
'ഇന്ത്യക്കെതിരെ കളിക്കണം, ഇല്ലെങ്കില്‍ കിട്ടും എട്ടിന്റെ പണി'! പാകിസ്ഥാനെ ആശങ്ക അറിയിച്ച് ശ്രീലങ്ക ക്രിക്കറ്റ്
കാത്തിരിക്കുന്നത് വന്‍ സാമ്പത്തിക പ്രത്യാഘാതങ്ങളെന്നു ഓര്‍മിപ്പിച്ച് കത്ത്

കൊളംബോ: ഇന്ത്യക്കെതിരായ ടി20 ലോകകപ്പ് പോരാട്ടത്തില്‍ നിന്നു പിന്മാറാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നു ശ്രീലങ്ക ക്രിക്കറ്റ് പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി ശ്രീലങ്ക ക്രിക്കറ്റ് പാക് ക്രിക്കറ്റ് ബോര്‍ഡിനു കത്തയച്ചതായും വിവരങ്ങള്‍.
ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും ആവശേകരമായ പോരാട്ടങ്ങളില്‍ ഒന്നാണ് എക്കാലവും ഇന്ത്യ- പാക് ക്രിക്കറ്റ് മത്സരങ്ങള്‍. ബ്ലോക്ക് ബസ്റ്റര്‍ പോരാട്ടം തങ്ങളുടെ മണ്ണില്‍ നടക്കുന്നത് ലങ്കയുടെ സാമ്പത്തിക രംഗത്തിനു ഗുണകരമാണ്. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് ലങ്ക തീരുമാനം പനഃപരിശോധിക്കണമെന്നു ഇപ്പോള്‍ പാകിസ്ഥാനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സമീപ ദിവസങ്ങളില്‍ ശ്രീലങ്ക ക്രിക്കറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി ചേര്‍ന്നു ഇക്കാര്യം ചര്‍ച്ച ചെയ്തതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. വിഷയത്തില്‍ തങ്ങള്‍ക്കുള്ള ആശങ്ക പാക് ക്രിക്കറ്റ് അധികാരികളോടു നേരിട്ട് അറിയിക്കാന്‍ ഈ യോഗത്തില്‍ ധാരണയായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ആഗോള ശ്രദ്ധ കിട്ടുന്ന ഇത്തരമൊരു പോരാട്ടത്തില്‍ നിന്നു പാകിസ്ഥാന് പിന്മാറുന്നത് ദൂരവ്യാപക സാമ്പത്തിക പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന ആശങ്കയാണ് ലങ്ക മുന്നോട്ടു വച്ചത്.
പ്രാദേശിക സാമ്പത്തിക ക്രയ വിക്രയങ്ങളെ മാത്രമല്ല മത്സരം ഉപേക്ഷിക്കുമ്പോള്‍ ബാധിക്കുന്നത്. ആതിഥേയ രാജ്യങ്ങളിലെ ക്രിക്കറ്റ് ബോര്‍ഡുകളേയും ഐസിസിയെ തന്നെയും ഇത് കാര്യമായി തന്നെ ബാധിക്കും. പരസ്യ, ബ്രോഡ്കാസ്റ്റിങ് കമ്പനികള്‍ക്കും മത്സരം നടക്കാത്ത സാഹചര്യം വലിയ തിരിച്ചടിയായി മാറും.
മാത്രമല്ല ശ്രീലങ്കയുടെ ടൂറിസത്തേയും ഇതു ബാധിക്കുമെന്നു ലങ്കന്‍ ബോര്‍ഡ് അയച്ച കത്തില്‍ വ്യക്തമാക്കുന്നു. വന്‍ ഹോട്ടലുകള്‍ ഈ പോരാട്ടം മുന്നില്‍ കണ്ട് മുറികളടക്കമുള്ളവ മുന്‍കൂര്‍ ബുക്കിങ് സ്വീകരിച്ചിട്ടുണ്ട്. വിമാന സര്‍വീസുകളും ഇത്തരത്തില്‍ മുന്‍കൂര്‍ പണം വാങ്ങിയ സാഹചര്യവും നിലവിലുണ്ട്.
ഹൈ വോള്‍ട്ടേജ് പോരാട്ടത്തിനായുള്ള മുഴുവന്‍ ടിക്കറ്റുകളും വിറ്റഴിയ്ക്കപ്പെട്ടതും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. വിദേശത്തുള്ള ആരാധകരടക്കമുള്ളവരുടെ വരവും ലങ്കന്‍ ബോര്‍ഡിന്റെ ആശങ്കയായി അവര്‍ അവതരിപ്പിക്കുന്നുണ്ട്.
പാകിസ്ഥാന് താരങ്ങള്‍ക്കും ഓഫീഷ്യല്‍സിനും പൂര്‍ണ സുരക്ഷയും കത്തില്‍ ലങ്ക വാഗ്ദാനം ചെയ്യുന്നു. ലങ്കന്‍ ക്രിക്കറ്റിനു മാത്രമല്ല ലങ്കന്‍ സര്‍ക്കാരിനും പാകിസ്ഥാന്റെ തീരുമാനം അങ്കലാപ്പിലാക്കിയിട്ടുണ്ട്. വലിയ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ മത്സരം ഉപേക്ഷിച്ചാല്‍ ഉണ്ടാകുമെന്നു അവര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട് കത്തില്‍. ടൂര്‍ണമെന്റിന്റെ വിജയകരമായ നടത്തിപ്പിനെ പോലും ചോദ്യം ചെയ്യുന്നതാണ് തീരുമാനമെന്നും ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന മറ്റെല്ലാ രാജ്യങ്ങളിലേയും ക്രിക്കറ്റ് ബോര്‍ഡുകളേയും വിഷയം ബാധിക്കുമെന്നും കത്തില്‍ അവര്‍ ചൂണ്ടിക്കാണിക്കുന്നു.
2009ല്‍ ലാഹോറില്‍ ശ്രീലങ്കന്‍ ടീം ബസിനു നേരെയുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്നു അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു പാകിസ്ഥാന് ഒറ്റപ്പെട്ടപ്പോള്‍ ശ്രീലങ്ക ക്രിക്കറ്റ് അവര്‍ക്കൊപ്പം നിന്ന കാര്യവും കത്തില്‍ സൂചിപ്പിക്കുന്നു. മറ്റ് രാജ്യങ്ങള്‍ പാക് മണ്ണില്‍ കളിക്കാന്‍ തയ്യാറാകാതിരുന്ന സന്ദര്‍ഭങ്ങളിലും പാകിസ്ഥാനിലേക്ക് പര്യടനം നടത്താനുള്ള സന്നദ്ധത ലങ്ക അറിയിച്ചിരുന്നു. പരസ്പര സഹകരണത്തിന്റെ പാതയിലേക്ക് പാക് ക്രിക്കറ്റ് വരുമെന്ന പ്രതീക്ഷയും പങ്കിട്ടാണ് കത്ത് അവസാനിക്കുന്നത്.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
T20 World Cup: Sri Lanka Cricket has reportedly urged the PCB to reconsider boycotting the India match
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




