കത്തിക്കയറി സഞ്ജു, ബട്‌ലര്‍, യശസ്വി; ഹൈദരാബാദ് താണ്ടണം കൂറ്റന്‍ ലക്ഷ്യം

ടോസ് നേടി ഹൈദരാബാദ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങിനിറങ്ങിയ രാജസ്ഥാന് സ്‌ഫോടനാത്മക തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്

സഞ്ജു സാംസൺ ബാറ്റിങിനിടെ/ പിടിഐ
Last Updated :20 January 2024, 9:18 am IST

ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ മികച്ച സ്‌കോര്‍ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഓപ്പണര്‍മാരായ ജോസ് ബട്‌ലര്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവരുടെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയുടെ മികവില്‍ അവര്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു. ഹൈദരാബാദിന് ജയിക്കാന്‍ 204 റണ്‍സ്. 

ടോസ് നേടി ഹൈദരാബാദ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങിനിറങ്ങിയ രാജസ്ഥാന് സ്‌ഫോടനാത്മക തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ഇരുവരും അതിവേഗം സ്‌കോര്‍ ഉയര്‍ത്തി. ബട്‌ലര്‍ പുറത്തായതിന് ശേഷം എത്തിയ സഞ്ജു സാംസണ്‍ തുടക്കത്തിലെ വേഗം കുറയാതെ ബാറ്റ് വീശിയതോടെ സ്‌കോര്‍ കുതിച്ചുയര്‍ന്നു.

സഞ്ജു 32 പന്തില്‍ നാല് സിക്‌സുകളും മൂന്ന് ഫോറും സഹിതം 55 റണ്‍സെടുത്ത് ടോപ് സ്‌കോററായി. ബട്‌ലര്‍ 37 പന്തില്‍ ഒന്‍പത് ഫോറുകള്‍ സഹിതം 54 റണ്‍സും യശസ്വി 22 പന്തില്‍ മൂന്ന് സിക്‌സും ഏഴ് ഫോറും സഹിതം 54 റണ്‍സും സ്വന്തമാക്കി.

പിന്നീടെത്തിയവരില്‍ ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ 16 പന്തില്‍ ഒരോ സിക്‌സും ഫോറും സഹിതം 22 റണ്‍സുമായി പുറത്താകാതെ നിന്ന് സ്‌കോര്‍ 200 കടത്തി. ഹെറ്റ്‌മെയര്‍ക്കൊപ്പം ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ ഒരു റണ്ണുമായി അശ്വിനായിരുന്നു ക്രീസില്‍. ദേവ്ദത്ത് പടിക്കല്‍ രണ്ട് റണ്ണും റിയാന്‍ പരാഗ് ഏഴ് റണ്‍സും എടുത്തു മടങ്ങി. 

ഹൈദരാബാദിനായി ഫസ്‌ലാഖ് ഫാറൂഖി, ടി നടരാജന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ഉമ്രാന്‍ മാലിക് ഒരു വിക്കറ്റെടുത്തു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now