ചരിത്രം കുറിച്ച് ഇന്ത്യന്‍ വനിതകള്‍; ഒളിംപിക്‌സ് ഹോക്കിയില്‍ സെമിയില്‍

ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ തോല്‍പ്പിച്ചത്

ഇന്ത്യന്‍ ടീമിന്റെ ആഹ്ലാദം / പിടിഐ ചിത്രം
Last Updated :20 January 2024, 8:47 am IST

ടോക്യോ : ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ചരിത്രനേട്ടം. ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ വനിതകള്‍ ഒളിംപിക്‌സ് ഹോക്കി സെമിഫൈനലില്‍ കടന്നു. ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. 

22-ാം മിനുട്ടില്‍ ഗുര്‍ജിത് കൗറാണ് ഇന്ത്യയുടെ വിജയഗോള്‍ നേടിയത്. ടൂര്‍ണമെന്റില്‍ അപരാജിത കുതിപ്പ് തുടര്‍ന്ന് ക്വാര്‍ട്ടറില്‍ കടന്ന, കരുത്തരായ ഓസ്‌ട്രേലിയയെയാണ് റാണി രാംപാലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ വനിതകള്‍ അട്ടിമറിച്ചത്. 

ഒളിംപിക്‌സ് ഹോക്കിയില്‍ മൂന്നു തവണ സ്വര്‍ണം നേടിയ ഓസ്‌ട്രേലിയ ലോകറാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തുള്ള ടീമാണ്. ഗോള്‍കീപ്പര്‍ സബിതയുടെ മികച്ച പ്രകടനവും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി. ചരിത്രത്തില്‍ മൂന്നാമത്തെ തവണയാണ് ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യന്‍ വനിതകള്‍ യോഗ്യത നേടുന്നത്. 1980 ല്‍ ഇന്ത്യന്‍ വനിതകള്‍ നാലാംസ്ഥാനത്തെത്തിയതാണ് മികച്ച നേട്ടം.

എന്നാല്‍ ഇന്ന് സെമിഫൈനല്‍ ഉണ്ടായിരുന്നില്ല. ആകെ ആറ് ടീമുകളായിരുന്നു മല്‍സരിച്ചത്. 12 ടീമുകള്‍ മല്‍സരിച്ച 2016 റിയോ ഒളിംപിക്‌സില്‍ ഇന്ത്യ 12 -ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ടൂര്‍ണമെന്റിലെ ആദ്യത്തെ മൂന്നു കളികളില്‍ നെതര്‍ലന്‍ഡ്‌സ്, ജര്‍മനി, നിലവിലുള്ള ചാംപ്യന്‍മാരായ ബ്രിട്ടന്‍ എന്നീ ടീമുകളോട് തോറ്റശേഷമാണ് ഇന്ത്യന്‍ വനിതകളുടെ ശക്തമായ തിരിച്ചുവരവ്. 

കഴിഞ്ഞദിവസം ഇന്ത്യന്‍ പുരുഷ ടീമും ഹോക്കി സെമിഫൈനലില്‍ കടന്നിരുന്നു. ക്വാര്‍ട്ടറില്‍ ബ്രിട്ടനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യന്‍ പുരുഷ ടീം പരാജയപ്പെടുത്തിയത്. 80ന് ശേഷം ആദ്യമായാണ് ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ഒളിംപിക്‌സ് സെമിഫൈനലില്‍ എത്തുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now