ഒളിംപിക്‌സിലും ലോകകപ്പിലും ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടിയ താരം

Oscar Schmidt Basketball Hall of Famer from Brazil dies
Oscar SchmidtSource by : x
Last Updated :18 April 2026, 8:01 am IST

News Now

സാവോ പോളോ: എക്കാലത്തേയും മികച്ച ബാസ്ക്കറ്റ് ബോൾ താരങ്ങളിലൊരാളും ബ്രസീൽ ഇതിഹാസവുമായ ഓസ്‌കാര്‍ ഷ്മിഡ് അന്തരിച്ചു. 68 വയസായിരുന്നു. ബ്രസീല്‍ ജനതയുടെ പ്രിയപ്പെട്ട 'വിശുദ്ധ കൈ' എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ബാസ്‌ക്കറ്റ്‌ബോള്‍ ഹാള്‍ ഓഫ് ഫെയ്മര്‍ കൂടിയാണ് അദ്ദേഹം.

അമേരിക്കയിലെ നാഷണല്‍ ബാസ്‌ക്കറ്റ്‌ബോള്‍ അസോസിയേഷന്‍ (എന്‍ബിഎ) പോരാട്ടങ്ങളില്‍ കളിക്കാതെ തന്നെ ലോകത്തെ ഏറ്റവും മികച്ച ബാസ്‌ക്കറ്റ്‌ബോള്‍ താരങ്ങളില്‍ ഒരാളായി പേരെടുത്ത താരമാണ് ഓസ്‌കാര്‍ ഷ്മിഡ്. 19 വര്‍ഷം ബ്രസീല്‍ ദേശീയ ടീമിനായി കളിച്ച അദ്ദേഹം ബാസ്‌ക്കറ്റ്‌ബോളിനു നല്‍കിയ സംഭാവന അതുല്യമാണ്. ലോകത്തെ ഏറ്റവും മികച്ച സ്‌കോറര്‍മാരില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം.

1987ല്‍ പാന്‍ അമേരിക്കന്‍ ഗെയിംസ് ഫൈനലില്‍ അമേരിക്കക്കെതിരെ ബ്രസീല്‍ നേടിയ ചരിത്ര വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത് ഓസ്‌കാറാണ്. തുടര്‍ച്ചയായി അഞ്ച് ഒളിംപിക്‌സുകളിലും നാല് ലോകകപ്പുകളിലും അദ്ദേഹം ബ്രസീലിനായി കളത്തിലിറങ്ങി. ഈ രണ്ട് ടൂര്‍ണമെന്റുകളിലും ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡ് ഇപ്പോഴും അദ്ദേഹത്തിന്റെ പേരിലാണ്. ഒളിംപിക് ചരിത്രത്തില്‍ 1,093 പോയിന്റുകളാണ് അദ്ദേഹം കളത്തില്‍ സ്വന്തമാക്കിയത്.

കരിയറിലാകെ 49,737 പോയിന്റുകള്‍ നേടിയ ഓസ്‌കാറിന്റെ പേരിലായിരുന്നു ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡ്. 2024ലാണ് ഈ റെക്കോര്‍ഡ് തകര്‍ക്കപ്പെട്ടത്. ലെബ്രോണ്‍ ജെയിംസാണ് ഈ റെക്കോര്‍ഡ് തിരുത്തിയത്.

1974 മുതല്‍ 2003 വരെ നീളുന്നതാണ് അദ്ദേഹത്തിന്റെ ഐതിഹാസിക കരിയര്‍. 2010ല്‍ എഫ്‌ഐബിഎ ഹാള്‍ ഓഫ് ഫെയ്മിലും 2013ല്‍ നൈസ്മിത് മെമോറിയല്‍ ബാസ്‌ക്കറ്റ്‌ബോള്‍ ഹാള്‍ ഓഫ് ഫെയ്മിലും അദ്ദേഹം ഉള്‍പ്പെട്ടു. 2003ല്‍ ബാസ്‌ക്കറ്റ് ബോള്‍ കരിയറിനു വിരാമമിട്ടു. പിന്നീട് ബ്രസീലിലെ അറിയപ്പെടുന്ന മോട്ടിവേഷന്‍ സ്പീക്കറായി അദ്ദേഹം മാറി.

Oscar Schmidt, the Basketball Hall of Famer known to his Brazilian compatriots as the 'Holy Hand', died Friday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates