മുംബൈ ഇന്ത്യന്‍സുമായും പെഷവാര്‍ സാല്‍മിയുമായും കരാര്‍

Mumbai Indians Star Breaches PSL Contract To Join IPL
കോർബിൻ ബോഷ്Source by : എക്സ്
Last Updated :17 March 2025, 3:34 pm IST

News Now

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പോരാട്ടങ്ങള്‍ക്കിടെ തന്നെയാണ് പാകിസ്ഥാനും അവരുടെ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ രണ്ട് ലീഗുകളിലുമായി കരാറിലെത്തിയ താരങ്ങള്‍ വെട്ടിലായി. അത്തരമൊരു നിയമ കുരുക്കില്‍ പെട്ടിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ താരം കോര്‍ബിന്‍ ബോഷ്. താരത്തിനു പാക് ക്രിക്കറ്റ് ബോര്‍ഡ് ലീഗല്‍ നോട്ടീസ് അയച്ചതായാണ് പുറത്തു വരുന്ന വിവരങ്ങള്‍.

താരം ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി ഇത്തവണ കളിക്കാനായി കരാറിലെത്തിയിരുന്നു. പരിക്കേറ്റ് പുറത്തായ ലിസാഡ് വില്ല്യംസിനു പകരമാണ് താരം മുംബൈ ടീമിലെത്തിയത്. എന്നാല്‍ ബോഷിനു പിഎസ്എല്‍ ടീമുമായും കരാറുണ്ട്. പിഎസ്എല്ലില്‍ പെഷവാര്‍ സാല്‍മിയുമായാണ് താരം കരാറിലെത്തിയിരിക്കുന്നത്.

ഇതോടെ താരം ഐപിഎല്‍ കളിക്കാന്‍ തീരുമാനിച്ചു. പണവും പ്രശസ്തിയും പിഎസ്എല്ലിനേക്കാള്‍ ഐപിഎല്ലിനുണ്ട് എന്നതാണ് താരം മുംബൈ ഇന്ത്യന്‍സിനായി കളിക്കാനുള്ള തീരുമാനത്തിലെത്തിയത്. എന്നാല്‍ ബോഷിന്റെ തീരുമാനം പാക് ക്രിക്കറ്റ് ബോര്‍ഡിനെ ചൊടിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

പിഎസ്എല്ലില്‍ നിന്നു എന്തുകൊണ്ടു പിന്‍മാറുന്നു എന്നു വ്യക്തമാക്കണമെന്നു നോട്ടീസില്‍ പറയുന്നുണ്ട്. നിശ്ചിത സമയ പരിധിക്കുള്ളില്‍ താരം മറുപടി നല്‍കണമെന്നും നോട്ടീസിലുണ്ട്.

ചാംപ്യന്‍സ് ട്രോഫി, പാകിസ്ഥാന്‍ ടീമിന്റെ മറ്റ് അന്താരാഷ്ട്ര പോരാട്ടങ്ങള്‍ എന്നിവയെ തുടര്‍ന്ന് പിഎസ്എല്‍ മത്സരങ്ങള്‍ മാറ്റിയതോടെയാണ് ഇത്തവണ ഐപില്ലിനു സമാന്തരമായി ലീഗ് നടത്തേണ്ട അവസ്ഥയിലേക്ക് പാക് ബോര്‍ഡ് എത്തിയത്. ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളില്‍ നടത്തേണ്ട മത്സരങ്ങളാണ് ഇപ്പോള്‍ ഏപ്രില്‍- മാസത്തിലേക്ക് മാറ്റിയത്.

ഐപിഎല്‍ മെഗാ ലേലത്തില്‍ അണ്‍ സോള്‍ഡായ പല വിദേശ താരങ്ങളും പിന്നീട് പിഎസ്എല്ലുമായി കരാറിലെത്തിയിരുന്നു. അത്തരത്തിലാണ് ബോഷും പിഎസ്എല്‍ കളിക്കാന്‍ തീരുമാനിച്ചത്. അതിനിടെയാണ് മുംബൈ താരത്തെ പകരക്കാരനായി എത്തിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates