തിരുവോണം ബംപര്‍ ഷെയര്‍ ഇട്ടാണോ വാങ്ങിയത്?; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ 30 കോടി രൂപ അടിച്ചാലും പണികിട്ടാം!

ഒന്നിലധികംപേര്‍ ചേര്‍ന്ന് എടുത്ത ടിക്കറ്റിന് സമ്മാനം ലഭിച്ച ശേഷം ഒരാള്‍ മാത്രം ലോട്ടറി വകുപ്പില്‍ നിന്നും മുഴുവന്‍ തുകയും കൈപ്പറ്റി പിന്നീട് മറ്റുള്ളവര്‍ക്ക് വീതിച്ചുനല്‍കുന്നത് നികുതി പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കാമെന്ന് വിദഗ്ധര്‍

onam bumper
Onam Bumperfile
Edited by :Dhanoj AM
Last Updated :26 സെപ്റ്റംബർ 2026, 12:38 pm IST

തിരുവോണം ബംപര്‍ ലോട്ടറി ടിക്കറ്റ് ഷെയര്‍ ഇട്ട് എടുക്കുന്നത് ഇന്ന് പതിവാണ്. ഇത്തവണ ഒന്നാം സമ്മാനമായി നല്‍കുന്നത് 30 കോടി രൂപയാണ്. 500 രൂപയാണ് ടിക്കറ്റ് വില. കുറഞ്ഞ തുകയ്ക്ക് ഒന്നിലധികം പേര്‍ക്ക് ലോട്ടറിയില്‍ പങ്കാളിയാകാന്‍ കഴിയുന്നതിനൊപ്പം സമ്മാനം ലഭിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കാനുമാണ് പലരും ഇത്തരത്തില്‍ ഷെയര്‍ ഇട്ട് ടിക്കറ്റ് എടുക്കുന്നത്. എന്നാല്‍ ഇങ്ങനെ എടുക്കുന്ന ടിക്കറ്റിന് സമ്മാനം ലഭിച്ചുകഴിഞ്ഞാല്‍ നികുതി സംബന്ധിച്ച് കൃത്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ അധിക ബാധ്യത നേരിടേണ്ടിവന്നേക്കാം.

ഒന്നിലധികംപേര്‍ ചേര്‍ന്ന് എടുത്ത ടിക്കറ്റിന് സമ്മാനം ലഭിച്ച ശേഷം ഒരാള്‍ മാത്രം ലോട്ടറി വകുപ്പില്‍ നിന്നും മുഴുവന്‍ തുകയും കൈപ്പറ്റി പിന്നീട് മറ്റുള്ളവര്‍ക്ക് വീതിച്ചുനല്‍കുന്നത് നികുതി പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കാമെന്ന് വിദഗ്ധര്‍ പറയുന്നു. മുഴുവന്‍ സമ്മാനത്തുകയും ക്ലെയിം ചെയ്യുന്ന വ്യക്തിയുടെ പേരിലായിരിക്കും നികുതി ബാധ്യത കണക്കാക്കുക. മാത്രമല്ല മറ്റ് വ്യക്തികള്‍ക്ക് വീതംവച്ചുനല്‍കുന്ന തുക ഗിഫ്റ്റായും കണക്കാക്കപ്പെടാം. അടുത്ത ബന്ധുക്കളല്ലാത്തവരില്‍ നിന്ന് 50,000 രൂപയില്‍ കൂടുതലായി ലഭിക്കുന്ന തുകയ്ക്ക് സ്വീകരിക്കുന്ന വ്യക്തിയുടെ നികുതി സ്ലാബ് അനുസരിച്ച് നികുതി ബാധ്യത ഉണ്ടാകാം. സമ്മാനമായി നല്‍കുന്നത് വലിയ തുകയാണെങ്കില്‍ സര്‍ചാര്‍ജും സെസും ഉള്‍പ്പെടെയുള്ള അധിക നികുതികളും ബാധകമായേക്കാം. ഇതോടെ ഒരേ സമ്മാനത്തുകയ്ക്ക് രണ്ടുതവണ നികുതി നല്‍കേണ്ട സാഹചര്യം ഉണ്ടാകും.

നികുതി പ്രശ്‌നങ്ങള്‍ ഒഴിവാക്കാം

ഷെയര്‍ ഇട്ട് ടിക്കറ്റ് എടുക്കുമ്പോഴുള്ള നികുതി പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ടിക്കറ്റ് വാങ്ങുമ്പോള്‍ തന്നെ പങ്കാളിത്തം സംബന്ധിച്ച രേഖകള്‍ സൂക്ഷിക്കണം. കൂടാതെ സമ്മാനം ലഭിച്ചാല്‍ ജോയിന്റ് ഡിക്ലറേഷന്‍ ഫോം ലോട്ടറി വകുപ്പിന് നല്‍കുകയും ചെയ്യണം. സമ്മാനത്തിന് അവകാശമുള്ള എല്ലാവരുടെയും പേരും പാന്‍ കാര്‍ഡിന്റെ വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തണം. ഇങ്ങനെ ചെയ്താല്‍ ഓരോരുത്തരുടെയും വിഹിതത്തിന് അനുസരിച്ച് ടിഡിഎസ് കണക്കാക്കി തുക അനുവദിക്കാനാകും. ഓരോ പങ്കാളിക്കും ലഭിക്കുന്ന വിഹിതത്തിന് അനുസരിച്ച് സര്‍ചാര്‍ജ്, സെസ് തുടങ്ങിയ നികുതി ബാധ്യതകളും പ്രത്യേകം കണക്കാക്കപ്പെടും.

ഒന്നാം സമ്മാനം മുപ്പത് കോടിയാണെങ്കിലും ഒരു കോടിയെങ്കിലും അടിക്കണേ എന്ന് പ്രതീക്ഷിക്കുന്നവരും ധാരാളമാണ്. രണ്ടാം സമ്മാനമായ ഒരു കോടി രൂപ 20 പേര്‍ക്കാണ് ലഭിക്കുക. ഒരു കോടി സമ്മാനമായി ലഭിക്കുന്നയാള്‍ക്ക് ഏജന്‍സി കമ്മീഷന്‍, ടിഡിഎസ്, സര്‍ചാര്‍ജ്, സെസ് എന്നിവ കണക്കാക്കിയ ശേഷം ഏകദേശം 63 ലക്ഷം രൂപയാണ് കയ്യില്‍ കിട്ടുന്നത്. അതായത് 10 ലക്ഷം രൂപ ഏജന്‍സി കമ്മീഷനായി കുറയും. ശേഷിക്കുന്ന 90 ലക്ഷം രൂപയ്ക്ക് 27 ലക്ഷം രൂപ ടിഡിഎസും 2.7 ലക്ഷം രൂപ സര്‍ചാര്‍ജും നല്‍കണം. ഇതിന് പുറമെ 1,18,800 രൂപ സെസും ബാധകമാണ്. അതിനാല്‍, ഷെയറിട്ട് ലോട്ടറി എടുത്തവര്‍ സമ്മാനം ലഭിച്ചാല്‍ തുക കൈപ്പറ്റുന്നതിന് മുമ്പ് മറ്റുളളവരുടെ വിവരങ്ങളും നികുതി സംബന്ധമായ രേഖകളും കൃത്യമായി നല്‍കേണ്ടത് പ്രധാനമാണ്.

News Now

Summary

Did you buy the Thiruvonam Bumper ticket by sharing the cost?, If you don't pay attention to these details, big trouble

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates