ഹെയര്‍ ഡ്രയറും ട്രിമ്മറും അല്ല, ഷഹീന്‍ അഫ്രീദിക്ക് കിട്ടി 24 കാരറ്റ് സ്വര്‍ണം പൊതിഞ്ഞ ഐ ഫോണ്‍! (വിഡിയോ)

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ സമ്മാനങ്ങള്‍ വമ്പന്‍ ട്രോളുകള്‍ക്ക് ഇടയാക്കിയിരുന്നു. അതിനിടെയാണ് പാക് സൂപ്പര്‍ പേസര്‍ക്ക് വില പിടിപ്പുള്ള ഐ ഫോണ്‍ തന്നെ സമ്മാനമായി കിട്ടിയത്

PSL team gifts Shaheen Afridi 24k gold-plated iPhone 16 Pro
ഐ ഫോണുമായി ഷഹീൻ അഫ്രീദിവിഡിയോ സ്ക്രീൻ ഷോട്ട്
Edited by :renjith.k
Last Updated :21 ഏപ്രിൽ 2025, 6:09 pm IST

ലാഹോര്‍: ഹെയര്‍ ഡ്രയറും ട്രിമ്മറുമൊക്കെ സമ്മാനം നല്‍കി നാണംകെട്ട പാകിസ്ഥാന്‍ സൂപ്പര്‍ ലിഗില്‍ നിന്നു ഇതാ ഞെട്ടിക്കുന്ന ഒരു ഗിഫ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയായത്. ലാഹോര്‍ ക്വാലന്‍ഡേഴ്‌സ് ടീം അവരുടെ നായകന്‍ കൂടിയായ ഷഹീന്‍ ഷാ അഫ്രീദിക്ക് ടീം സമ്മാനിച്ചത് ഐ ഫോണ്‍. 24കാരറ്റ് സ്വര്‍ണ പ്ലേറ്റോടു കൂടിയ ഐ ഫോണ്‍ 16 പ്രോയാണ് നായകന് സമ്മാനം കിട്ടിയത്.

ഇതിന്റെ രസകരമായൊരു വീഡിയോ ടീം അവരുടെ ഔദ്യോഗിക എക്‌സ് പേജില്‍ പങ്കിട്ടു. ടീമിന്റെ ഈസ്റ്റര്‍ ആഘോഷങ്ങളുടെ ഭാഗമായാണ് സമ്മാനങ്ങള്‍ നല്‍കിയത്. താരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്ക് ടീം സമ്മാനം നല്‍കിയിട്ടുണ്ട്. ഈ കൂട്ടത്തില്‍ ഷഹീന്‍ ഷായ്ക്കാണ് അപ്രതീക്ഷിത നേട്ടം സ്വന്തമായത്.

താരത്ത ഗ്രൗണ്ടില്‍ നിര്‍ത്തിയാണ് സഹ താരങ്ങളും ടീം അധികൃതരും ഐ ഫോണ്‍ നല്‍കിയത്. ഒരു ബാക്ക്പാക്കില്‍ നിന്നു ആദ്യം ഒരു ഐ ഫോണിന്റെ പായ്ക്കറ്റാണ് പുറത്തെടുത്തത്. എന്നാല്‍ ഇതിലൊന്നുമുണ്ടായിരുന്നില്ല.

പിന്നാലെയാണ് ഗിഫ്റ്റായി പൊതിഞ്ഞ പാക്കറ്റ് അഫ്രീദിക്ക് കൈമാറിയത്. സഹ താരങ്ങളുടെ സാന്നിധ്യത്തില്‍ താരം ഇതു തുറന്നപ്പോഴാണ് പെട്ടിയില്‍ സ്വര്‍ണ പ്ലേറ്റോടു കൂടിയ ഐ ഫോണ്‍ ആണെന്നു മനസിലായത്. ഇംഗ്ലണ്ട് താരം സാം ബില്ലിങ്‌സിനു ഇതു കണ്ടതിന്റെ അമ്പരപ്പ് മാറുന്നുണ്ടായിരുന്നില്ല. പാക് താരം ഹാരിസ് റൗഫ് ടീം ക്യാപ്റ്റനു മാത്രം ഐ ഫോണ്‍ നല്‍കിയത് അന്യായമാണെന്നു പറയുന്നതും വിഡിയോയിലുണ്ട്.

അതിനിടെ അഫ്രീദി ടീമിന്റെ ഓഫീഷ്യല്‍സില്‍ ഒരാള്‍ക്ക് സമ്മാന പെട്ട് നല്‍കി മടങ്ങുന്നതും അതിനിടെ മറ്റൊരു താരം ഈ പെട്ടി തട്ടിപ്പറിച്ച് ഓടുന്നതും വിഡിയോയില്‍ കാണാം.

പിഎസ്എല്ലില്‍ നിലവില്‍ മികച്ച പ്രകടനമാണ് ലാഹോര്‍ നടത്തുന്നത്. മൂന്ന് കളിയില്‍ രണ്ട് ജയങ്ങളുമായി അവര്‍ പട്ടികയില്‍ രണ്ടാമതുണ്ട്.

നേരത്തെ മികച്ച പ്രകടനം നടത്തിയതിനു ഇംഗ്ലീഷ് താരം ജെയിംസ് വിന്‍സിനു സമ്മാനമായി ഹെയര്‍ ഡ്രയര്‍ കിട്ടിയതോടെയാണ് പാക് ലീഗിലെ സമ്മാനങ്ങള്‍ ട്രോള്‍ വിഷയമായി മാറിയത്. പിന്നാലെ പാക് താരം അന്‍വര്‍ അലിക്കു ഫിറ്റ്‌നസ് ബാന്‍ഡ് കിട്ടിയതും വൈറലായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now