ദ്രാവിഡ് 'യെസ്' പറഞ്ഞു, ​ഗില്ലിനെ ക്യാപ്റ്റനാക്കി!

ബിസിസിഐ രാഹുല്‍ ദ്രാവിഡിന്റെ അഭിപ്രായം തേടി

Shubman Gill Captaincy- BCCI consulted Rahul Dravid
ദ്രാവിഡും ​ഗില്ലും ഐപിഎല്ലിനിടെഎക്സ്
Edited by :renjith.k
Last Updated :25 മേയ് 2025, 6:30 pm IST

മുംബൈ: ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യന്‍ ടെസ്റ്റ് ടീം നായകനാക്കുന്ന കാര്യത്തില്‍ ഇതിഹാസ താരവും മുന്‍ ഇന്ത്യന്‍ പരിശീലകനുമായ രാഹുല്‍ ദ്രാവിഡിന്റെ അഭിപ്രായം ബിസിസിഐ തേടിയതായി വെളിപ്പെടുത്തല്‍. ദ്രാവിഡിന്റെ വിലയേറിയ അഭിപ്രായം കേട്ട ശേഷമാണ് സെലക്ടര്‍മാര്‍ ഗില്ലിനെ ക്യാപ്റ്റനാക്കിയത് എന്നാണ് പുറത്തു വന്ന വിവരം. ഇന്ത്യന്‍ ക്രിക്കറ്റിനോടടുത്ത വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ മുഖം പാടെ മാറ്റി കഴിഞ്ഞ ദിവസമാണ് ബിസിസിഐ പുതിയ സംഘത്തെ പ്രഖ്യാപിച്ചത്. ഗില്ലിന്റെ നേതൃത്വത്തിലുള്ള യുവ തലമുറയെയാണ് സെലക്ടര്‍മാര്‍ തിരഞ്ഞെടുത്തത്. രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ടെസ്റ്റ് വിരമിക്കല്‍ പ്രഖ്യാപിച്ചതോടെയാണ് ടീമിലെ തലമുറ മാറ്റം.

ഗില്ലിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് സെലക്ടര്‍മാര്‍ ദ്രാവിഡുമായി സംസാരിച്ചിരുന്നു. കൗമാര കാലം മുതല്‍ ഗില്ലിന്റെ മികവും പോരായ്മയും അടുത്തറിയുന്ന ആളാണ് ദ്രാവിഡ്. ഗില്ലിന്റെ നേതൃ മികവിനെക്കുറിച്ച് വളരെ പോസിറ്റിവായാണ് അദ്ദേഹം പ്രതികരിച്ചത്. അധികൃതര്‍ വ്യക്തമാക്കി.

ജൂനിയര്‍, സീനിയര്‍ തലങ്ങളില്‍ ഗില്ലിനെ പരിശീലിപ്പിച്ച ആളാണ് ദ്രാവിഡ്. 2018ല്‍ ഇന്ത്യ ദ്രാവഡിന്റെ കീഴില്‍ അണ്ടര്‍ 19 ലോകകപ്പ് നേടുമ്പോള്‍ ഗില്ലും അന്ന് ടീമിലുണ്ടായിരുന്നു. പിന്നീട് ദ്രാവിഡ് ഇന്ത്യന്‍ സീനിയര്‍ ടീം കോച്ചായപ്പോഴും ഗില്‍ ടീമിലെ സ്ഥിര സാന്നിധ്യമായി. എല്ലാ ഫോര്‍മാറ്റിലും ദ്രാവിഡിന്റെ കോച്ചിങില്‍ ഗില്‍ മികവോടെ ബാറ്റും വീശിയിരുന്നു.

ഇന്ത്യയുടെ 37ാം ടെസ്റ്റ് ക്യാപ്റ്റനായാണ് ഗില്‍ മാറിയത്. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളാടങ്ങിയ പരമ്പരയോടെയാണ് ഗില്‍ യുഗത്തിനു ആരംഭം കുറിക്കുന്നത്. ജൂണ്‍ 20 മുതലാണ് ടെസ്റ്റ് പോരാട്ടം തുടങ്ങുന്നത്.

News Now