വനിതാ ടി20 ലോകകപ്പില്‍ സെമി ഉറപ്പിക്കാന്‍ ഹര്‍മന്‍പ്രീത് കൗറും സംഘവും, ഇന്ത്യ- ഓസ്ട്രേലിയ പോരാട്ടം ഇന്ന് വൈകീട്ട് 7.30 മുതല്‍

India look to strengthen semis berth
ഇന്ത്യന്‍ ടീംSource by : എക്സ്
Last Updated :13 October 2024, 1:17 pm IST

News Now

ഷാര്‍ജ: വനിതാ ടി20 ലോകകപ്പിന്റെ സെമി ഉറപ്പിക്കാന്‍ ഇന്ത്യക്ക് ഇന്ന് ജയം അനിവാര്യം. എതിരാളികളായി മുന്നിലുള്ളത് നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ. ഇന്ന് ജയിച്ചാലും ഇന്ത്യക്ക് സെമി ഉറപ്പിക്കാന്‍ സാധിക്കില്ല. മറ്റ് ടീമുകളുടെ ഫലവും നെറ്റ് റണ്‍റേറ്റും സ്ഥാന നിര്‍ണയത്തില്‍ അനുകൂലമാകണം.

ഓസ്‌ട്രേലിയക്കെതിരെ കൂറ്റന്‍ ജയം പിടിച്ച് നെറ്റ് റേറ്റ് ഉയര്‍ത്തിയാല്‍ തന്നെ ഇന്ത്യ പാതി ദൂരം പിന്നിടും. ഇതൊക്കെ അനുകൂലമാകാന്‍ ഇന്ന് ജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ ചിന്തിക്കേണ്ടതില്ല. ഇന്ന് വൈകീട്ട് 7.30 മുതല്‍ ഷാര്‍ജയിലാണ് പോരാട്ടം.

ഓസ്ട്രേലിയക്ക് പരിക്കിന്‍റെ വേവലാതിയുണ്ട്. അവരുടെ ക്യാപ്റ്റന്‍ അലിസ ഹീലി, പേസര്‍ ടെയ്‍ല വ്ളാമിങ്ക് എന്നിവരെ പരിക്ക് അലട്ടുന്നുണ്ട്. ഇന്ത്യന്‍ ടീം പൂര്‍ണ സജ്ജമാണ്. മലയാളി താരങ്ങളായ ആശ ശോഭന, സജന സജീവന്‍ എന്നിവര്‍ ഇലവനില്‍ ഒരുമിച്ചിറങ്ങിയേക്കും.

ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോടു ഏറ്റ അപ്രതീക്ഷിത തോല്‍വിയാണ് കാര്യങ്ങള്‍ കൈവിട്ട നിലയില്‍ എത്തിച്ചത്. രണ്ടാം പോരില്‍ ചിരവൈരികളായ പാകിസ്ഥാനേയും പിന്നാലെ ശ്രീലങ്കന്‍ വനിതാ സംഘത്തെ വ്യക്തമായ മാര്‍ജിനില്‍ വീഴ്ത്തിയും ഇന്ത്യ കാര്യങ്ങള്‍ അനുകൂലമാക്കി നിര്‍ത്തുകയായിരുന്നു.

ന്യൂസിലന്‍ഡാണ് ഇന്ത്യക്ക് വെല്ലുവിളിയായി നില്‍ക്കുന്നത്. ഓസ്‌ട്രേലിയ ഏറെക്കുറെ സെമി ഉറപ്പിച്ചു നില്‍ക്കുന്നു. ഇന്ന് ജയിച്ചാല്‍ അവര്‍ക്ക് അനായാസം കടക്കാം. തോറ്റാലും ഇനിയും ചാന്‍സ് നില്‍ക്കുന്നു. അതിനാല്‍ ഒറ്റ സ്ഥാനത്തേക്ക് ഇന്ത്യയും ന്യൂസിലന്‍ഡുമാണ് മത്സരിക്കുന്നത്. ഈ ഗ്രൂപ്പില്‍ ശ്രീലങ്ക പുറത്തായി കഴിഞ്ഞു. പാകിസ്ഥാന് അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമാണ് രക്ഷ. ന്യൂസിലന്‍ഡ് അവസാന പോരാട്ടത്തില്‍ പാകിസ്ഥാനെയാണ് നേരിടുന്നത്. ഈ മത്സരം ഇന്ത്യയ്ക്കും നിര്‍ണായകമാണ്.

ഇന്ത്യന്‍ സാധ്യതാ സംഘം- ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ധാന, ഷെഫാലി വര്‍മ, ജെമിമ റോഡ്രിഗസ്, റിച്ച ഘോഷ്, ദീപ്തി ശര്‍മ, സജീവന്‍ സജന, അരുന്ധതി റെഡ്ഡി, ശ്രേയങ്ക പാട്ടീല്‍, ആശ ശോഭന, രേണുക ഠാക്കൂര്‍/ രാഝ യാദവ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates