ദയനീയ തോൽവി ഏറ്റുവാങ്ങി രാജസ്ഥാൻ; ഗുജറാത്ത് ടൈറ്റൻസ് ജയം 9 വിക്കറ്റിന്

രാജസ്ഥാൻ ഉയർത്തിയ 119 റൺസ് വിജയലക്ഷ്യം ഗുജറാത്ത് ടൈറ്റൻസ് 13.5 ഓവറിൽ 1 വിക്കറ്റ് മാത്രം നഷ്ടത്തിൽ മറികടന്നു

ഗുജറാത്ത് ടൈറ്റൻസ് താരങ്ങളായ ശുഭ്മാൻ ഗില്ലും വൃദ്ധിമാൻ സാഹയും/ എഎൻഎ
Last Updated :20 January 2024, 9:20 am IST

ജയ്‌പൂർ: സ്വന്തം മൈതാനത്ത് 9 വിക്കറ്റിൻറെ ദയനീയ തോൽവി ഏറ്റുവാങ്ങി രാജസ്ഥാൻ റോയൽസ്. രാജസ്ഥാൻ ഉയർത്തിയ 119 റൺസ് വിജയലക്ഷ്യം ഗുജറാത്ത് ടൈറ്റൻസ് 13.5 ഓവറിൽ 1 വിക്കറ്റ് മാത്രം നഷ്ടത്തിൽ മറികടന്നു. 35 പന്തിൽ 36 നേടി ശുഭ്മാൻ ഗില്ലും 41* റൺസുമായി വൃദ്ധിമാൻ സാഹയും 39* റൺസുമായി ഹാർദിക് പാണ്ഡ്യയും ടൈറ്റൻസിന് ജയമൊരുക്കി. 37 പന്ത് ബാക്കിനിൽക്കെയായിരുന്നു ടൈറ്റൻസ് ജയം സ്വന്തമാക്കിയത്. 

ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാൻ 17.5 ഓവറിൽ 118 റൺസെടുത്തപ്പോൾ ഓൾഔട്ടായി. തുരുതുരാ വിക്കറ്റുകൾ വീണുതുടങ്ങിയതോടെ രാജസ്ഥാൻ ബാറ്റർമാർ ഒന്നിനുപിന്നാലെ ഒന്നായി ഡ്രസിംഗ് റൂമിലേക്ക് മടങ്ങി. 30 റൺസ് നേടിയ നായകൻ സഞ്ജു സാംസൺ ആണ് രാജസ്ഥാൻ നിരയിലെ ടോപ് സ്കോറർ. എട്ട് റൺസ് നേടി ജോസ് ബട്‌ലറും 14 റൺസുമായി യശസ്വി ജയ്‌സ്വാളും മടങ്ങി. മൂന്നാമനായി ഇറങ്ങിയ സഞ്ജു ആഞ്ഞടിച്ച് പ്രതീക്ഷ നൽകിയെങ്കിലും 20പന്തിൽ മൂന്ന് ഫോറും ഒരു സിക്‌സും ഉൾപ്പടെ 30റൺസ് മാത്രമാണ് സ്കോർബോർഡിൽ ചേർക്കാനായത്. ദേവ്‌ദത്ത് പടിക്കൽ 12 റൺസ്, രവിചന്ദ്രൻ അശ്വിൻ 2 റൺസ്, റിയാൻ പരാഗ് 4 റൺസ്, ഷിമ്രോൻ ഹെറ്റ്‌മെയർ 7 റൺസ്, ധ്രൂവ് ജൂരെൽ 9 റൺസ്, ട്രെൻഡ് ബോൾട്ട് 15 റൺസ്, ആദം സാംപ 7 റൺസ്, സന്ദീപ് ശർമ്മ 2* എന്നിങ്ങനെയായിരുന്നു മറ്റുതാരങ്ങളുടെ പ്രകടനം.
‌‌
ഗുജറാത്ത് ടൈറ്റൻസിനായി റാഷിദ് ഖാൻ മൂന്നും നൂർ അഹമ്മദ് രണ്ടും വിക്കറ്റുകൾ നേടി. ഹാർദിക് പാണ്ഡ്യയും പേസർമാരായ മുഹമ്മദ് ഷമി, ജോഷ്വ ലിറ്റിൽ എന്നിവർ ‌ഓരോ വിക്കറ്റും നേടി. ജയത്തോടെ 10 മത്സരങ്ങളിൽ നിന്ന് 14 പോയിൻറുമായി ഗുജറാത്ത് ടൈറ്റൻസ് ഒന്നാം സ്ഥാനത്ത് മൂന്ന് പോയിൻറിൻറെ ലീഡ് നേടി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now