷാന്‍ ഫെര്‍ണാണ്ടോ, രവിന്ദു രസന്ത, ക്യാപ്റ്റന്‍ സോനല്‍ ദിനുഷ എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. രവിന്ദു രസന്തയാണ് ടോപ് സ്‌കോറര്‍. താരം 71 റണ്‍സെടുത്തു. നിഷാന്‍ 66 റണ്‍സും ദിനുഷ 52 റണ്‍സും സ്വന്തമാക്കി. പസിന്ദു സൂര്യബണ്ഡാര (35), പവന്‍ രത്‌നായകെ (39), അഹന്‍ വിക്രമസിംഗെ (31), രമേഷ് മെന്‍ഡിസ് (32) എന്നിവരും ക്രീസില്‍ പിടിച്ചു നിന്നു.

ആറ് വിക്കറ്റുകൾ സ്പിന്നർമാർ പങ്കിട്ടപ്പോൾ പേസർ ​​ഗുർനൂർ ബ്രാർ ഒരു വിക്കറ്റെടുത്തു. നിഷാൻ ഫെർണാണ്ടോ റണ്ണൗട്ടായി മടങ്ങി. ശനിയാഴ്ച തുടക്കം തന്നെ ശ്രീലങ്കൻ ഇലവന്റെ ശേഷിച്ച രണ്ട് വിക്കറ്റുകൾ വീഴ്ത്തി അവരെ 400 കടത്താൻ അനുവദിക്കാതെ ഒന്നാം ഇന്നിങ്സ് തുടങ്ങാനായിരിക്കും ഇന്ത്യ ലക്ഷ്യമിടുക. ലങ്കൻ സ്പിൻ ബൗളിങിനെ നേരിടാൻ ബാറ്റർമാർക്ക് മതിയായി സമയം കിട്ടുമെന്ന സാധ്യതയും ഇന്ത്യ മുതലെടുത്തേക്കും.

News Now

Summary

India vs Sri Lanka XI warm up match updates

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates