ലോര്‍ഡ്‌സില്‍ വനിതാ ടെസ്റ്റ് ജയിക്കുന്ന ആദ്യ ടീം! ഒരിക്കലും മായാത്ത പുതു ചരിത്രമെഴുതി ഇന്ത്യയുടെ 'പെൺ പുലികൾ'

ക്രിക്കറ്റ് പിറന്ന മണ്ണില്‍ ഇംഗ്ലണ്ടിനെ നിലം തൊടീക്കാതെ പറത്തി ഹര്‍മന്‍പ്രീതും സംഘവും

India Women cricket team
India Women cricket teamx
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :13 ജൂലൈ 2026, 5:09 pm IST

ലണ്ടന്‍: ലോര്‍ഡ്‌സില്‍ ഐതിഹാസിക ചരിത്രമെഴുതി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം. ക്രിക്കറ്റിന്റെ ജന്മ ഗൃഹമായ വിഖ്യാത മൈതാനത്ത് അരങ്ങേറിയ ചരിത്രത്തിലെ ആദ്യ വനിതാ ടെസ്റ്റില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഇംഗ്ലണ്ടിനെ 270 റണ്‍സിനു തകര്‍ത്തെറിഞ്ഞാണ് ഇന്ത്യന്‍ വനിതകള്‍ പുതു ചരിത്രം എഴുതിയത്. ലോര്‍ഡ്‌സില്‍ ആദ്യമായി ടെസ്റ്റ് വിജയം സ്വന്തമാക്കുന്ന വനിതാ ടീമെന്ന ഒരിക്കലും മായാത്ത ചരിത്രമാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും എഴുതി ചേര്‍ത്തത്.

457 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് വനിതകള്‍ അവസാന ദിനത്തില്‍ വെറും 186 റണ്‍സില്‍ ഓള്‍ ഔട്ടായി. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 285 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 341 റണ്‍സും അടിച്ചെടുത്തു. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് വെറും 170 റണ്‍സില്‍ അവസാനിച്ചു. രണ്ടിന്നിങ്‌സിലും അവര്‍ക്ക് 200 കടക്കാന്‍ സാധിച്ചില്ല.

ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യക്കായി സ്മൃതി മന്ധാന (83), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് (58), ഓള്‍ റൗണ്ടര്‍ ദീപ്തി ശര്‍മ (57) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. രണ്ടാം ഇന്നിങ്‌സില്‍ യസ്തിക ഭാട്ടിയ നേടിയ തന്റെ കന്നി അന്താരാഷ്ട്ര സെഞ്ച്വറിയാണ് ഇന്ത്യക്ക് കരുത്തായത്. താരം 113 റണ്‍സെടുത്തു.

മറ്റൊരു ചരിത്ര നേട്ടവും സെഞ്ച്വറിയിലൂടെ യസ്തിക സ്വന്തമാക്കി. ലോര്‍ഡ്‌സ് മൈതാനത്ത് ടെസ്റ്റ് സെഞ്ച്വറി നേടുന്ന ചരിത്രത്തിലെ ആദ്യ വനിതാ താരമെന്ന ഒരിക്കലും മായാത്ത റെക്കോര്‍ഡാണ് താരം കുറിച്ചത്.

ഒന്നാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി നേടിയ സ്മൃതി മന്ധാന രണ്ടാം ഇന്നിങ്‌സിലും അര്‍ധ സെഞ്ച്വറി നേടി തന്റെ 300ാം അന്താരാഷ്ട്ര മത്സരം അവിസ്മരണീയമാക്കി. സ്മൃതി 70 റണ്‍സെടുത്തു. റിച്ച ഘോഷും രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായകമായി. താരവും അര്‍ധ സെഞ്ച്വറി (പുറത്താകാതെ 50) നേടി.

ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് വെറും 170 റണ്‍സില്‍ തീര്‍ക്കാന്‍ മുന്നില്‍ നിന്നത് ക്രാന്തി ഗൗഡായിരുന്നു. ലോര്‍ഡ്‌സില്‍ താരം 5 വിക്കറ്റുകള്‍ വീഴ്ത്തി. സയാലി സത്ഗിരെ, സ്‌നേഹ് റാണ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ശേഷിച്ച ഒരു വിക്കറ്റ് ദീപ്തി ശര്‍മയും സ്വന്തമാക്കി.

ഇംഗ്ലണ്ടിനായി ഒന്നാം ഇന്നിങ്‌സില്‍ അമി ജോണ്‍സ് (52), ക്യാപ്റ്റന്‍ നാറ്റ് സീവര്‍ (44), മൈയ ബൗഷിര്‍ (23) എന്നിവര്‍ മാത്രമാണ് പിടിച്ചു നിന്നത്. രണ്ടാം ഇന്നിങ്‌സിലും അമി ജോണ്‍സ് തന്നെയാണ് ഇംഗ്ലണ്ടിനായി പൊരുതിയത്. താരം അര്‍ധ സെഞ്ച്വറി നേടിയാണ് ഇത്തവണയും പുറത്തായത്. 54 റണ്‍സാണ് രണ്ടാം ഇന്നിങ്‌സില്‍ അമി നേടിയത്. സോഫി എക്ലസ്റ്റനാണ് (50) തിളങ്ങിയ മറ്റൊരു ഇംഗ്ലീഷ് ബാറ്റര്‍.

രണ്ടാം ഇന്നിങ്‌സില്‍ ക്രാന്തി 2 വിക്കറ്റെടുത്തു. മൊത്തം വിക്കറ്റ് നേട്ടം 7ല്‍ എത്തിച്ചു. സ്‌നേഹ് റാണ 4 വിക്കറ്റുകള്‍ വീഴ്ത്തി. സയാലി, ദീപ്തി എന്നിവരും 2 വീതം വിക്കറ്റുകള്‍ സ്വന്തമാക്കി.

News Now

Summary

India Women cricket team: Harmanpreet Kaur's India are big win against the English women's team

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates