
'നന്ദി... സോറി, ഞാൻ തയ്യാറല്ല'; ഇറ്റലിയോട് ഗ്വാർഡിയോള പറഞ്ഞു... 'നോ'!
കാർലോ ആഞ്ചലോട്ടിയും നിരസിച്ചു

മാഡ്രിഡ്: കഴിഞ്ഞ മൂന്ന് ലോകകപ്പുകളിലേക്ക് യോഗ്യത പോലും നേടാതെ നട്ടംതിരിയുന്ന ഇറ്റാലിയൻ ഫുട്ബോളിനെ രക്ഷിക്കാനുള്ള നിയോഗം ആർക്ക്? വിഖ്യാത പരിശീലകൻ പെപ് ഗ്വാർഡിയോളയെ മുഖ്യ കോച്ചായി എത്തിക്കാനുള്ള ഇറ്റലിയുടെ ശ്രമം പരാജയപ്പെട്ടു. സ്ഥാനം ഏറ്റെടുക്കാൻ അദ്ദേഹം തയ്യാറായില്ല. മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലക സ്ഥാനം ഒഴിഞ്ഞ് നിലവിൽ സ്വതന്ത്രനായി നിൽക്കുകയാണ് ഗ്വാർഡിയോള.
2018, 2022, 2026 വർഷങ്ങളിലെ ലോകകപ്പ് പോരാട്ടങ്ങളിൽ ഇറ്റലിക്ക് യോഗ്യത പോലും നേടാൻ സാധിക്കാതെ വന്നതോടെയാണ് ഉടച്ചു വാർക്കാനുള്ള ആളെ തേടി ഇറ്റലി അലയുന്നത്. പെപ്പിനെ പോലെ ലോക ഫുട്ബോളിൽ ഐതിഹാസിക ചരിത്രമെഴുതിയ ഒരു പരിശീലകനെയാണ് ഇറ്റലി തേടിയത്. അദ്ദേഹം അതിനു യോജിച്ച ആളാണെന്നു അവർക്ക് ഉറപ്പുണ്ടായിരുന്നു. പക്ഷേ സ്ഥാനം ഏൽക്കാൻ അദ്ദേഹം ഒരുക്കമായില്ല. മുൻ നായകനും ഇതിഹാസ താരവുമായ പോളോ മൾഡീനിയാണ് ഗ്വാർഡിയോളയെ എത്തിക്കാൻ മുന്നിൽ നിന്നത്. സമീപ ദിവസമാണ് അദ്ദേഹം ഇറ്റാലിയൻ ടീമിന്റെ ഉടച്ചു വാർക്കൽ പദ്ധതിയുടെ സുപ്രധാന സ്ഥാനത്തെത്തിയത്.
മുൻ ബാഴ്സലോണ, ബയേൺ മ്യൂണിക്ക്, മാഞ്ചസ്റ്റർ സിറ്റി പരിശീലകനായ ഗ്വാർഡിയോള കഴിഞ്ഞ 10 വർഷമായി സിറ്റിയുടെ ഡഗൗട്ടിലായിരുന്നു തന്ത്രം മെനഞ്ഞത്. അവരെ ചരിത്രത്തിലാദ്യമായി ചാംപ്യൻസ് ലീഗ് കിരീട നേട്ടത്തിലേക്കടക്കം നയിച്ച് ഒട്ടേറെ നേട്ടങ്ങളുമായാണ് ഇക്കഴിഞ്ഞ സീസണോടെ പടിയിറങ്ങിയത്. സിറ്റിയുടെ ചരിത്രത്തിലെ തന്നെ അവിസ്മരണീയ റെക്കോർഡ് സൃഷ്ടിച്ചാണ് പെപിന്റെ മടക്കം. നേരത്തെ ബാഴ്സലോണയിലും ഐതിഹാസിക ചരിത്രങ്ങൾ എഴുതിയ ആൾ കൂടിയാണ് പെപ്. ജർമനിയിൽ ബയേണിനൊപ്പവും ഇടക്കാലത്ത് അദ്ദേഹം പ്രവർത്തിച്ചു. ചാംപ്യൻസ് ലീഗ് നേട്ടമില്ലെങ്കിലും അവിടെയും ബുണ്ടസ് ലീഗയടക്കം കിരീടങ്ങളുണ്ട്. ദേശീയ ടീമിനെ പരിശീലിപ്പിക്കാനുള്ള ആഗ്രഹമുള്ള ആൾ കൂടിയാണ് പെപ് ഗ്വാർഡിയോള. ഇതാണ് ഇറ്റലിക്ക് പ്രതീക്ഷ നൽകിയ ഘടകം.
WHAT TO READ NEXT

'ആഷസ്' ടെസ്റ്റ് പോരാട്ടം ഇന്ത്യയിൽ?
കഴിഞ്ഞ ദിവസം അവസാനിച്ച ഫിഫ ലോകകപ്പിന്റെ ചരിത്രമെഴുതിയ അധ്യായത്തിൽ യോഗ്യത നേടാൻ ഇറ്റലിക്ക് സാധിച്ചിരുന്നില്ല. മുൻ താരം കൂടിയായ ഗന്നാരോ ഗട്ടുസോ ആയിരുന്നു ആ സമയത്ത് ടീമിന്റെ പരിശീലകൻ. പിന്നാലെ അദ്ദേഹം സ്ഥാനമൊഴിഞ്ഞതോടെയാണ് ഏപ്രിൽ മുതൽ പുതിയ പരിശീലകനായി ഇറ്റലി ശ്രമം തുടങ്ങിയത്.
സിറ്റിയിൽ നിന്നിറങ്ങിയ ഗ്വാർഡിയോള പരിശീലക രംഗത്തു നിന്നു ഇടവേളയെടുക്കാനുള്ള ഒരുക്കത്തിലാണെന്നു ഇറ്റാലിയൻ ഫെഡറേഷനെ അറിയിച്ചു. ഇതോടെയാണ് വഴിയടഞ്ഞത്. നേരത്തെ തന്നെ അദ്ദേഹം വിശ്രമിക്കാനുള്ള ഒരുക്കത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. ഇടവേളയെന്ന തീരുമാനത്തിൽ അദ്ദേഹം ഉറച്ചു നിന്നു. ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷന്റെ താത്പര്യത്തെ മാനിക്കുന്നതായി വ്യക്തമാക്കിയ 55കാരൻ അവർക്ക് നന്ദിയും അറിയിച്ചു. നിലവിൽ പരിശീലക റോളിലേക്ക് തിരിച്ചെത്താൻ താൻ സജ്ജനല്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
'വളരെയധികം നന്ദിയുണ്ട്. എനിക്കിത് വലിയ ബഹുമതിയാണ്. എന്നാൽ ഈ ഘട്ടത്തിൽ സ്ഥാനം ഏറ്റെടുക്കാൻ പൂർണ സജ്ജനല്ലെന്നാണ് എനിക്കു തോന്നുന്നത്. ഒരു കാര്യം ഏറ്റെടുത്താൽ അത് 100 ശതമാനം സമർപ്പണത്തോടെ മാത്രമേ ഞാൻ ചെയ്യു'- ഗ്വാർഡിയോള വ്യക്തമാക്കി.
ആഞ്ചലോട്ടിയെ നോക്കി പക്ഷേ...
ഗ്വാർഡിയോളയ്ക്കു മുൻപ് ഇറ്റലി നിലവിലെ ബ്രസീൽ കോച്ച് കാർലോ ആഞ്ചലോട്ടിയെ സമീപിച്ചിരുന്നുവെന്നു പോളോ മൾഡീനി വെളിപ്പെടുത്തി. എന്നാൽ അദ്ദേഹം തങ്ങളുടെ ഓഫർ നിരസിച്ചതായി മൾഡീനി പറഞ്ഞു. മികച്ച പരിശീലകരെ തന്നെ തേടുന്നത് സ്വാഭവികമല്ലേയെന്നും മൾഡീനി ചോദിച്ചു. ഇറ്റാലിയൻ പരിശീലകനാണ് ആഞ്ചലോട്ടി.
'ശരിയാണ്. പെപ്പുമായി സംസാരിക്കുന്നതിനു മുൻപ് ഞങ്ങൾ കാർലോ ആഞ്ചലോട്ടിയോടു സംസാരിച്ചിരുന്നു. അത് രഹസ്യമല്ല. തുറന്നു പറയട്ടെ ലോകത്തിലെ ഏറ്റവും മികച്ചവർ എന്നു ഞങ്ങൾ കരുതുന്നവരിൽ നിന്നു തുടക്കം കുറിക്കുന്നത് ശരിയാണെന്നു തോന്നിയതിന്റെ ഭാഗമായാണ് അദ്ദേഹത്തെ ആദ്യം സമീപിച്ചത്'- മൾഡീനി വ്യക്തമാക്കി.
1990- 2000 കാലങ്ങളിൽ ഇറ്റാലിയൻ പ്രതിരോധ നിരയിലെ അതികായനായിരുന്നു മൾഡീനി. ഇറ്റാലിയൻ ടീമിന്റെ സാങ്കേതിക ഘടന പുനർനിർമിക്കുന്നതിനുള്ള വലിയ ചുമതലയാണ് അദ്ദേഹത്തിനു ഫെഡറേഷന്റെ പുതിയ പ്രസിഡന്റ് ജോവാനി മാലാഗോ നിലവിൽ നൽകിയിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് പരിശീലകരെ സമീപിക്കുന്നത്.
പുതിയ പരിശീലകൻ ആരായാലും അവരെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികളാണ്. സീനിയർ, യൂത്ത് ടീമുകളിലും പരിശീലന രീതികളും കളിക്കാരുടെ വികാസവും പൂർണമായി പരിഷ്കരിക്കാൻ കെൽപ്പുള്ള ദീർഘ കാഴ്ചപ്പാടുള്ള ആളെയാണ് ഇറ്റലി തേടുന്നത്.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Despite discussions with the Italian Football Federation, Pep Guardiola chose to stick to his original plan to take a break from management
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




