മലയാളി താരത്തിന്റെ തിരിച്ചു വരവിനെ കുറിച്ച് ഇന്ത്യന്‍ ബാറ്റിങ് കോച്ച്

Sanju Samson batting
Sanju SamsonSource by : x
Last Updated :13 March 2026, 12:32 pm IST

News Now

ന്യൂഡല്‍ഹി: ടി20 ലോകകപ്പ് പുരോഗമിക്കവേ ഒരു നിര്‍ണായക ഘട്ടത്തിലാണ് മലയാളി താരം സഞ്ജു സാംസണെ പ്ലെയിങ് ഇലവനിലേക്ക് കൊണ്ടു വരാന്‍ തീരുമാനിച്ചതെന്നു ഇന്ത്യന്‍ ബാറ്റിങ് പരിശീലകന്‍ സിതാംശു കൊട്ടക്. ഓഫ് സ്പിന്നര്‍മാര്‍ക്കെതിരെ ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ നിരന്തരം പരാജയപ്പെട്ടതാണ് സഞ്ജുവിന്റെ വരവിനു വഴി തുറന്നതെന്നു കൊട്ടക് വെളിപ്പെടുത്തി.

'ഗ്രൂപ്പ് റൗണ്ടില്‍ ഉള്‍പ്പെടെ നാല് മത്സരങ്ങളില്‍ ഇന്ത്യക്ക് ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് നഷ്ടമായി. ടോപ് ഓര്‍ഡിലെ ആദ്യ 3 പേര്‍ ഇടം കൈയന്‍മാരാണ് ഇന്ത്യയ്ക്ക്. എതിരാളികള്‍ ഓഫ് സ്പിന്നര്‍മാരെ വച്ചാണ് ഇത് വിജയകരമായി പൊളിച്ചത്. ഈ പ്രതിസന്ധി മറികടക്കാനാണ് സഞ്ജുവിനെ പ്ലെയിങ് ഇലവനിലേക്ക് കൊണ്ടു വന്നത്.'

'തുടരെ മൂന്ന് മത്സരങ്ങളില്‍ മിന്നും ഫോമില്‍ കളിച്ച് സഞ്ജു ടീമിന്റെ വിശ്വാസം കാത്തു. ആ പരീക്ഷണം ഇന്ത്യക്ക് ലോകകപ്പും സമ്മാനിച്ചു'- ഒരഭിമുഖത്തില്‍ ഇന്ത്യന്‍ ബാറ്റിങ് കോച്ച് പറഞ്ഞു.

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഒന്നാം വിക്കറ്റ് കീപ്പറായി ഉള്‍പ്പെട്ട സഞ്ജുവിനു പക്ഷേ ലോകകപ്പിനു തൊട്ടുമുന്‍പ് അരങ്ങേറിയ ന്യൂസിലന്‍ഡിനെതിരായ 5 ടി20 മത്സരങ്ങളില്‍ തിളങ്ങാനായില്ല. ഇതോടെ താരത്തിനു ഇലവനിലെ സ്ഥാനം തന്നെ നഷ്ടമായി. പിന്നീട് ഗ്രൂപ്പ് ഘട്ടത്തില്‍ നമീബിയക്കെതിരായ പോരാട്ടത്തില്‍ സ്ഥിരം ഓപ്പണര്‍ അഭിഷേക് ശര്‍മയ്ക്കു വയറിനു അസുഖം വന്നതോടെ സഞ്ജുവിനു ലോകകപ്പിലെ ആദ്യ അവസരം. മിന്നും തുടക്കമാണ് താരം അന്നു നല്‍കിയത്. എന്നാല്‍ പിന്നീട് വീണ്ടും ബഞ്ചില്‍.

ഒടുവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സൂപ്പര്‍ 8 പോരാട്ടത്തില്‍ ഇന്ത്യ ദയനീയ പരാജയമേറ്റതോടെ ടീമില്‍ അഴിച്ചു പണി വന്നു. റിങ്കുവിനെ മാറ്റി സഞ്ജുവിനെ ഇറക്കിയതോടെ കഥ മാറി, കളിയും. പിന്നീട് ഇന്ത്യ മികച്ച പ്രകടനമാണ് നടത്തിയത്. അതില്‍ തന്നെ സഞ്ജുവായിരുന്നു അവസാന മൂന്ന് കളികളിലെ ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ജീവന്‍മരണ പോരാട്ടത്തില്‍ 97 റണ്‍സ്, ഇംഗ്ലണ്ടിനെതിരായ സെമിയിലും ന്യൂസിലന്‍ഡിനെതിരായ ഫൈനലിലും സഞ്ജു 89 റണ്‍സ് വീതം അടിച്ച് വീണ്ടും ടീമിന്റെ ടോപ് സ്‌കോററായി.

5 കളിയില്‍ നിന്നു സഞ്ജു 321 റണ്‍സാണ് അടിച്ചു കൂട്ടിയത്. ഒരു ലോകകപ്പ് എഡിഷനില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് വിരാട് കോഹ്‌ലിയില്‍ നിന്നു സഞ്ജു സ്വന്തം പേരിലാക്കി. ലോകകപ്പിലെ മികച്ച താരമായും സഞ്ജു മാറി. ഐസിസിയുടെ ലോകകപ്പ് ഇലവനിലും ഓപ്പണര്‍ സഞ്ജു തന്നെയായിരുന്നു.

Summary

the reason behind bringing back Sanju Samson- Sitanshu Kotak, India men's batting coach, reflects on the 2026 T20 World Cup journey

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics