ഉന്നം മെഡലാകുമോ? 12 വര്‍ഷമായി ഇന്ത്യ കാത്തിരിക്കുന്നു

ഒളിംപിക്‌സ് ഷൂട്ടിങില്‍ ഇന്ത്യന്‍ പ്രതീക്ഷകളുമായി 21 താരങ്ങള്‍

Indian shooters aim
ഇന്ത്യന്‍ താരങ്ങള്‍ പരിശീലനത്തില്‍എക്സ്
Edited by :renjith.k
Last Updated :26 ജൂലൈ 2024, 3:25 pm IST

പാരിസ്: ഒളിംപിക്സില്‍ ഇന്ത്യ മെഡല്‍ പ്രതീക്ഷ പുലര്‍ത്തുന്ന വിഭാഗമാണ് ഷൂട്ടിങ്. 2004ല്‍ ഏഥന്‍സ് ഒളിംപിക്‌സില്‍ രാജ്യവര്‍ധന്‍ സിങ് റാഥോഡിലൂടെ വെള്ളിയും 2008ലെ ബെയ്ജിങ് ഒളിംപിക്‌സില്‍ അഭിനവ് ബിന്ദ്ര നേടിയ സ്വര്‍ണവും ഇന്ത്യ‍ന്‍ മുന്നേറ്റത്തിന്റെ ഗതി വേഗത്തെ അടയാളപ്പെടുത്തി.

ബിന്ദ്ര നേടിയ സ്വര്‍ണം വ്യക്തിഗത പോരാട്ടത്തില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന ആദ്യ ഒളിംപിക്‌സ് സ്വര്‍ണ മെഡലെന്ന സവിശേഷതയമുണ്ട്. 2012ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ ഗഗന്‍ നാരംഗ് നേടിയ വെങ്കലവും വിജയ് കുമാര്‍ നേടിയ വെള്ളിയുമാണ് ഇന്ത്യയുടെ അഭിമാനമായത്.

എന്നാല്‍ 2016, 2020 ഒളിംപിക്‌സുകളില്‍ ഇന്ത്യക്ക് ഷൂട്ടിങില്‍ ഒരു മെഡല്‍ പോലും നേടാന്‍ സാധിച്ചില്ല എന്നത് ശ്രദ്ധേയമാണ്. ഇത്തവണ ഷൂട്ടിങില്‍ വമ്പന്‍ പ്രതീക്ഷയാണ് ഇന്ത്യക്കുള്ളത്. 21 അംഗ സംഘമാണ് ഷൂട്ടിങില്‍ ഇന്ത്യക്കായി മെഡല്‍ ഉന്നം വെയ്ക്കുന്നത്. 12 വര്‍ഷത്തെ മെഡല്‍ വരള്‍ച്ചയ്ക്ക് വിരാമമിടാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും താരങ്ങള്‍ ഇന്ത്യക്കായി മത്സരിക്കാനിറങ്ങുന്നത്. 2020ലെ ടോക്യോ ഒളിംപിക്‌സില്‍ ഇന്ത്യക്കായി 15 താരങ്ങളാണ് മത്സരിച്ചത്. ഇത്തവണ 15 വിഭാഗങ്ങളിലാണ് 21 താരങ്ങള്‍ ഇന്ത്യക്കായി കളത്തിലെത്തുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മുന്‍ യൂത്ത് ഒളിംപിക്‌സ് ചാമ്പ്യന്‍ മനു ഭകറാണ് ഇന്ത്യയെ നയിക്കുന്നത്. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍, 25 മീറ്റര്‍ പിസ്റ്റള്‍ പോരാട്ടങ്ങളിലും 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മക്‌സഡ് ടീം ഇനത്തിലുമാണ് താരം മാറ്റുരയ്ക്കുന്നത്.

ഐശ്വരി പ്രതാപ് സിങ് തോമര്‍, അഞ്ജും മൗഡ്ഗില്‍, ഇലവനില്‍ വാലറിവന്‍ എന്നിവരും ടീമിലുണ്ട്. ഭാവി പ്രതീക്ഷയെന്നു വിലയിരുത്തപ്പെടുന്ന ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ സിഫ്റ്റ് കൗര്‍ സംറയും ടീമിലുണ്ട്. താരം വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനിലാണ് മത്സരിക്കുന്നത്.

19 കാരിയായ ഇഷ സിങാണ് ടീമിലെ മറ്റൊരു യുവ താരം. ഏഷ്യന്‍ ഗെയിംസില്‍ നാല് മെഡുലകള്‍ വാരിയാണ് താരം പാരിസിലെത്തുന്നത്.

നാളെ മുതലാണ് ഇന്ത്യയുടെ ഷൂട്ടിങ് പോരാട്ടങ്ങള്‍ തുടങ്ങുന്നത്. നാളെ രണ്ട് മെഡല്‍ പോരാട്ടങ്ങളുണ്ട്. 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്‌സഡ് ടീം സ്വര്‍ണം, വെങ്കലം പോരാട്ടങ്ങള്‍ നാളെ അരങ്ങേറും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now