43 റണ്‍സിനാണ് പാക് ടീം ഇന്ത്യയെ പരാജയപ്പെടുത്തിയത്

PAK Under-19 vs IND Under-19
ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തില്‍ നിന്ന്Source by : പിടിഐ
Last Updated :30 November 2024, 6:31 pm IST

News Now

ദുബായ്: അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് പോരാട്ടത്തില്‍ ഇന്ത്യയെ വീഴ്ത്തി പാകിസ്ഥാന്‍. 43 റണ്‍സിനാണ് പാക് അണ്ടര്‍ 19 ടീമിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ 281 റണ്‍സെടുത്തു. മറുപടി പറഞ്ഞ ഇന്ത്യയുടെ പോരാട്ടം 238 റണ്‍സില്‍ അവസാനിച്ചു. ടൂര്‍ണമെന്‍റില്‍ ഇന്ത്യയുടെ തുടക്കം തോല്‍വിയോടെയായി.

ബാറ്റര്‍മാരുടെ ഭാവനാശൂന്യതയാണ് ഇന്ത്യക്ക് തിരിച്ചടിയായത്. അര്‍ഘ സെഞ്ച്വറി നേടി പൊരുതി നിന്ന നിഖില്‍ കുമാര്‍, പത്താമനായി ക്രീസിലെത്തി വെടിക്കെട്ട് നടത്തിയ മുഹമ്മദ് ഇനാന്‍ എന്നിവരുടെ പോരാട്ടം മാറ്റി നിര്‍ത്തിയാല്‍ ഇന്ത്യക്ക് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല.

നിഖില്‍ കുമാര്‍ 77 പന്തില്‍ 3 സിക്‌സും 6 ഫോറും സഹിതം 67 റണ്‍സെടുത്തു. ഇനാന്‍ 22 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറും പറത്തി 30 റണ്‍സും കണ്ടെത്തി. 11ാം സ്ഥാനത്തിറങ്ങിയ യുധജിത് സിങും പൊരുതി. താരം പുറത്താകാതെ 13 റണ്‍സെടുത്തു. ഇരുവരും ചേര്‍ന്നാണ് ഇന്ത്യന്‍ സ്‌കോര്‍ 200 കടത്തിയത്.

പാകിസ്ഥാനായി അലി റാസ 3 വിക്കറ്റുകള്‍ സ്വന്തമാക്കി. അബ്ദുല്‍ സുബ്ഹാന്‍, ഫഹം ഉള്‍ ഹഖ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. നവീദ് അഹമദ് ഖാന്‍, ഉസ്മാന്‍ ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ടോസ് നേടി പാകിസ്ഥാന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍ ഷഹ്സൈബ് ഖാന്റെ സെഞ്ച്വറിയും സഹ ഓപ്പണര്‍ ഉസ്മാന്‍ ഖാന്റെ അര്‍ധ സെഞ്ച്വറിയുമാണ് പാക് ഇന്നിങ്സിനു ബലമായത്. ഇരുവരും ചേര്‍ന്നു ഒന്നാം വിക്കറ്റില്‍ 160 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്.

ഷഹ്സൈബ് 147 പന്തില്‍ 10 സിക്സും 5 ഫോറും സഹിതം 159 റണ്‍സ് അടിച്ചെടുത്തു. ഉസ്മാന്‍ 60 റണ്‍സും കണ്ടെത്തി. 27 റണ്‍സെടുത്ത മുഹമ്മദ് റയ്സുല്ലയാണ് പിടിച്ചു നിന്ന മറ്റൊരാള്‍. മറ്റാരും രണ്ടക്കം കടന്നില്ല.

ഇന്ത്യക്കായി സമര്‍ഥ് നാഗരാജ് 3 വിക്കറ്റുകള്‍ വീഴ്ത്തി. ആയുഷ് മാഹ്ത്രെ രണ്ട് വിക്കറ്റെടുത്തു. യുധജിത് ഗുഹ, കിരണ്‍ ചോര്‍മല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates