ശ്രേയസിന്റെ പോരാട്ടം പാഴായി, തിരിച്ചടിച്ച് ബ്രൂക്കും സാള്‍ട്ടും; പരമ്പര കൈവിട്ട് ടീം ഇന്ത്യ, ഇംഗ്ലണ്ടിന് ചരിത്ര നേട്ടം

ഇന്ത്യ ഉയര്‍ത്തിയ 159 റണ്‍സ് വിജയലക്ഷ്യം, വെറും 13.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് മറികടന്നു

ഫില്‍ സാള്‍ട്ട്
ഇംഗ്ലണ്ടിന്റെ ഫില്‍ സാള്‍ട്ട് ബാറ്റിങ്ങിനിടെAFP
Edited by :ബിജീഷ് ബാലകൃഷ്ണൻ
Last Updated :10 ജൂലൈ 2026, 7:06 am IST

ബ്രിസ്റ്റോള്‍: ഇന്ത്യയ്‌ക്കെതിരായ നാലാം ടി20 മത്സരത്തില്‍ 9 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഒരു മത്സരം ബാക്കിനില്‍ക്കെ ഇംഗ്ലണ്ട് സ്വന്തമാക്കി. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴിലിറങ്ങിയ ഇന്ത്യന്‍ സംഘത്തിന് കനത്ത നിരാശ സമ്മാനിച്ചാണ് ഇംഗ്ലീഷ് പട കിരീടമുറപ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഉയര്‍ത്തിയ 159 റണ്‍സ് വിജയലക്ഷ്യം, വെറും 13.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് മറികടന്നു.

പുതിയ നായകന്‍ ശ്രേയസ് അയ്യര്‍ക്ക് കീഴില്‍ ഇന്ത്യ നേരിടുന്ന തുടര്‍ച്ചയായ രണ്ടാമത്തെ പരമ്പര നഷ്ടമാണിത്. ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചെങ്കിലും, പിന്നീടുള്ള മൂന്ന് മത്സരങ്ങളും തുടര്‍ച്ചയായി ജയിച്ചാണ് ഇംഗ്ലണ്ട് പരമ്പരയില്‍ മുത്തമിട്ടത്. ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് നേടുന്ന ആദ്യ ടി20 പരമ്പര വിജയം കൂടിയാണിത്. സ്‌കോര്‍: ഇന്ത്യ - 20 ഓവറില്‍ 158/7 (ശ്രേയസ് അയ്യര്‍ 80*), ഇംഗ്ലണ്ട് - 13.5 ഓവറില്‍ 159/1 (ഹാരി ബ്രൂക്ക് 79*, ഫില്‍ സാള്‍ട്ട് 59*). ശനിയാഴ്ച സതാംപ്ടണിലാണ് പരമ്പരയിലെ അവസാന മത്സരം.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സാണ് എടുത്തത്. ഒരു വശത്ത് വിക്കറ്റുകള്‍ ഒന്നിനുപുറകെ ഒന്നായി വീണപ്പോഴും 49 പന്തില്‍ പുറത്താകാതെ 80 റണ്‍സ് അടിച്ചുകൂട്ടിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് ഇന്ത്യയെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. യുവതാരം വൈഭവ് സൂര്യവംശി വീണ്ടും നിരാശപ്പെടുത്തി. ജോഫ്ര ആര്‍ച്ചറുടെ പന്തില്‍ സിക്‌സറും ഫോറും നേടി മികച്ച തുടക്കമിട്ടെങ്കിലും 10 പന്തില്‍ 15 റണ്‍സെടുത്ത് വൈഭവ് പുറത്തായി. ഇഷാന്‍ കിഷന്‍ (4), അഭിഷേക് ശര്‍മ്മ (16), ശിവം ദുബെ (22) എന്നിവര്‍ക്കും വലിയ സ്‌കോറുകള്‍ കണ്ടെത്താനായില്ല. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചറും ജോഷ് ടങ്ങും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ജോസ് ബട്ട്‌ലറെ (8) തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും, പിന്നീട് ക്രീസിലൊന്നിച്ച ക്യാപ്റ്റന്‍ ഹാരി ബ്രൂക്കും ഫില്‍ സാല്‍റ്റും ചേര്‍ന്ന് ഇന്ത്യന്‍ ബൗളിങ് നിരയെ അടിച്ചൊതുക്കി. 21 പന്തില്‍ അര്‍ധസെഞ്ച്വറി തികച്ച ഹാരി ബ്രൂക്ക് 35 പന്തില്‍ പുറത്താകാതെ 79 റണ്‍സ് വാരിക്കൂട്ടി. 42 പന്തില്‍ 59 റണ്‍സുമായി ഫില്‍ സാള്‍ട്ടും മികച്ച പിന്തുണ നല്‍കി. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഇംഗ്ലീഷ് ബാറ്റിങ് കോട്ട തകര്‍ക്കാന്‍ കഴിഞ്ഞില്ല. 37 പന്തുകള്‍ ബാക്കിയാക്കിയാണ് ആതിഥേയര്‍ ജയം പിടിച്ചത്.

News Now

Summary

Shreyas Iyer-Led India Suffer Another Disappointment, Lose Series To England

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates