ജേസണ്‍ ഗില്ലസ്പി പാകിസ്ഥാന്‍ മുഖ്യ പരിശീലകന്‍; കേസ്റ്റന്റെ രാജി സ്വീകരിച്ചു

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള പരിശീലന ചുമതലയാണ് ഗില്ലസ്പിയ്ക്ക് നല്‍കിയത്

 Jason Gillespie
ജേസൺ ​ഗില്ലെസ്പി എക്സ്
Edited by :jayakumarna
Last Updated :28 ഒക്ടോബർ 2024, 3:23 pm IST

ലാഹോര്‍: പാകിസ്ഥാന്‍ ടി 20, ഏകദിന ക്രിക്കറ്റ് ടീം പരിശീലകനായി ഓസ്‌ട്രേലിയന്‍ മുന്‍ പേസര്‍ ജേസണ്‍ ഗില്ലസ്പിയെ നിയമിച്ചു. ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള പരിശീലന ചുമതലയാണ് ഗില്ലസ്പിയ്ക്ക് നല്‍കിയത്. ക്രിക്കറ്റ് ബോര്‍ഡുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്ന് പരിശീലകനായിരുന്ന ഗാരി കേസ്റ്റന്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് ഗില്ലസ്പിയെ നിയമിച്ചത്.

നിലവില്‍ പാകിസ്ഥാന്‍ ടെസ്റ്റ് ടീം പരിശീലകനാണ് ഗില്ലസ്പി. നവംബർ നാലിനാണ് പാകിസ്ഥാന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ മത്സരങ്ങള്‍ക്ക് തുടക്കമാകുന്നത്. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി 20 മത്സരങ്ങളുമാണ് ഓസീസിനെതിരെ പാകിസ്ഥാന്‍ കളിക്കുക. പാകിസ്ഥാന്‍ ടി 20, ഏകദിന ടീമുകളുടെ ക്യാപ്റ്റനായി മുഹമ്മദ് റിസ്‌വാനെ നിയമിച്ചിരുന്നു. സല്‍മാന്‍ ആഗയാണ് വൈസ് ക്യാപ്റ്റന്‍.

വലംകൈയ്യന്‍ ഫാസ്റ്റ് ബൗളറായ ജേസന്‍ ഗില്ലസ്പി മികച്ച ലോവര്‍ ഓര്‍ഡര്‍ ബാറ്റര്‍ കൂടിയായിരുന്നു. 2003 ക്രിക്കറ്റ് ലോകകപ്പ് നേടിയ ഓസ്ട്രേലിയന്‍ ടീമിന്റെ ഭാഗമായിരുന്നു ഗില്ലെസ്പി. അവസാന ടെസ്റ്റ് മത്സരത്തില്‍ ഗില്ലസ്പി പുറത്താകാതെ 201 റണ്‍സ് നേടിയത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു നൈറ്റ് വാച്ച്മാന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണ്.

വരാനിരിക്കുന്ന ഓസ്‌ട്രേലിയ, സിംബാബ്‌വെ ടീമുകള്‍ക്കെതിരായ പരിമിത ഓവര്‍ പരമ്പരകള്‍ക്കുള്ള ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ബോര്‍ഡും ​ഗാരി കേസ്റ്റനും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായത്. കേസ്റ്റന്‍ ടീമില്‍ നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ വരുത്താന്‍ പിസിബി തയ്യാറാകാതിരുന്നതോടെയാണ് ബന്ധം വഷളായത്. തുടർന്ന് കേസ്റ്റൻ രാജി നൽകി. രാജി അം​ഗീകരിച്ചതായി പാക് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കുകയും ചെയ്തു.

ജൂണിൽ നടന്ന ടി 20 ലോകകപ്പിന് മുമ്പായാണ് ​കേസ്റ്റൻ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി ചുമതലയേറ്റത്. എന്നാൽ ​ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പാകിസ്ഥാൻ ടൂർണമെന്റിൽ നിന്ന് പുറത്തായിരുന്നു. ടീമിൽ താരങ്ങൾ ​ഗ്രൂപ്പ് തിരി‍ഞ്ഞിരിക്കുകയാണെന്നും ഇതുപോലെ ഒരു ടീമിനെ കണ്ടിട്ടില്ലെന്നും തോൽവിക്ക് പിന്നാലെ കേസ്റ്റൻ തുറന്നടിച്ചിരുന്നു. 2007 മുതൽ 2011 വരെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായിരുന്നു ​ദക്ഷിണാഫ്രിക്കൻ മുൻ താരമായ ഗാരി കേസ്റ്റൻ. 2011ൽ ഇന്ത്യ ഏകദിന ലോകകപ്പ് നേടിയത് ​ഗാരി കിർസ്റ്റന്റെ കീഴിലായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now