News Now
കൊല്ക്കത്ത: ഐപിഎല്ലില് കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 205 റണ്സ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത കൊല്ക്കത്ത 20 ഓവറില് ഏഴ് വിക്കറ്റ് നഷ്ടത്തില് 204 റണ്സെടുത്തു. തകര്ന്നടിഞ്ഞ കൊല്ക്കത്തയെ ഓള്റൗണ്ടര് ശാര്ദുല് ഠാക്കൂര് ഒറ്റക്ക് തോളിലേറ്റിയതോടെയാണ് കൂറ്റന് സ്കോര് കണ്ടെത്താനായത്.
ഏഴാമതായി ക്രീസില് എത്തിയ ശാര്ദുല് 29 പന്തില് നിന്നും 68 റണ്സ് നേടി. ഇതില് 3 സിക്സറുകളും ഒന്പത് ഫോറും ഉള്പ്പെടുന്നു. ശാര്ദുലാണ് ടോപ്സ്കോറര്. അവസാന ഓവറുകളില് അടിച്ചു തകര്ത്ത റിങ്കു സിങ്ങും കൊല്ക്കത്തയ്ക്ക് വേണ്ടി തിളങ്ങി. ശാര്ദുലിന് പുറമേ അര്ധസെഞ്ചുറി നേടിയ ഓപ്പണര് റഹ്മാനുള്ള ഗുര്ബാസും മികച്ച പ്രകടനം പുറത്തെടുത്തു.
ടോസ് നേടിയ ആര്സിബി ആതിഥേയരായ കൊല്ക്കത്തയെ ബാറ്റിങിന് അയക്കുകയായിരുന്നു. റഹ്മാനുള്ള ഗുര്ബാസും വെങ്കടേഷ് അയ്യരും ചേര്ന്നാണ് ഇന്നിങ്സ് ഓപ്പണ് ചെയ്തത്. ഏഴ് പന്തില് വെറും മൂന്ന് റണ്സ് മാത്രമെടുത്ത വെങ്കടേഷിനെ നാലാം ഓവറില് തന്നെ ഡേവിഡ് വില്ലി ക്ലീന് ബൗള്ഡാക്കി. റീസ് ടോപ്ലിയ്ക്ക് പകരം അവസരം ലഭിച്ച വില്ലി തൊട്ടടുത്ത പന്തില് മൂന്നാമനായി ക്രീസിലെത്തിയ മന്ദീപ് സിങ്ങിനെയും ക്ലീന് ബൗള്ഡാക്കി കൊടുങ്കാറ്റായി.
പിന്നീട് വന്ന ക്യാപ്റ്റന് നായകന് നിതീഷ് റാണയ്ക്കും പിടിച്ചുനില്ക്കാനായില്ല. അഞ്ചുപന്തില് വെറും ഒരു റണ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം.ഒരു വശത്ത് വിക്കറ്റുകള് വീഴുമ്പോഴും റണ്റേറ്റ് കുറയാതെ ഗുര്ബാസ് തകര്ത്തടിച്ചു. വൈകാതെ ഗുര്ബാസ് അര്ധസെഞ്ചുറി കുറിച്ചു. 38 പന്തില് നിന്നാണ് ഗുര്ബാസ് അര്ധസെഞ്ചുറി നേടിയത്. അര്ധസെഞ്ച്വറിക്ക് പിന്നാലെ ഗുര്ബാസ് മടങ്ങി. പിന്നീട് ആന്ദ്രെ റസല് അത്ഭുതമൊന്നും കാണിച്ചില്ല. റസലിനെ വീരാട് പിടിച്ച് പുറത്താക്കിയപ്പോള് 5ന് 89 എന്ന നിലയിലായിരുന്നു കൊല്ക്കത്ത. 12.2 ഓവറില് ടീം സ്കോര് 100 കടന്നു.
റിങ്കു സിങ്ങിനെ കാഴ്ചക്കാരനാക്കി ശാര്ദുല് വാലറ്റത്ത് തകര്ത്തടിച്ചു. വെറും 22 പന്തില് ഇരുവരും ചേര്ന്ന് അര്ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്ത്തി.ആഞ്ഞടിച്ച ശാര്ദുല് വെറും 20 പന്തുകളില് നിന്ന് അര്ധസെഞ്ചുറി നേടി ആരാധകരെ വിസ്മയിപ്പിച്ചു. താരത്തിന്റെ ആദ്യ ഐ.പി.എല് അര്ധശതകമാണിത്. ശാര്ദുലിന്റെ ഒറ്റയാള് പോരാട്ടമാണ് കൊല്ക്കത്ത സ്കോര് 150 കടക്കാന് സഹായിച്ചത്.അവസാന ഓവറുകളില് റിങ്കു സിങ്ങും ശാര്ദുലും ടോപ് ഗിയറില് കുതിച്ചതോടെ കൊല്ക്കത്ത കൂറ്റന് സ്കോറിലേക്ക് നീങ്ങി.ബാംഗ്ലൂരിനായി ഡേവിഡ് വില്ലി നാലോവറില് വെറും 16 റണ്സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തപ്പോള് കരണ് ശര്മയും രണ്ട് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജ്, മിച്ചല് ബ്രേസ്വെല്, ഹര്ഷല് പട്ടേല് എന്നിവര് ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






